KeralaIndia

ക്വാറി വിഷയം : സർക്കാരിന് രൂക്ഷ വിമർശനം

ന്യൂ ഡൽഹി : സംസ്ഥാനത്ത് അഞ്ച് ഹെക്ടര്‍ വരെയുള്ള ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കി കേരള ഹൈക്കോടതി നൽകിയ ഉത്തരവ് ചോദ്യം ചെയ്ത് ഹർജി പരിഗണിക്കവെ കേരളത്തില്‍ ക്വാറി ഉടമകളും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കി നൽകാൻ പരിസ്ഥിതി പഠനം വേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി തള്ളി.

കേരളത്തിന്റെ നിലപാട് തെറ്റാണെന്നും ലൈസന്‍സ് പുതുക്കിനല്‍കാന്‍ പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അഞ്ച് ഹെക്ടര്‍ വരെയുള്ള ഭൂമിയിലെ ഖനനത്തിന് സംസ്ഥാനങ്ങളില്‍ വിദഗ്ധ സമിതിയുടെ അനുമതി വേണം.അതിന് മുകളിലുള്ളവയാണ് കേന്ദ്ര സര്‍ക്കരിന്റെ പരിധിയില്‍ വരികയെന്നും പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്തു ക്വാറി ഉടമകള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയാല്‍ നിര്‍മാണ മേഖല സ്തംഭിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദമാണ് വിമർശനങ്ങൾക്കു വഴി തെളിച്ചത്. എല്ലായിടത്തും ഇതാണ് സ്ഥിതി. കേരളത്തിന് മാത്രം ഇളവ് നല്‍കിയാല്‍ മറ്റ് സംസ്ഥാനങ്ങളിലെ ക്വാറി ഉടമകളും,സര്‍ക്കാരും രംഗത്ത് വരും. അതിനാല്‍ അഞ്ച് ഹെക്ടറായാലും ലൈസന്‍സ് പുതുക്കി നല്‍കാന്‍ പരിസ്ഥിതി അനുമതി വേണമെന്നു കോടതി നിര്‍ദേശിച്ചു. കേസ് അടുത്ത വെള്ളിയാഴ്ച വിശദമായി പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button