IndiaNews

വിദേശത്ത് കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പെന്‍ഷന്‍ പദ്ധതി : പ്രതിവര്‍ഷം അടയ്‌ക്കേണ്ടത് 6000 രൂപ

ന്യൂഡല്‍ഹി: പ്രവാസികള്‍ വിദേശ ജോലി മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയാലും ഒരു നിശ്ചിത തുക പെന്‍ഷനായി ലഭിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം. ഇതില്‍ വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്കും അംഗങ്ങളാകാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരമൊരുക്കിയത് അടുത്തിടെയാണ്. ഇതോടെ വന്‍ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിച്ചത്. ആയിരക്കണക്കിന് പ്രവാസികള്‍ ഇതില്‍ അംഗത്വമെടുത്ത് തങ്ങള്‍ക്ക് സാധ്യമാകുന്ന അംശാദായം പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്നു.

ഏറെ പ്രവാസികള്‍ ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങിയതോടെ കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈനിലൂടെ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാനും അവസരമൊരുക്കിയിട്ടുണ്ട്. നിര്‍ദിഷ്ട ഫോം ഡൗണ്‍ലോഡ് ചെയ്ത് അയച്ചുനല്‍കി അംഗത്വം നേടുന്നതിന് പുറമെ ഓണ്‍ലൈന്‍ വഴി ഇ-അപ്ലിക്കേഷന്‍ പൂരിപ്പിച്ചു നല്‍കി പണവും ഓണ്‍ലൈനായി അടച്ച് അംഗമാകാന്‍ അടുത്തിടെയാണ് കേന്ദ്രധനമന്ത്രാലയം സൗകര്യമൊരുക്കിയത്.

ദേശീയ പെന്‍ഷന്‍ പദ്ധതി പ്രവാസികള്‍ക്കും

നേരത്തേ മുതലേ രാജ്യത്ത് നടപ്പിലായ പദ്ധതിയാണെങ്കിലും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിരവധി ആകര്‍ഷകമായ സ്‌കീമുകളിലൂടെ ജനാകര്‍ഷകമാക്കിയതോടെ വന്‍ സ്വീകാര്യത കൈവന്ന പദ്ധതിയാണ് ദേശീയ പെന്‍ഷന്‍ പദ്ധതി. പ്രവാസികള്‍ക്കും അംഗങ്ങളാകാന്‍ അവസരമൊരുക്കിയതോടെ പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലെത്തുമ്പോള്‍ വാര്‍ദ്ധക്യകാലത്ത് നിശ്ചിത തുക മാസംതോറും പെന്‍ഷനായി കിട്ടാന്‍ പ്രയോജനപ്പെടുമെന്ന നിലയില്‍ പദ്ധതിക്ക് പ്രിയങ്കരമായി മാറി. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 29ന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതോടെയാണ് പ്രവാസികള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ അവസരമൊരുങ്ങിയത്.

പുതിയ സ്‌കീമില്‍ ചേരുന്നവരെ പിന്തുണയ്ക്കാനായി നിരവധി കാര്യങ്ങളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ പദ്ധതിയില്‍ 50,000 രൂപ വരെ നിക്ഷേപിക്കുന്നവര്‍ക്ക് കൂടുതല്‍ ടാക്‌സ് ആനുകൂല്യങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സ്‌കീമില്‍ നിക്ഷേപിക്കുന്നതിനുള്ള തുകയ്ക്ക് പരിധികള്‍ നിശ്ചയിച്ചിട്ടില്ല. സാധാരണ ബാങ്കിങ് ചാനലിലൂടെ ആണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ തുക സാധാരണ ബാങ്കിങ് ചാനലിലൂടെയുള്ള അഭ്യന്തര പണമടവ് അഥവാ ഇന്‍വര്‍ഡ് റെമിറ്റന്‍സ് ആയോ അവരുടെ എന്‍ആര്‍ഇ/എഫ്‌സിഎന്‍ആര്‍/ എന്‍ആര്‍ഒ അക്കൗണ്ടിലുള്ള ഫണ്ടില്‍ നിന്നോ അടയ്ക്കണം. ഏത് രാജ്യത്തിന്റെ കറന്‍സിയായും നിക്ഷേപം നടത്താം.

തുടര്‍ന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞത് 6000 രൂപ നിക്ഷേപിക്കാം. മൊത്തം നിക്ഷേപത്തിന്റെ 50 ശതമാനം മാത്രമെ ഓഹരിയാക്കാന്‍ സാധിക്കൂ. മൊത്തം തുക രണ്ട് ലക്ഷത്തില്‍ കുറവാണെങ്കില്‍ നിക്ഷേപകന് 60 വയസാകുമ്പോള്‍ മൊത്തം തുകയും പിന്‍വലിക്കാം. തുക രണ്ടു ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ 40 ശതമാനം നീക്കി വച്ച് ബാക്കി മുഴുവന്‍ പിന്‍വലിക്കാന്‍ സാധിക്കും. ഈ തുകയില്‍ നിന്നും മാസാന്ത പെന്‍ഷന്‍ ലഭിക്കുകയും ചെയ്യും. ആനുപാതികമായ സര്‍ക്കാര്‍ അംശാദായവും ചേര്‍ത്താണ് പെന്‍ഷന്‍ നല്‍കുക. ഇതനുസരിച്ച് പ്രതിവര്‍ഷം ഒരു വരിക്കാരന്‍ 1000 രൂപയെങ്കിലും നിക്ഷേപിച്ചാല്‍ കേന്ദ്രവും ആയിരം രൂപ പദ്ധതിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഈ തുകയുടെ വിഹിതമാണ് 60 വയസ്സ് കഴിയുമ്പോള്‍ പെന്‍ഷനായി ലഭിക്കുന്നത്.

അപേക്ഷിക്കാനുള്ള യോഗ്യതകള്‍

പതിനെട്ടിനും 60നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഇതില്‍ അംഗത്വമെടുക്കാം. ബാങ്ക് ഇടപാടുകാരുടെ വിവരങ്ങള്‍ കൃത്യമായി ചേര്‍ക്കാന്‍ നല്‍കിയിട്ടുള്ള (കെവൈസി) എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഐ അക്കൗണ്ടുള്ളവര്‍ ആയിരിക്കണം പ്രവാസികള്‍. തുടക്കത്തില്‍ 500 രൂപ നിക്ഷേപിച്ചുകൊണ്ടാണ് പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം നേടുന്നത്. മിനിമം അംശാദായവും 500 രൂപ തന്നെ.

വര്‍ഷം ചുരുങ്ങിയത് 6000 രൂപ പദ്ധതിയില്‍ നല്‍കിയിരിക്കണം. ഉയര്‍ന്ന തുകയ്ക്ക് പരിധിയില്ല. പ്രവാസികള്‍ക്ക് ഉയര്‍ന്ന തുക നിക്ഷേപിക്കുമ്പോള്‍ നികുതിയിളവും നല്‍കുന്നുണ്ട്. എത്ര തുക നിക്ഷേപിക്കുന്നോ അതിന് ആനുപാതികമായിരിക്കും പെന്‍ഷന്‍. 60 വയസ്സാകുമ്പോഴോ വേണമെങ്കില്‍ അതിനുമുമ്പോ നിക്ഷേപം പിന്‍വലിക്കാനും സ്വാതന്ത്ര്യമുണ്ടാകും. ഒരാള്‍ക്ക് ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാനാകൂ. ജോയിന്റ് അക്കൗണ്ട് അനുവദിക്കില്ല. ഒരാള്‍ക്ക് മൂന്ന് നോമിനികളെ വരെ നിര്‍ദ്ദേശിക്കാം. അക്കൗണ്ട് ഉടമയ്ക്ക് എന്തെങ്കിലും ആപത്തുണ്ടായാല്‍ നോമിനികള്‍ക്ക് നൂറുശതമാനം തുകയും പിന്‍വലിക്കാനും അനുവാദമുണ്ടാകുമെന്നതിനാല്‍ കുടുംബത്തിന്റെ സുരക്ഷയും ഇതില്‍ ഉറപ്പുവരുത്തുന്നുണ്ട്.
നിങ്ങളുടെ പണം നിക്ഷേപിക്കപ്പെടുന്നത് എവിടെ
പെന്‍ഷന്‍ സ്‌കീമില്‍ ചേരുന്ന പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരുടെയും നിക്ഷേപങ്ങള്‍ ഓഹരി രംഗത്തും കോര്‍പ്പറേറ്റ് ബോണ്ടുകളിലും ഗവണ്‍മെന്റ് സെക്യൂരിറ്റികളിലും നിക്ഷേപമിക്കുകയാണ് ചെയ്യുന്നത് ഫണ്ടിന്റെ 85 ശതമാനം തുകയും ഇത്തരത്തില്‍ നിക്ഷേപങ്ങളാക്കും. ഇതില്‍ ഏതിലെല്ലാം സുരക്ഷിത നിക്ഷേപം നടത്താമെന്ന് അക്കൗണ്ടില്‍ ചേരുമ്പോഴും പിന്നീടും നിങ്ങള്‍ക്ക് തീരുമാനമെടുക്കാനാകും. സ്വയം ലാഭസാധ്യതകള്‍ തീരുമാനിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിന് അധികൃതരുടെ സഹായം തേടാനും അതല്ലെങ്കില്‍ വിദഗ്ദ്ധര്‍ തീരുമാനിക്കുന്ന ഓട്ടോമാറ്റിക് രീതി സ്വീകരിക്കാനും കഴിയും. ആക്റ്റീവ് ചോയ്‌സിലൂടെ സ്വയം തീരുമാനിക്കാം. ഓട്ടോ ചോയ്‌സ് നല്‍കി നിങ്ങളുടെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്താം.

പിന്‍വലിക്കല്‍ നിബന്ധനകള്‍ ഇങ്ങനെ

60 വയസ്സ് തികയുമ്പോള്‍ മുതലാണ് പെന്‍ഷന്‍ ലഭിച്ചു തുടങ്ങുക. നിങ്ങളുടെ നിക്ഷേപത്തിനും ഇതോടൊപ്പം സര്‍ക്കാര്‍ നിക്ഷേപിക്കുന്ന അംശാദായത്തിനും ആനുപാതികമായിരിക്കും പെന്‍ഷന്‍ തുക. 60 വയസ്സ് തികയുന്നതിന് മുമ്പും ആവശ്യമെങ്കില്‍ പണം പിന്‍വലിക്കാം. ഇങ്ങനെ പിന്‍വലിക്കുമ്പോള്‍ ഒരു ലക്ഷത്തില്‍ താഴെയാണ് ആകെ നിക്ഷേപമെങ്കില്‍ അത് പൂര്‍ണമായും പിന്‍വലിക്കാനാകും. അല്ലെങ്കില്‍ 80 ശതമാനം പിന്‍വലിച്ച് തുടര്‍ന്നും അംശാദായം അടയ്ക്കാനാകും.

60 വയസ്സ് തികഞ്ഞവര്‍ക്ക് 40 ശതമാനം തുക നിര്‍ത്തി ബാക്കി പിന്‍വലിക്കാനാകും. രണ്ടുലക്ഷത്തില്‍ താഴെയാണ് മൊത്തം നിക്ഷേപമെങ്കില്‍ പൂര്‍ണമായും പിന്‍വലിക്കാം. തുടര്‍ന്ന് പെന്‍ഷന്‍ വാങ്ങിക്കൊണ്ടുതന്നെ വീണ്ടും തങ്ങളാലാവുന്ന തുടര്‍നിക്ഷേപം 70 വയസ്സുവരെ നടത്താനും കഴിയും.

എന്‍പിഎസില്‍ ചേരുന്നതിന് എങ്ങനെ അപേക്ഷിക്കാം

നേരത്തേ പ്രത്യേക ഫോം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാവുന്ന രീതിയില്‍ മാത്രമായിരുന്നു അപേക്ഷ സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ച ശേഷം പണമടച്ച് അക്കൗണ്ട് ആരംഭിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ബാങ്കുകളെ സമീപിച്ചും പിഎഫ് ആര്‍ഡിഎ, എന്‍പിഎസ് ട്രസ്റ്റ് വെബ്‌സൈറ്റ് എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും അപേക്ഷാ ഫോം നേടാന്‍ സൗകര്യമുണ്ട്. അപേക്ഷ നല്‍കാന്‍ രണ്ട് ഓപ്ഷനുകളാണ് ഉള്ളത്. എന്‍ആര്‍ഐ കള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ഇത് ഒരു പോലെയാണ്.

1. ആധാര്‍ ഉപയോഗിച്ചുള്ള രജിസ്‌ട്രേഷന്‍

ആധാര്‍ രജിട്രേഷന്‍ നടത്തിയിരിക്കണം
നിങ്ങളുടെ പെന്‍ഷന്‍ അക്കൗണ്ടിന്റെ കെവൈസി ആധാറിലെ വിവരങ്ങള്‍ അനുസരിച്ച് ലിങ്ക് ചെയ്യും
ഇതിന് ആധാറുമായി ലിങ്ക് ചെയ്ത മൊബൈലിലേക്കാണ് വണ്‍ ടൈം പാസ് വേഡ് എത്തുക
നിങ്ങളുടെ ഒപ്പ് സ്‌കാന്‍ ചെയ്ത് ജെപിജി ഫോര്‍മാറ്റില്‍ അപ് ലോഡ്് ചെയ്യണം
ആധാറിലെ ഫോട്ടോ അല്ല ഉപയോഗിക്കേണ്ടതെങ്കില്‍ പ്രത്യേകം ഫോട്ടോ അപ് ലോഡ് ചെയ്യണം
ഇതിനുശേഷം ആദ്യ പേയ്‌മെന്റ് ചെയ്യാന്‍ ആവശ്യപ്പെടും. ഇത് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് വഴിയോ ചെയ്യാം.

2. പാന്‍കാര്‍ഡ് ഉപയോഗിച്ചുള്ള രജിസ്‌ട്രേഷന്‍

നിങ്ങളുടെ പാന്‍കാര്‍ഡ് ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് ഇതിന്റെ ഭാഗമായി വെരിഫൈ ചെയ്യും.
രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന ബാങ്ക് വിവരങ്ങളും പാന്‍ കാര്‍ഡ് വിവരങ്ങളും യോജിച്ചു പോകുന്നതാവണമെന്നത് പ്രത്യേകം ശ്രദ്ധിക്കണം. കെവൈസി വിവരങ്ങള്‍ അക്കൗണ്ടിലുള്ളതും പാന്‍കാര്‍ഡിലുള്ളതും ഒരുപോലെ ആയിരിക്കണം. അങ്ങനെയല്ലാതെ വന്നാല്‍ അപേക്ഷ തള്ളാനും സാധ്യതയുണ്ട്.

സ്‌കാന്‍ ചെയ്ത ഫോട്ടോ അപ് ലോഡ് ചെയ്യണം
ഫോം സ്ബ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്താം.

പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്
പ്രവാസികള്‍ എന്‍ആര്‍ഐ, എന്‍ആര്‍ഓ അക്കൗണ്ട് വിവരങ്ങള്‍ കൃത്യമായി നല്‍കണം.
പാസ്‌പോര്‍ട്ടിന്റെ സ്‌കാന്‍ചെയ്ത കോപ്പി നല്‍കണം

ബന്ധപ്പെടേണ്ട വിലാസം നല്‍കുമ്പോഴും ശ്രദ്ധവേണം. വിദേശ അഡ്രസ് നല്‍കിയാല്‍ അവിടേക്കാണ് പിന്നീടുള്ള കത്തുകളും മറ്റും വരിക. ഇതിന് പ്രത്യേകം ചാര്‍ജ് ഈടാക്കും.

കൂടുതല്‍ വിശദാംശങ്ങള്‍ക്കായി
Cetnral Recordkeeping Agency (eNPS), NSDL eGovernance Infratsructure Limited,
1st Floor, Times Tower, Kamala Mills Compound, Senapati Bapat Marg,
Lower Parel, Mumbai 400 013 എന്ന മേല്‍വിലാസത്തില്‍ ബന്ധപ്പെടാം.

ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍
ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ നാഷണല്‍ പെന്‍ഷന്‍ ട്രസ്റ്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇതില്‍ രജിസ്‌ട്രേഷന്‍ എന്ന ടാബില്‍ കയറി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ഫോം പ്രിന്റ് എടുത്ത് സൂക്ഷിക്കാന്‍ മറക്കരുത്. പ്രിന്റ് എടുക്കാന്‍ പിന്നീടും അവസരം ഉണ്ട്. രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് മുമ്ബ് സൈറ്റില്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍ ശ്രദ്ധിച്ചു വായിക്കണം. ഫോം പൂരിപ്പിക്കുന്നതിന് മുമ്പ്് ഫോമില്‍ പറഞ്ഞ നിബന്ധനകളും.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള ലിങ്ക്:
https://enps.nsdl.com/eNPS/OnlineSubscriberRegitsration.html?appType=main
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക

http://www.pfrda.org.in/index.cshtml
http://www.nptsrust.org.in/
പെന്‍ഷന്‍ സ്‌കീമുമായി ബന്ധപ്പെട്ട് നിങ്ങളുടെ അക്കൗണ്ട് ഉള്ള ബാങ്ക് വഴിയോ ഓണ്‍ലൈന്‍ വഴിയോ മാത്രമേ അപേക്ഷിക്കാവൂ എന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പെന്‍ഷന്‍ സ്‌കീമില്‍ ചേര്‍ക്കാമെന്ന് വ്യക്തമാക്കി പലരും സമീപിക്കുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും എന്‍പിഎസ് ട്രസ്റ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ മറ്റൊരു തരത്തിലും രജിസ്‌ട്രേഷന്‍ നടത്തരുത്. എന്‍പിഎസ് ട്രസ്റ്റിന്റെ വെബ്‌സൈറ്റില്‍ നിന്ന് നിങ്ങള്‍ പ്രവാസിയോ, സര്‍ക്കാര്‍ ജീവനക്കാരനോ, ബിസിനസുകാരനോ ആരുമായിക്കൊള്ളട്ടെ നിര്‍ദിഷ്ട ഫോം ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ അക്കൗണ്ടുള്ള ബാങ്കില്‍ ചെന്ന് പദ്ധതിയില്‍ ചേരാന്‍ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button