തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി നിയമിച്ച ഭരണ സമിതിയുടെ അടിയന്തര യോഗത്തില്‍ തീരുമാനമായി. ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. എന്‍ സതീഷിന്റെ തീരുമാനം നടപ്പാക്കാനാകില്ലെന്നും സമിതി വ്യക്തമാക്കി.
സമിതി അംഗങ്ങളായ മുന്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, വിജയകുമാര്‍, ക്ഷേത്രം തന്ത്രി പെരിയ നമ്പി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ കെ. എന്‍ സതീഷിന് ക്ഷണമുണ്ടായിരുന്നില്ല. ഭരണ സമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്ഥന്‍ മാത്രമാണ് എക്‌സിക്യൂട്ടീവ് ഓഫീസറെന്നും ക്ഷേത്രകാര്യങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാനുളള യാതൊരു അധികാരവും കെ.
എന്‍ സതീഷിനില്ലെന്നും ഭരണ സമിതി വിലയിരുത്തി. ഭരണ സമിതിയുടെ തീരുമാനം എക്‌സിക്യൂട്ടീവ് ഓഫീസറെ അറിയിക്കും.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങളുടെ സൗകര്യത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. കൊടിമരത്തിന്റെയും വിഗ്രഹത്തിന്റെയും കേടുപാടുകള്‍ തീര്‍ക്കല്‍, മേല്‍ക്കൂര നവീകരണം തുടങ്ങി നിരവധി കാര്യങ്ങള്‍ അടിയന്തരമായി ചെയ്തു തീര്‍ക്കേണ്ടതുള്ളപ്പോള്‍ ഇതൊന്നും പരിഹരിക്കാതെ വെറും പ്രചാരണത്തിനു വേണ്ടിയാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചുരിദാര്‍ വിവാദം കൊണ്ടുവന്നതെന്ന് ഭരണ സമിതിയില്‍ അഭിപ്രായമുണ്ടായി.
ഭരണ സമിതിയെയും ഭക്തജനങ്ങളെയും തമ്മില്‍ അകറ്റുന്നതിനു വേണ്ടിയുള്ള തന്ത്രമാണിതെന്ന് സമിതി വിലയിരുത്തി. എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്വന്തം നിലയ്ക്ക് എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്നും സമിതി വ്യക്തമാക്കി. ക്ഷേത്ര ജീവനക്കാര്‍ ഭരണസമിതിയുടെ തീരുമാനങ്ങളാണ് അനുസരിക്കേണ്ടതെന്നും സമിതി അറിയിച്ചു.
ആചാരം
Post Your Comments