തിരുവനന്തപുരം● മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാവപ്പെട്ട രോഗികളെ സഹായിക്കാനുള്ള യജ്ഞത്തില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം. ആശുപത്രി വികസന സമിതിയുടെ (എച്ച്.ഡി.എസ്.) ഫണ്ടുപയോഗിച്ച് പ്രതിവര്‍ഷം രണ്ടായിരത്തി അഞ്ഞൂറോളം പാവപ്പെട്ട രോഗികള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളാണ് സൗജന്യമായി നല്‍കി വരുന്നത്. 2012ല്‍ 37 ലക്ഷം, 2013 ല്‍ 26 ലക്ഷം, 2014 ല്‍ 18 ലക്ഷം, 2015ല്‍ 20 ലക്ഷം എന്നിങ്ങനെയാണ് സൗജന്യ മരുന്നുകള്‍ നല്‍കിയത്. 2016ല്‍ ഇതുവരെ 14 ലക്ഷം രൂപയുടെ മരുന്നുകളും പുറ്റിങ്ങല്‍ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മാത്രമായി 10 ലക്ഷം രൂപയുടെ മരുന്നുകളും നല്‍കിയിരുന്നു. ആശുപത്രി വികസന സമിതി ചെയ്യുന്ന ഈ സൗജന്യ സേവനം കൂടുതല്‍ നിര്‍ധന രോഗികളിലേക്ക് വ്യാപിപ്പിക്കുന്നതിനായാണ് പൊതുജനങ്ങളുടെ പങ്കാളിത്തം ക്ഷണിക്കുന്നത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായാണ് ആശുപത്രി വികസന സമിതി രൂപം കൊണ്ടത്. ഈ സമിതിയുടെ കീഴില്‍ രോഗികള്‍ക്ക് 25 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാകുന്ന കമ്മ്യൂണിറ്റി ഫാര്‍മസി കൗണ്ടര്‍, എച്ച്.ഡി.എസ്. ലാബ്, സി.ടി. സ്‌കാന്‍, എം.ആര്‍.ഐ. സ്‌കാന്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള നിര്‍ധന രോഗികള്‍, കൂട്ടിരുപ്പുകാര്‍ ഇല്ലാത്ത രോഗികള്‍, കെയര്‍ ഹോം, അഭയ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള രോഗികള്‍ക്കെല്ലാം ഈ ഫാര്‍മസി കൗണ്ടറില്‍ നിന്നും സൗജന്യ മരുന്നുകള്‍ നല്‍കാറുണ്ട്.
കമ്മ്യൂണിറ്റി ഫാര്‍മസി കൗണ്ടറില്‍ക്കൂടി വില്‍പ്പന നടത്തുന്ന തുച്ഛമായ ആദായത്തിന്റെ ഒരു വിഹിതമാണ് നിര്‍ധന രോഗികള്‍ക്ക് ഇത്തരത്തില്‍ സൗജന്യമായി നല്‍കിവരുന്നത്. നിര്‍ധന രോഗികളുടെ വര്‍ധനവും ഈ ഫണ്ടിന്റെ അപര്യാപ്തത മൂലവും അസ്ഥിരോഗ വിഭാഗ ശസ്ത്രക്രിയകള്‍ പോലുള്ളവയ്ക്ക് ഇംപ്ലാന്റുകള്‍ മുതലായ വിലകൂടിയ സാധനങ്ങള്‍ നല്‍കുന്നതിന് വളരെയധികം ബുദ്ധിമുട്ടുകളനുഭവപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള രോഗികള്‍ക്ക് പരിപൂര്‍ണമായും സൗജന്യമായ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഈ ആവശ്യത്തിന് വേണ്ടി മാത്രം ഫണ്ട് സ്വരൂപിക്കാനായി മെഡിക്കല്‍ കോളേജ് എസ്.ബി.ടി. ശാഖയില്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങി. (A/c No is – 67094604029, IFSC code – SBTR 0000029) ഇതില്‍ നിന്നുള്ള തുക സൗജന്യ മരുന്നു വിതരണത്തിന് മാത്രമായി ചിലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായും ചെക്ക് മുഖേനയും ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് വഴിയും നേരിട്ടും പണം നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്. ഇത്തരത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് സൂപ്രണ്ട് ഓഫീസില്‍ നിന്നും രസീത് നല്‍കുന്നതാണ്. ഇത് ആദായ നികുതി ഇളവിനുള്ള ആവശ്യത്തിനായി ഉപയോഗിക്കാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സൂപ്രണ്ട് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
Post Your Comments