സൗദിഅറേബ്യ: യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന യമനില്‍ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ സൗദി അറേബ്യ ഭക്ഷണം വിതരണം ചെയ്യും. യമനില്‍ പത്ത്മില്ല്യണ്‍ ഡോളറിന്റെ ഭക്ഷ്യ വസ്തുക്കളാണ് സൗദി കിംഗ് സല്‍മാന്‍ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് സെന്റര്‍ വിതരണം ചെയ്യുക. ഇതുസംബന്ധിച്ച കരാര്‍ ഐക്യരാഷ്ട്ര സഭാ വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടിവ് ഡിറക്ടറുമായി ഒപ്പുവെച്ചു.
പോഷകാഹാരക്കുറവ് കൊണ്ടുണ്ടാകുന്ന രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനാണ് കരാര്‍ ഒപ്പുവെച്ചതെന്ന് സൗദി കിംഗ് സല്‍മാന്‍ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് സെന്റര്‍ ജനറല്‍ സൂപ്പര്‍ വൈസര്‍ ഡോ. അബ്ദുല്ല അല്‍ റബീഅ പ്രസ്താവനയില്‍ അറിയിച്ചു. ഇതിന്റെ പ്രയോജനം യമനിലെ ഹുദൈദ് പ്രവിശ്യയിലുളള 4.64 ലക്ഷം ജനങ്ങള്‍ക്ക് ലഭിക്കും. ഇവിടെ ആറു മാസം ഭക്ഷ്യ വസ്തുക്കള്‍ വിതരണം നടത്തും.
പോഷകാഹാരക്കുറവു മൂലം ദുരിതം നേരിടുന്ന അഞ്ചുവയസില്‍ താഴെ പ്രായമുളള കുട്ടികളെയാണ് ലക്ഷ്യംവെക്കുന്നതെന്നും ഡോ. അബ്ദുല്ല അല്‍ റബീഅ പറഞ്ഞു. അതിനിടെ സതാരി അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന 2137 സിറിയക്കാര്‍ക്ക് സൗദി സ്‌പെഷ്യലൈസ്ഡ് ക്ലിനിക് ചികിത്സ നല്‍കി. ജോര്‍ദാനിലെ അഭയാര്‍ഥി ക്യാമ്പില്‍ സൗദി അറേബ്യ ചികിത്സയും മരുന്നും ലഭ്യമാക്കുന്നുണ്ടെന്ന് ക്ലിനിക് ഡയറക്ടർ ഡോ. ഹാമിദ് അല്‍ മുസ്ഥഫ പറഞ്ഞു.
Post Your Comments