KeralaNews

മൂന്നു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന വയര്‍ലസ് സന്ദേശം : പ്രതിസ്ഥാനത്ത് ഒമ്‌നി വാന്‍ : സത്യാവസ്ഥ വെളിപ്പെടുത്തി പൊലീസ്

കോഴിക്കോട് : സംസ്ഥാനത്ത് മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ പെണ്‍കുട്ടികളേയും വിദ്യാര്‍ത്ഥികളേയും തട്ടികൊണ്ട് പോകാന്‍ ശ്രമം എന്ന വാര്‍ത്തകള്‍ പൊലീസുകാര്‍ക്ക് വലിയ തലവേദനയാകുന്നു. ഇതിന്റെ സത്യാവസ്ഥ എന്തെന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനിടയിലാണ് നാദാപുരത്തു നിന്നും മൂന്നു പെണ്‍കുട്ടികളെ ഒമ്‌നി വാനില്‍ തട്ടിക്കൊണ്ടുപോയെന്ന വയര്‍ലസ് സന്ദേശം സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചത് .ഇത് വടക്കന്‍ ജില്ലകളിലെ ജനങ്ങള്‍ക്കിടയില്‍ വന്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഒമ്‌നി വാനിലെത്തിയ സംഘം മൂന്നുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നും അതില്‍ ഒരു പെണ്‍കുട്ടി ചാടിരക്ഷപ്പെട്ടെന്നുമുള്ള പോലീസ് വയര്‍ലസ് സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എല്ലാ ഓമ്‌നി വാനുകളും പരിശോധിക്കണമെന്നുള്ള നിര്‍ദ്ദേശവും പ്രചരിക്കുന്ന വയര്‍ലസ് സന്ദേശത്തില്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്.

എന്നാല്‍ ഇക്കാര്യത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെയാണ്: കൊയിലാണ്ടിയില്‍ നിന്നും കഴിഞ്ഞ ദിവസം 20 വയസ്സുള്ള വിവാഹിതയായ ഒരു യുവതിയെ കാണാതായി. മണിക്കൂറുകള്‍ക്കു ശേഷം നാദാപുരത്തുവെച്ച് പോലീസ് യുവതിയെ കണ്ടെത്തിയിരുന്നു.
ഭര്‍ത്തൃവീട്ടില്‍ നിന്നും വീട്ടാവശ്യത്തിന് ചിക്കന്‍ വാങ്ങാന്‍ പോയ തന്നെ വഴിയില്‍വെച്ച് ഒരുസംഘം ആളുകള്‍ ഒരു ഒമ്‌നി വാനില്‍ എത്തി പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നാണ് യുവതി പോലീസിനോടു പറഞ്ഞത്. വാനില്‍ തനിക്കൊപ്പം മറ്റു രണ്ടു പെണ്‍കുട്ടികള്‍ കൂടി ഉണ്ടായിരുന്നതായും യുവതി വെളിപ്പെടുത്തിയിരുന്നു.

യുവതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എല്ലാ സ്റ്റേഷനുകളിലേക്കും വയര്‍ലസ് വഴി സന്ദേശം നല്‍കി. ഈ സന്ദേശം ആരോ റിക്കോര്‍ഡുചെയ്തു സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ മറ്റൊന്നും കണ്ടെത്താനായില്ലെന്ന് നാദാപുരം പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. യുവതി പറയുന്ന മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും പോലീസ് സൂചിപ്പിച്ചു. മൊഴിയെടുത്ത ശേഷം യുവതിയെ അവരുടെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി തിരിച്ചയക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഗള്‍ഫ് മേഖലകളിലുള്‍പ്പെടെ പ്രസ്തുത സന്ദേശം പ്രചരിച്ചതോടെ തദ്ദേശവാസികളായ പ്രവാസികള്‍ ഉള്‍പ്പെടെ പരിഭ്രാന്തിയിലായിരുന്നു. മലബാര്‍ മേഖലകളില്‍ തട്ടിക്കൊണ്ടുപോകല്‍ വ്യാപകമാകുന്നുവെന്ന പ്രചരണങ്ങള്‍ ഈ അടുത്ത കാലത്ത് ഉയര്‍ന്നു വന്നിട്ടുള്ളതിനാല്‍ ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രതയാണ് പുലര്‍ത്തുന്നതെന്ന് പോലീസ് പറഞ്ഞു. ഈ വ്യാജപ്രചരണങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button