KeralaNews

മലപ്പുറം കളക്ടര്‍ പദവി തെറിച്ചതിന്റെ കാരണം വ്യക്തമാക്കി ഷൈനാ മോള്‍

മലപ്പുറം: വിവാദങ്ങളുടെ തോഴിയാണ് കളക്ടര്‍ ഷൈനാ മോള്‍. കൊല്ലം കളക്ടര്‍ ആയിരുന്നപ്പോഴും ഇപ്പോള്‍ മലപ്പുറത്തും ഷൈനാമോള്‍   ജനപ്രതിനിധികളുടെ കണ്ണിലെ കരട് ആയത് എന്തുകൊണ്ടാണെന്നാണ് ചോദ്യം ഉയരുന്നത്. ഷൈന കൊല്ലം കളക്ടര്‍ ആയിരിക്കുമ്പോഴാണ് കൊല്ലം കളക്ട്രേറ്റില്‍ സ്‌ഫോടനം ഉണ്ടായത്. മലപ്പുറം കളക്ട്രേറ്റിലും സ്‌ഫോടനം ഉണ്ടായതും ഷൈന കളക്ടര്‍ സ്ഥാനം വഹിക്കുമ്പോഴാണ്. ഇതാണോ അവരെ കളക്ടര്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ കാരണം ? ഇതിനു മുന്‍പ് പുറ്റിങ്ങല്‍ ദുരന്തം ഉണ്ടായത് കളക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായ സുരക്ഷാവീഴ്ചയാണെന്ന് ഷൈനയുടെ നേര്‍ക്ക് ആരോപണം ഉയര്‍ന്നിരുന്നു. ഇതൊക്കെ കൊണ്ടാണോ ഷൈനാ മോളിനെ സര്‍ക്കാര്‍ മലപ്പുറം കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്? ഈ ചര്‍ച്ച കഴിഞ്ഞയാഴ്ച തുടങ്ങിയതാണ്. ജനപ്രതിനിധികളുടെ പരാതിയെ തുടര്‍ന്നാണ് മാറ്റമെന്നായിരുന്നു വിശദീകരണം. ഇപ്പോഴിതാ ജോലികള്‍ പൂര്‍ത്തിയാക്കി മലപ്പുറം വിടുമ്പോള്‍ ഷൈനാ മോള്‍ കുറിക്കുന്ന പോസ്റ്റില്‍ പരോക്ഷമായി എല്ലാത്തിനും ഉത്തരമുണ്ട്.
ഞാനിരിക്കുന്ന കസേര മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ഞാന്‍ തയാറാവില്ല എന്നൊരു ദു:സ്വഭാവം എനിക്കുണ്ട്. ഞാന്‍ ഏന്നും ഒരേ പാതയിലേ സഞ്ചരിച്ചിട്ടുള്ളൂവെന്നാണ് നന്മ നിറഞ്ഞ മലപ്പുറംകാര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നതിനിടെ ഷൈനാ മോള്‍ കുറിക്കുന്നത്.
അതായത് രാഷ്ട്രീയക്കാരുടെ താല്‍പ്പര്യ സംരക്ഷണത്തിന് കൂട്ടു നില്‍ക്കാത്തതാണ് തന്റെ സ്ഥലം മാറ്റത്തിന് കാരണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഏതായാലും കൊല്ലത്തെ ജനപ്രിയ നടപടികളിലൂടെ ശ്രദ്ധേയായി മലപ്പുറത്ത് എത്തിയ ഷൈനാ മോള്‍ താരമായിട്ടാണ് മടങ്ങുന്നത്.
ഷൈനാ മോളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ…
പ്രിയപ്പെട്ടവരെ…
മൂന്നു മാസത്തെ വളരെ ചുരുങ്ങിയ ഒരു കാലഘട്ടം ഈ ജില്ലയില്‍ ചിലവഴിച്ച് ഞാന്‍ മടങ്ങുന്നു. പ്രശസ്തരായ പല ഐ.എ.എസ് ഓഫീസര്‍മാരും റിട്ടയര്‍മെന്റിനു ശേഷവും സംതൃപ്തിയോടെ ഓര്‍മ്മിക്കാനിഷ്ടപ്പെടുന്ന മലപ്പുറത്ത് സേവനമനുഷ്ടിക്കാനായതില്‍ സന്തോഷമുണ്ട്. ഈ മൂന്നുമാസത്തിനുള്ളില്‍ ഏറെക്കുറെ മലപ്പുറത്തെ മനസിലാക്കി എന്ന് കരുതുന്നു….

ഒരു പക്ഷേ, നേരേ തിരിച്ചും. ജില്ലയില്‍ നടത്തിയ ‘ജില്ലാ ഭരണം ജനങ്ങളിലേക്കരികെ’ പരിപാടിയും,വരള്‍ച്ചയേയും നേരിടാനായി ‘അടുത്ത മഴ എന്റെ കിണറിലേക്ക്’ പദ്ധതിയും, സുരക്ഷിത ഹൈവേ പദ്ധതിയും ഡിസംബറില്‍ ആരംഭിക്കാനിരിക്കുന്ന തെരുവുനായ പ്രജനന നിയന്ത്രണ പരിപാടിയും ഏറെ പ്രതീക്ഷയുള്ള പദ്ധതികളാണ്.

അതിന് സഹകരണവും പിന്തുണയും നല്‍കിയ ഊദ്യോഗസ്ഥരോടും പൊതുജനങ്ങളോടും നന്ദിപറയുന്നു. സിവില്‍ സറ്റേഷന്‍ കോമ്പൗണ്ട് ക്ലീനിങ്ങില്‍ ഏല്ലാ ഓഫീസിലെ ഉദ്യോഗസ്ഥരും പങ്കെടുത്തതും എന്‍. എസ്.എസ്. വളണ്ടിയര്‍മാരും ക്ലബുകളും സഹകരിച്ചതും എല്ലാവരും കപ്പയും ചമ്മന്തിയും കഴിച്ച് പിരിഞ്ഞതും മലപ്പുറത്തെ ജീവിതത്തിലെ ചെറിയ ചില സന്തോഷങ്ങളില്‍ ഒന്നാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ പരാതി പറഞ്ഞത് സിവില്‍ സ്റ്റേഷനുള്‍പ്പെടെ പലയിടത്തും വാഹനങ്ങള്‍ കൂടിക്കിടക്കുന്നതിനെക്കുറിച്ചായിരുന്നു. താലൂക്ക് തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് അവയുടെ വിലനിര്‍ണയം പൂര്‍ത്തിയാക്കിവരുന്നു. അതിനു ശേഷം ലേലം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു. കുറച്ചു നാളുകള്‍ക്കകം അവ നീക്കം ചെയ്യപ്പെടും.

ഹിമാചല്‍ പ്രദേശ് കേഡറില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ കേരളത്തില്‍ വന്ന ഏനിക്ക് പ്രതീക്ഷിച്ചതിലധികം സ്‌നേഹവും പിന്തുണയും നിങ്ങളോരോരുത്തരും നല്‍കി. എന്നെ സംബന്ധിച്ചിടത്തോളം എത്രനാള്‍ ഒരു പോസ്റ്റില്‍ ഇരുന്നു എന്നതിനേക്കാള്‍ എങ്ങനെയായിരുന്നു ആ ഔദ്യോഗിക കാലഘട്ടം എന്നതാണ് മുഖ്യം. ഞാനിരിക്കുന്ന കസേര മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ഞാന്‍ തയാറാവില്ല എന്നൊരു ദു:സ്വഭാവം എനിക്കുണ്ട്. ഞാന്‍ ഏന്നും ഒരേ പാതയിലേ സഞ്ചരിച്ചിട്ടുള്ളൂ. ഒരു ഓഫീസര്‍ ഏന്ന നിലയില്‍ കൂടുതല്‍ ആത്മാഭിമാനത്തോടുകൂടെയും സംതൃപ്തിയോടെയുമാണ് മടങ്ങുന്നതും.

തുടങ്ങിവച്ച പദ്ധതികള്‍ പലതും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുന്നതില്‍ വിഷമമുണ്ടെങ്കിലും, നല്ലൊരു ഓഫീസറാണ് അടുത്ത കലക്ടറായി വരുന്നത് എന്നതില്‍ സന്തോഷമുണ്ട്.

ഹിമാചല്‍പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥയായ ഷൈനാമോള്‍ 2014 ഫെബ്രുവരിയിലാണു ഡെപ്യൂട്ടേഷനില്‍ കേരളത്തിലെത്തിയത്. ഹിമാചലില്‍ അസി. കമ്മീഷണര്‍ (ഡവലപ്‌മെന്റ്), സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്, അഡിഷനല്‍ ഡവലപ്‌മെന്റ് കമ്മിഷനര്‍, വ്യവസായ വകുപ്പ് അഡിഷനല്‍ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. എറണാകുളം ജില്ലയിലെ ആലുവ സ്വദേശിനിയാണ്. ആലുവ യു.സി. കോളജില്‍ നിന്നു സാമ്ബത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. പിതാവ് എസ്. അബു റിട്ട. ഹൈസ്‌കൂള്‍ അദ്ധ്യാപകനാണ്. പി.കെ. സുലൈഖയാണ് മാതാവ്.
ഐ.എ.എസ്. ഉദ്യോഗസ്ഥയായ സഹോദരി ഷൈല മുംബൈയില്‍ സെയില്‍സ് ടാക്‌സ് ജോയിന്റ് കമ്മീഷനറും ഐ.പി.എസ്. ഉദ്യോഗസ്ഥനായ സഹോദരന്‍ അക്ബര്‍ കേരളാ കേഡര്‍ ഉദ്യോഗസ്ഥനുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button