കൊച്ചി● സംഘാടന പിഴവില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങ് നിര്‍വഹിക്കാതെ വേദി വിട്ടു. കഴിഞ്ഞദിവസം കൊച്ചി സിറ്റി പോലീസ് സിറ്റി പോലീസ് ഒരുക്കിയ ഹൃസ്വ ചിത്രത്തിന്റെ പ്രകാശനവും,പിങ്ക് പെട്രോളിങ്ങിന്റെ ഫ്ലാഗ് ഓഫ് ചടങ്ങുമായിരുന്നു വേദി. രണ്ട് പരിപാടിയും മുഖ്യമന്ത്രിയായിരിക്കും നിര്‍വഹിക്കുകയെന്നും ചടങ്ങില്‍ അദ്ദേഹം മാത്രമാണ് പ്രസംഗിക്കുന്നതെന്നാണ് സംഘാടകര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ രാവിലെ സംഘാടകര്‍ നടി ഷീല, മേയര്‍ സൗമിനി ജയിന്, എ.ഡി.ജി.പി സന്ധ്യ എന്നിവരെക്കൂടി ചടങ്ങില്‍ ഉള്‍പ്പെടുത്തുകയും ഓരോരുത്തര്‍ക്കും ഓരോ ചുമതല നല്‍കുകയും ചെയ്തു. ഇതോടെ ഫ്ലാഗ് ഓഫ് മാത്രമായി മുഖ്യമന്ത്രിയുടെ ചുമതല.
പരിപാടി തുടങ്ങിയതോടെ ആശയക്കുഴപ്പവും തുടങ്ങി. പിങ്ക് പട്രോളിംഗ് പരിചയപ്പെടുത്താനായി എ.ഡി.ജി.പി സന്ധ്യയെ ക്ഷണിച്ചെങ്കിലും അവര്‍ വരാഞ്ഞതിനാല്‍ അത് മുടങ്ങി. തുടര്‍ന്ന് ഉദ്ഘാടന പ്രസംഗം നടത്താന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു. പ്രസംഗത്തിനായി മുഖ്യമന്ത്രി കസേരയില്‍ നിന്ന് എഴുന്നേല്ക്കാന് തുടങ്ങിയതും സിറ്റി പോലീസ് കമ്മീഷണര്‍ ഇടപെട്ട് അത് തിരുത്തി. പ്രസംഗത്തിനായിരുന്നു ക്ഷണം. ഇതിനു ശേഷം ഷീലയും,മേയറും പ്രസംഗിച്ചു. അപ്പോഴേക്കും ബി.സന്ധ്യ വേദിയിലെത്തി. മുഖ്യമന്ത്രിയെ ഗൌനിക്കുക പോലും ചെയ്യാതെ മറ്റുള്ളവരുടെ അടുത്തേക്ക്. ഫ്ലാഗ് ഓഫിനായി, മുഖ്യമന്ത്രി എഴുന്നേറ്റതും അതാ അവതാരകയുടെ ക്ഷണം എ.ഡി.ജി.പിയ്ക്ക്. ഇതോടെ ക്ഷുഭിതനായ മുഖ്യമന്ത്രി വേദി വിട്ടിറങ്ങി. സംഘാടകര്‍ പിന്നാലെയെത്തി മുഖ്യമന്ത്രിയെ അനുനായിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായി. മുഖ്യമന്ത്രി കാറില്‍ കയറി പോകുകയും ചെയ്തു. തന്റെ അനിഷ്ടം പിന്നീട് മുഖ്യമന്ത്രി ബന്ധപ്പെട്ടവരെ അറിയക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments