ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ നിരോധിച്ച നോട്ടുകള്‍ മാറി നല്‍കുന്ന സംഘം പിടിയില്‍. കശ്മേര ഗേറ്റില്‍ ഹോണ്ട സിറ്റി കാറില്‍ കടത്താന്‍ ശ്രമിക്കവെയാണ് നോട്ടുകള്‍ പിടികൂടിയത്. നോട്ട് കടത്താന്‍ ശ്രമിച്ച മൂന്ന് പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 3.6 കോടി രൂപയുടെ അസാധു നോട്ടുകളാണ് കടത്താന്‍ ശ്രമിച്ചത്. മൂന്ന് പേരുടെയും കൈയ്യില്‍ നിന്ന് കണ്ടെടുത്തത് കള്ളപ്പണമാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മാധൂര്‍ വര്‍മ്മ പറഞ്ഞു. എന്നാല്‍ പ്രതികളെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായില്ല.
ജ്വല്ലറി ഉടമയും, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും, സഹായിയുമാണ് പിടിയിലായത്. കമ്മീഷന്‍ വ്യവസ്ഥയില്‍ അസാധുവായ നോട്ടുകള്‍ മാറി നല്‍കുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ടെന്നും, സംഭവത്തെക്കുറിച്ച് ആദായനികുതി വകുപ്പ് സൂക്ഷമ പരിശോധന നടത്തുമെന്നും മാധൂര്‍ കൂട്ടിച്ചേര്‍ത്തു. പിടിയിലായ മൂന്ന് പേര്‍ക്കും വിവിധ ബാങ്കുകളിലായി നിരവധി അക്കൗണ്ടുകള്‍ ഉണ്ട്. കൈയ്യിലുള്ള തുക തവണകളായി ബാങ്കില്‍ നിക്ഷേപിക്കും, പിന്നീട് ഉടമകള്‍ക്ക് പിന്‍വലിച്ച് നല്‍കുകയുമാണ് ചെയ്യുന്നത്. ഇതിന് 20മുതല്‍ 30 ശതമാനം വരെ കമ്മീഷനാണ് ഇവര്‍ ഈടാക്കിയിരുന്നതെന്നും പൊലീസ് പറഞ്ഞു. ബാങ്ക് ജീവനക്കാരില്‍ ചിലര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments