തിരുവനന്തപുരം : കണ്ണൂരില്‍ സംഘര്‍ഷമുണ്ടാക്കുന്ന അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ സി.സി.ടി.വികള്‍ സ്ഥാപിക്കണമെന്നും സര്‍വകക്ഷി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യം നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. തീരുമാനം ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരാധനലായങ്ങളുടെ നിയന്ത്രണം ചില സംഘടനകള്‍ കൈവശം വയ്ക്കുന്ന രീതി കണ്ടുവരുന്നുണ്ട്. ഇത് അവസാനിപ്പിക്കണം. ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്ക് മാത്രമായി വിട്ടു കൊടുക്കണം. ആരാധനാലയങ്ങളുടെ പരിസരത്ത് ആയുധ പരിശീലനം നടത്തരുതെന്നും യോഗം തീരുമാനിച്ചു. ആരാധനാലയങ്ങള്‍ പ്രത്യേക സംഘടനകള്‍ അവരുടെ കേന്ദ്രങ്ങളാക്കി മാറ്റരുത്. ആരാധനാലയങ്ങളുടെ പരിസരത്ത് ആയുധ പരിശീലനവും നടത്തരുത്. ആരാധനാലയങ്ങള്‍ വിശ്വാസികളുടെ കേന്ദ്രങ്ങളാക്കി നിലനിറുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാടെടുക്കും. ഇതിനായുള്ള നടപടികള്‍ ശക്തമാക്കും. കണ്ണൂരില്‍ പൊലീസ് നടത്തുന്ന റെയ്ഡിന്റെ ഭാഗമായി നിരവധി ഇടങ്ങളില്‍ നിന്ന് ആയുധങ്ങളും ബോംബും കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങളും ബോംബുകളും നിര്‍മിക്കുന്നത് ഇനി അനുവദിക്കാനാവില്ല. ഇവയുടെ നിര്‍മാണം തടയുന്നതോടൊപ്പം പൊലീസ് റെയ്ഡു നടത്തും. ഇനിയൊരു ആക്രമണം ഉണ്ടായാല്‍ അതിനെ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ തള്ളിപ്പറയണം. സംഘര്‍ഷങ്ങളെ തുടര്‍ന്ന് പൊലീസ് അറസ്റ്റു ചെയ്യുന്നവരെ ആള്‍ബലം ഉപയോഗിച്ച് സ്‌റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടു പോകുന്ന പ്രവണത കണ്ടു വരുന്നുണ്ട്. ഇത് ഇനി അനുവദിക്കില്ല.
സംഘര്‍ഷങ്ങളുടെ പിന്നാലെ വീടുകളും പാര്‍ട്ടി ഓഫീസുകളും ആക്രമിക്കുന്നുണ്ട്. ഇതുമൂലമുണ്ടാവുന്ന നാശനഷ്ടം വലുതാണ്. ഒരുകാരണവശാലും ഇത്തരം ആക്രമണങ്ങള്‍ തുടരാന്‍ പാടില്ല. പ്രാദേശിക പ്രശ്‌നങ്ങള്‍ പ്രാദേശികമായി തന്നെ പരിഹരിക്കും. ഇതിനായി സമാധാന സമിതികള്‍ രൂപീകരിക്കും. പ്രാദേശികമായ സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ആ സ്ഥലങ്ങളില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള വേദി രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments