തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു ചുരിദാര്‍ ധരിച്ചു കയറാമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് തീരുമാനമെന്നും എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. ചുരിദാറിനു മുകളില്‍ മുണ്ട് ധരിക്കണമെന്നതായിരുന്നു ആചാരം. പുതിയ തീരുമാനം ഭരണസമിതിയുടെയും വിവിധ ഭക്ത സംഘടനകളുടെയും നിലപാടിനു വിരുദ്ധമാണ്.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ ചുരിദാറിനു മീതേ മുണ്ടുടുക്കണമെന്ന ആചാരത്തിനെതിരെ തിരുവനന്തപുരം സ്വദേശിനി അഡ്വ. റിയ രാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശനം അനുവദിക്കണമെന്നും ചുരിദാറിനു മുകളില്‍ മുണ്ടു ചുറ്റുന്ന പതിവ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്കു നിവേദനം നല്‍കിയിരുന്നു. മാന്യമായ വേഷം ധരിക്കണമെന്നു മാത്രമേ ആചാരങ്ങളില്‍ പറയുന്നുള്ളൂ. ഇന്ന വേഷം തന്നെ ധരിക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഈ പരാതി ക്ഷേത്രഭരണസമിതി തള്ളിയതിനെത്തുര്‍ന്നാണ് കോടതിയെ റിയ സമീച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഇക്കാര്യം പരിശോധിക്കാന്‍ എക്‌സിക്യൂട്ടീവ് ഓഫിസറെ ചുമതലപ്പെടുത്തുകയായിരുന്നു.
ചുരിദാര്‍ ഹൈന്ദവമായ വസ്ത്രം അല്ലെന്നും അതുകൊണ്ടുതന്നെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് വാദിക്കുന്നത് അനാവശ്യമാണെന്നും വിവിധ ഭക്തസംഘടനകള്‍ പറയുന്നു. ജോലിക്ക് ഹാജരാകുന്ന പൊലീസ്, അഭിഭാഷകര്‍ തുടങ്ങിയ എല്ലാവര്‍ക്കും നിശ്ചിത വസ്ത്രമേ പാടുള്ളൂ എന്ന നിബന്ധനയുണ്ട്. വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കു യൂണിഫോം നിര്‍ബന്ധമാണ്. അങ്ങനെയിരിക്കെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മാത്രം കീഴ്വഴക്കം അനുസരിച്ചുള്ള വസ്ത്രം പാടില്ലെന്നു വാദിക്കുന്നത് എന്തിനാണെന്നും ഭക്തസംഘടനാ നേതാക്കള്‍ പറയുന്നു.
Post Your Comments