
ന്യൂഡല്‍ഹി: രാജ്യത്തുനിന്നും കള്ളപ്പണത്തെ തുടച്ചുമാറ്റുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണത്തിനെതിരെ നിയമം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി വന്‍ നികുതിനിര്‍ദേശങ്ങളുമായാണ് കേന്ദ്രസര്‍ക്കാര്‍ ആദായനികുതിയ്ക്ക് നിയമഭേദഗതി കൊണ്ടുവരുന്നത്. ഉറവിടം വെളിപ്പെടുത്താന്‍ കഴിയാത്ത പണം നിയമപ്രകാരം നിക്ഷേപിക്കാന്‍, ഉയര്‍ന്ന ആദായനികുതി വ്യവസ്ഥകളോടെ ഒരു അവസരം കൂടി നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതനുസരിച്ച് 50% നികുതി നല്‍കി പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയില്‍ (ദരിദ്രക്ഷേമ പദ്ധതി) പണം നിക്ഷേപിക്കാം. 2017 ഏപ്രില്‍ ഒന്നുവരെ ഇതിനു സമയവും നല്‍കും.
ഈ അവസരവും പ്രയോജനപ്പെടുത്താതെ പൂഴ്ത്തിവച്ച പണം പിന്നീടു പിടിക്കപ്പെട്ടാല്‍ അതിന് 85% വരെ നികുതി നല്‍കേണ്ടിവരും. ഇതിനായി ആദായനികുതി നിയമത്തില്‍ ഭേദഗതികള്‍ വരുത്താനുള്ള ബില്‍ ലോക്‌സഭയില്‍ കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചു.
‘മണി ബില്‍’ ആയതിനാല്‍ ഇതു ലോക്‌സഭ അംഗീകരിച്ചാല്‍ മതി. രാജ്യസഭ പരിഗണിക്കണം എന്നേയുള്ളൂ. എന്നാല്‍, ഇതു പാസാക്കാന്‍ പ്രതിപക്ഷത്തിന്റെ കൂടി സഹകരണം തേടുന്നതിനു സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
കള്ളപ്പണത്തിനെതിരായ നടപടികളുടെ ആദ്യഘട്ടമായി, വരവില്‍ക്കവിഞ്ഞ സ്വത്ത് 45% നികുതി നല്‍കി വെളിപ്പെടുത്താന്‍ നേരത്തേ അവസരം നല്‍കിയിരുന്നു. സെപ്റ്റംബര്‍ 30 ആയിരുന്നു ഇതിന്റെ അവസാന തീയതി. പിന്നീടാണ് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയത്.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനുശേഷം ഇവ അനധികൃത മാര്‍ഗങ്ങളിലൂടെ മാറ്റിയെടുക്കാന്‍ പലരും ശ്രമിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിന് അവസരം നല്‍കാതെ സര്‍ക്കാര്‍തന്നെ കൂടുതല്‍ പിഴ ഈടാക്കി പണം വെളിപ്പെടുത്താന്‍ അവസരം നല്‍കണം എന്നു വ്യാപകമായ അഭിപ്രായം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇതുവഴി സര്‍ക്കാരിനു ജനക്ഷേമ പദ്ധതികളില്‍ ചെലവഴിക്കാന്‍ പണം ലഭിക്കുകയും ചെയ്യും.
ഗരീബ് കല്യാണ്‍ യോജന ബോണ്ടു വഴി കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ 50% നികുതി നല്‍കേണ്ടിവരും. ബില്ലില്‍ പറയുന്നതു 30 ശതമാനം നികുതിയും 10 ശതമാനം പിഴയും മുപ്പതു ശതമാനത്തിന്റെ 33 ശതമാനം സെസ്സും (ഇതു മൊത്തം തുകയുടെ 10 ശതമാനം വരും) ചുമത്തും എന്നാണ്. എല്ലാം കൂടി 50 ശതമാനം വരും.
ഗരീബ് കല്യാണ്‍ യോജന വഴി പ്രഖ്യാപിക്കുന്ന തുകയെക്കുറിച്ചു മറ്റു ചോദ്യങ്ങളൊന്നും ആദായനികുതി വകുപ്പ് ഉന്നയിക്കില്ല. ധന നികുതി, സിവില്‍ നിയമങ്ങള്‍, മറ്റു നികുതി നിയമങ്ങള്‍ എന്നിവയും ഇതിനു ബാധകമാവില്ല. ആദായനികുതി നിയമം 199 സി പ്രകാരം ഇങ്ങനെ വെളിപ്പെടുത്തുന്ന തുക ആ വര്‍ഷത്തെ മൊത്തം വരുമാനത്തിന്റെ കൂട്ടത്തില്‍പെടുത്തുകയുമില്ല. ഈ തുക വിദേശനാണയ കൈകാര്യ നിയമം (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്), പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട്, കള്ളപ്പണ നിയമം എന്നിവയുടെ പരിധിയില്‍നിന്ന് ഒഴിവാക്കില്ല.
ഡിസംബര്‍ 30 നു ശേഷം ആദായനികുതി വകുപ്പ് റെയ്ഡു നടത്തി കണക്കില്‍പെടാത്ത പണം കണ്ടുകെട്ടിയാല്‍ അതിന് 85 ശതമാനം വരെ നികുതി ഈടാക്കിയെന്നുവരാം. നിലവിലുള്ള 30 ശതമാനം നികുതിയുടെ സ്ഥാനത്ത് ഈ തുകയ്ക്ക് 60 ശതമാനം നികുതിയാണു ചുമത്തുക. കൂടാതെ നികുതിയുടെ 25 ശതമാനം സര്‍ച്ചാര്‍ജും ഈടാക്കും ഇതു 15 ശതമാനം വരും.
Post Your Comments