പട്യാല: കഴിഞ്ഞ ദിവസം ഉണ്ടായ നാഭാ ജയില്‍ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിനു കൂട്ടുനിന്ന അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് അടക്കം മൂന്ന് പേരെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് ബീം സിംഗ്, ജയില്‍ വാര്‍ഡന്‍ ജഗ്മീത് സിംഗ്, മധുരപലഹാര കച്ചവടക്കാരന്‍ തേജീന്ദര്‍ ശര്‍മ എന്നിവരാണ് പിടിയിലായത്.
പ്രേരണക്കുറ്റം, ഗൂഢാലോചന എന്നീ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ സഹായമൊരുക്കിയത് ബീം സിംഗ് ആണെന്നും, ബീമിന്റെ മൊബൈല്‍ കുറ്റവാളികള്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
നാഭാ ജയില്‍ ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒന്‍പത് ജയില്‍ ഉദ്യോഗസ്ഥരടക്കം 29 പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഇതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം ജയില്‍ ചാടിയ ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍മീന്ദര്‍ സിംഗ് മിന്റുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് പേരാണ് ജയിലില്‍ നിന്നും രക്ഷപ്പെട്ടത്.
Post Your Comments