തിരുവനന്തപുരം : പിണറായി മന്ത്രിസഭയിലെ പുതുമുഖമായ വൈദ്യുതി മന്ത്രിയെ കാത്തിരിക്കുന്നത് കടുത്ത അഗ്‌നിപരീക്ഷ. വലിയ വൈദ്യുതി പ്രതിസന്ധിയാണു വരാനിരിക്കുന്നത്. പുറമേനിന്നുള്ള വൈദ്യുതികൊണ്ടു സംസ്ഥാനത്തെ ആവശ്യങ്ങള്‍ നിറവേറ്റാമെന്ന കണക്കുകൂട്ടലിലാണു വൈദ്യുതി ബോര്‍ഡ്. എന്നാല്‍ പുറമെനിന്നു വൈദ്യുതി വാങ്ങിയാല്‍ ഉണ്ടാകുന്ന ചെലവു തരണംചെയ്യുന്നതിനു നിരക്കു കൂട്ടേണ്ടിവരും. ഇല്ലെങ്കില്‍ വൈദ്യുതി ബോര്‍ഡ് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍പെടുന്ന സ്ഥിതിയാണ്.
അടുത്ത മഴക്കാലമെത്താന്‍ ഇനി 191 ദിവസമുണ്ട്. സംസ്ഥാനത്തെ ഇപ്പോഴത്തെ ശരാശരി ഉപയോഗം ഒരു ദിവസം 65 ദശലക്ഷം യൂണിറ്റിനു മുകളിലാണ്. ഇതു വേനല്‍ ശക്തമാകുമ്പോള്‍ 80 ദശലക്ഷത്തിനു മുകളിലാകുമെന്നാണു കണക്കുകൂട്ടല്‍. എന്നാല്‍ സംസ്ഥാനത്തെ സംഭരണികളില്‍ ശേഷിക്കുന്നതു 2105 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം മാത്രമാണ്. ഇത് ഒരു മാസത്തേക്കുള്ള വെള്ളമേയുള്ളൂ.
പുറമെനിന്നു വിലക്കുറച്ചു വൈദ്യുതി ലഭിക്കുന്നതാണ് ഇപ്പോഴത്തെ ആശ്വാസം. മൂന്നു രൂപ മുതല്‍ മൂന്നര രൂപ വരെ വില നല്‍കിയാണു സംസ്ഥാനം വൈദ്യുതി വാങ്ങുന്നത്. ഇവിടെ പകുതിയിലേറെ വൈദ്യുതി ഉപയോഗിക്കുന്നതു ഗാര്‍ഹികമേഖലയിലാണ്. മൂലമറ്റം അടക്കം പല നിലയങ്ങളും പുനരുദ്ധരിക്കേണ്ടകാലം കഴിഞ്ഞിരിക്കുകയാണ്.
Post Your Comments