
കൊച്ചി : ഇരുമ്പനം ഐ.ഒ.സി പ്ലാന്റിലെ ടാങ്കർ ലോറി സമരം ഒത്തു തീർപ്പാക്കാനായി നടത്തിയ ചർച്ച പരാജയപെട്ടതോടെ സമരം തുടരാൻ സംയുക്ത സമരസമിതി തീരുമാനിച്ചു. ഇതോടെ വരും നാളുകളിൽ സംസ്ഥാനത്തൊട്ടാകെ കടുത്ത ഇന്ധന പ്രതിസന്ധി പ്രതീക്ഷിക്കാം.
സംസ്ഥാനത്ത് ഐ.ഒ.സിയ്ക്ക് കീഴിലുള്ള 400ഓളം പമ്പുകളിൽ ഡീസലും പെട്രോളും കാലിയായിക്കഴിഞ്ഞതായാണ് വിവരം. അടുത്ത ദിവസം മുതൽ ബാക്കി വരുന്ന 550 പെട്രോൾ പമ്പുകളിൽക്കൂടി ഇന്ധനം തീരുന്നതോടെ സ്ഥിതി രൂക്ഷമാകും. കഴിഞ്ഞ ശനിയാഴ്ച മുതൽ ഇരുമ്പനം ഐ.ഒ.സിയിൽ നിന്നുള്ള ഇന്ധന നീക്കം നിലച്ചിരുന്നു. ഇന്ധനം കൊണ്ടുപോകുന്ന ടാങ്കർ ലോറിക്കാരടങ്ങുന്ന കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ധന വിതരണവുമായി ബന്ധപ്പെട്ടുള്ള ഐ.ഒ.സിയുടെ ടെൻഡർ നടപടികളിൽ അപാകത ഉണ്ടെന്നും അത് പരിഹരിക്കണം എന്നുമാവശ്യപ്പെട്ടാണ് സമരം.
ജില്ലാ കലക്ടർ മുഹമ്മദ് സഫിറുല്ലയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഐ.ഒ.സി മാനേജ്മെന്റ് പ്രതിനിധികളും സംയുക്ത സമരസമിതി നേതാക്കളും പങ്കെടുത്തു.
Post Your Comments