കാൻപുർ: ഉത്തർപ്രദേശിൽ കാൻപുർ ജില്ലയിലെ പുഖ്റായനു സമീപം ഇൻഡോർ–പട്ന എക്സ്പ്രസ് പാളം തെറ്റി മരിച്ചവരുടെ എണ്ണം 143 ആയി. ഇരുനൂറിലേറെപ്പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ 76 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ട്രെയിനിന്റെ 14 കോച്ചുകള്‍ പാളം തെറ്റിയത്. അതേസമയം അപകടത്തില്‍ രക്ഷപ്പെട്ടവരേയും കൊണ്ടുള്ള പ്രത്യേക തീവണ്ടി ഇന്ന് രാവിലെ പാറ്റ്നയില്‍ എത്തി.
കാണ്‍പൂരില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെ പുക്രായനിലായിരുന്നു അപകടം.പരിക്കേറ്റവർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അഞ്ഞൂറിലേറെ പേരാണ് അപകടം നടന്ന സമയത്ത് തീവണ്ടിയില്‍ ഉണ്ടായിരുന്നത്. ഭൂരിഭാഗം പേരും ഉറങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. കോച്ചുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അതുകൊണ്ടു തന്നെ ഉള്ളില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷിക്കാന്‍ കോച്ചിന്റെ ഭാഗങ്ങള്‍ മുറിച്ചു മാറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടത്തിന് കാരണം റെയില്‍വേ പാളത്തിലുണ്ടായ വിള്ളലാണെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചിരുന്നു. വാരാണസിയില്‍ നിന്ന് ദേശീയദുരന്തനിവാരണസേനാ സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ടായി.
Post Your Comments