കണ്ണൂര്‍ : കാരായിമാരെ രക്ഷിക്കാന്‍ മൊഴി പറയിപ്പിച്ചത് അതി ക്രൂരമായി മൂന്നാം മുറ പ്രയോഗിച്ചെന്ന് സുബീഷ് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ നേതാക്കളോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഇത് കൂടാതെ ഇടതു പക്ഷ ഭരണത്തില്‍ തന്നെ മൂന്നു വ്യത്യസ്ത സംഘങ്ങള്‍ അന്വേഷിച്ചിട്ടും ഒരിക്കല്‍ പോലും ആര്‍എസ്എസ് പങ്ക് വെളിപ്പെട്ടിട്ടില്ല എന്നും ഇത്തരം ഒരു കസ്റ്റഡി മൊഴിയില്‍ ദുരൂഹത ഉണ്ടെന്നും ബിജെപി ബിജെപി ജില്ലാ നേതൃത്വം ആരോപിക്കുന്നു.സിപിഎം പൊലീസ് അസോസിയേഷനിലെ സംസ്ഥാന നേതാക്കന്മാരായ രണ്ടു ഡിവൈഎസ് പി മാരുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഭരണകൂട ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും നേതാക്കള്‍ ആരോപിക്കുന്നു.
കഴിഞ്ഞ മാസം 10 -ആം തിയതി സിപിഐ(എം) പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം മോഹനന് കൊല്ലപ്പെട്ട സംഭവത്തില്‍ ചോദ്യം ചെയ്യാനാണ് സുഭീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നാം മുറയിലൂടെ കുറ്റം സമ്മതിപ്പിക്കുകയായിരുന്നു രണ്ടു ഡി വൈ എസ് പി മാര്‍ എന്ന് കണ്ണൂര്‍ ആര് എസ് എസ് ജില്ലാ കാര്യവാഹ് പ്രമോദ് പറയുന്നു. മൂന്നാം മുറയിലൂടെ കേസ് വഴിതിരിച്ചു വിടാന്‍ നടത്തുന്ന ശ്രമത്തിനെതിരെ സിബിഐയ്ക്കും പൊലീസ് കമ്പ്ലെയിന്റ് അഥോറിറ്റിയിലും പരാതി നല്‍കുമെന്ന് ആര് എസ് എസ് ജില്ലാ നേതൃത്വം പറയുന്നു.
ഫസല്‍ വധക്കേസില്‍ തലശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനും തിരുവിങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരനുമുള്‍പ്പടെ എട്ട് സിപിഐ(എം) പ്രവര്‍ത്തകരെയാണ് സിബിഐ പ്രതിചേര്‍ത്തത്. കേസില്‍ ഏഴും എട്ടും പ്രതികളാണ് നേതാക്കള്‍. ഇവരെ രക്ഷിക്കാനാണ് ഇപ്പോഴത്തെ ഈ ഗൂഢാലോചന എന്ന് ബിജെപി നേതൃത്വം ആരോപിക്കുന്നു.ഇതിനെ നിയമപരമായി നേരിടാന്‍ ബിജെപി ഏതറ്റം വരെയും പോകുമെന്ന് ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ജിത്ത് എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments