ചെന്നൈ● മലപ്പുറം സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് അറസ്റ്റിലായ അല്‍-ഖ്വയ്ദ ഭീകരര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധി നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തല്‍. പോലീസിനെ ഉദ്ധരിച്ച് പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ വിദേശ എംബസികളും ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അല്‍-ഖ്വയ്ദ ഭീകരസംഘടനയുടെ ഇന്ത്യന്‍ ശാഖയായ ബേസ് മൂവ്മെന്റ് പ്രവര്‍ത്തകരായ മൂന്ന് പേരെ തമിഴ്നാട്ടിലെ മധുരയില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സിയും തമിഴ്നാട് പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കരീം, അസിഫ് സുല്‍ത്താന്‍ മൊഹമ്മദ്, അബ്ബാസ് അലി എന്നിവരാണ് പിടിയിലായത്. ഇവരെ ഇപ്പോള്‍ മൈസൂരുവിലേക്ക് കൊണ്ടുവന്നു കൊണ്ടിരിക്കുകയാണ്.
മൈസൂരു, ചിറ്റൂര്‍, കൊല്ലം, മലപ്പുറം, നെല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കോടതിവളപ്പില്‍ സ്ഫോടനം നടത്തിയ സംഘമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, രക്ഷപ്പെട്ട രണ്ട് അല്‍-ഖ്വയ്ദ ഭീകരരായ ഹക്കീം, ദാവൂദ് സുലൈമാന്‍ എന്നിവര്‍ക്കായി എന്‍.ഐ.എ സംഘം തെരച്ചില്‍ ശക്തമാക്കി.
Post Your Comments