നോട്ടുപിൻവലിക്കലിലൂടെ മോദി അഗ്നിസ്ഫുടം ചെയ്തെടുത്ത ഭാരതം
ബംഗാളിൽ നിന്നുള്ള സി.പി.എം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിന്റെ വെളിപ്പെടുത്തലിലൂടെ ഉരുത്തിരിയുന്നത്
കെ.വി.എസ് ഹരിദാസ്
പ്രമുഖ കോൺഗ്രസ് നേതാക്കളുടെ, പ്രത്യേകിച്ചും നെഹ്റു കുടുംബത്തിലുള്ളവരുടെ, പിറന്നാളും ശ്രാദ്ധവുമൊക്കെ ഇന്ത്യയിലെ സർവമാന പത്രങ്ങളിലും ചാനലുകളിലുമൊക്കെ എന്ത് പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിക്കാറുള്ളത്. അതിനൊക്കെ സർക്കാർ ഖജനാവിൽ നിന്നും പണം കണ്ടെത്താനും അവർ ശ്രദ്ധിച്ചിരുന്നു. കോൺഗ്രസിന് ഭരണം നഷ്ടമാവുകയും ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തുകയും ചെയ്തപ്പോൾ നെഹ്റു കുടുംബം മറ്റുപലതിലുമെന്നപോലെ ഇക്കാര്യത്തിലും വിഷമത്തിലായി. എന്നാൽ വാശിയോടെ പഴയതുപോലെ എല്ലാ പത്രങ്ങളിലും കോൺഗ്രസ് പാർട്ടിതന്നെ വലിയ പരസ്യങ്ങൾ നൽകിപ്പോന്നു. കഴിഞ്ഞ രണ്ടു വര്ഷങ്ങളിൽ അത് നാമൊക്കെ കണ്ടതാണ്. നെഹ്രുവും ഇന്ദിരയും രാജീവുമൊക്കെ അങ്ങിനെ ബഹുവർണ്ണ മുഴുവൻ പേജ് പരസ്യമായി പത്രങ്ങളിൽ സ്ഥാനം പിടിച്ചു. സർക്കാർ ചിലവിൽ ചെയ്തില്ലെങ്കിലും ഞങ്ങൾ ചെയ്യും എന്നുള്ള ഒരു വെല്ലുവിളിയായി അത് മാറിയിരുന്നു. കോൺഗ്രസ് പാർട്ടിയാണ് അത് പ്രസിദ്ധീകരിച്ചത്. ഒരു പത്രത്തിലല്ല, രാജ്യത്തെ ഒട്ടെല്ലാ പത്രങ്ങളിലും ആ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇന്നിപ്പോൾ അതൊക്കെ മാറിയിരിക്കുന്നു. ഇന്ന് , നവംബർ 19, ഇന്ദിര ഗാന്ധിയുടെ നൂറാം ജന്മദിനമാണ്. പക്ഷെ അതാഘോഷിക്കാൻ കോൺഗ്രസിനാവുന്നില്ല. ഏതാനും ചില പത്രങ്ങളിൽ മാത്രം അത് സംബന്ധിച്ച പരസ്യമുണ്ട് ; അതും വെറും കാൽ പേജ് വരുന്നത്. എന്നാലത് നമ്മുടെ മലയാള മനോരമയിൽ പോലുമില്ല . പണ്ടൊക്കെ രാജ്യത്തെ എല്ലാ പത്രങ്ങൾക്കും ഒരു പ്രശ്നവുമില്ലാതെ പരസ്യം നൽകാൻ മറക്കാതിരുന്നവര് , അതിനൊക്കെ കഴിഞ്ഞിരുന്നവർ ഇന്നിപ്പോൾ വിരലിൽ എണ്ണാവുന്ന ‘കടലാസുകളിൽ’ കാൽ പേജിലും അരക്കാൽ പേജിലുമൊക്കെ അത് ഒതുക്കേണ്ട അവസ്ഥയിലായി. അതും ഇന്ദിര ഗാന്ധിയുടെ ജന്മദിനം ആണെന്നത് ഓർക്കുക. വെറും ജന്മദിനമാണെങ്കിൽ പോകട്ടെ, ഇത് ജന്മശതാബ്ദിയാണ് ; നൂറാം ജന്മദിനം. അതുപോലും വേണ്ടതുപോലെ ആചരിക്കാൻ പോയിട്ട് ജനങ്ങളെ അറിയിക്കാൻ പോലും കോൺഗ്രസ് വിഷമിക്കുന്നു. ഖജനാവ് തന്നെയാണ് പ്രശ്നമെന്ന് വ്യക്തം. എന്താ അല്ലെ മോദിജിയുടെ ഒരു എഫക്ട് ………
അതുമാത്രമല്ല, കഴിഞ്ഞ ദിവസങ്ങളിൽ ദൽഹിയിൽ ചില പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നുവല്ലോ. കെജ്രിവാളും മമത ബാനർജിയും ഒത്തുചേർന്നു നടത്തിയതാണ് അതിലൊന്ന്. ആളെക്കൂട്ടാൻ രണ്ടുപേർക്കും കഴിഞ്ഞില്ല. ബാങ്കുകളിൽ ജനങ്ങൾ ക്യൂ നിൽക്കുന്ന സ്ഥല തിരിച്ചറിഞ്ഞു അതിനു മുന്നിൽ ചെന്നുനിന്നാണ് പ്രതിഷേധിക്കേണ്ടിവന്നത്. അവിടെയും മോഡി മോഡി വിളികളുയർന്നു എന്നത് മറ്റൊരു കാര്യം. യൂത്ത് കോൺഗ്രസുകാർ കഴിഞ്ഞ ദിവസം ഡൽഹിയിൽ സംഘടിപ്പിച്ച റാലിയുടെ കഥയും ദയനീയം. ആളെക്കൂട്ടാൻ കഴിയാത്ത അവസ്ഥയായിരുന്നുവെന്നു കോൺഗ്രസുകാർ തന്നെ സമ്മതിച്ചതായി മാധ്യമങ്ങളിൽ കണ്ടു. കാശുണ്ട്,എന്നാൽ വെളിയിലിറക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്താണ് ഒരു മോദി എഫക്ട് അല്ലെ ……..
ബംഗാളിലെ സഹകരണ ബാങ്കുകളിൽ കള്ളപ്പണമാണ് സർവത്ര എന്ന് കാട്ടി സിപിഎം എംപിയും പിബി അംഗവുമായ മുഹമ്മദ് സലിം കേന്ദ്ര സർക്കാരിന് കത്തുനൽകിയത് ഇന്നിപ്പോൾ പുറത്തായിട്ടുണ്ട്. കേരളത്തിൽ ബിജെപി പറയുന്ന അതേ കാര്യമാണ് സലിം എഴുതി നൽകിയത് . കേരളത്തിൽ ബിജെപി കള്ളത്തരം പറയുന്നുവെന്നും സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ ശ്രമിക്കുന്നുവെന്നും പറയുന്നതും ഇതോടൊപ്പം കാണണം. സീതാറാം യെച്ചൂരിയും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊക്കെ ഇനി എന്ത് പറയുമോ ആവൊ? എന്തായാലും അവരുടെ നിലപാടറിയാൻ കാത്തിരിക്കുകയാണ് കേരളത്തിലെ സഹകാരികൾ എല്ലാവരും. മുഹമ്മദ് സലിം പറഞ്ഞത് , കേന്ദ്ര ധനകാര്യ മന്ത്രിക്ക് എഴുതിക്കൊടുത്തത്, അസംബന്ധമാണ് എന്നും മമത ബാനർജിയുടെ കക്ഷി ബംഗാളിൽ ഒരു കള്ളത്തരവും കാണിക്കുന്നില്ല അവർ അവിടെ സത്യത്തിന്റെ ദേവതയാണ് എന്നുമൊക്കെ അവരിപ്പോൾ പറഞ്ഞേക്കാം. കാരണം മോദിയെ നേരിടാൻ അതുവേണമല്ലോ. യെച്ചൂരി ഇന്നിപ്പോൾ തിരുവനന്തപുരത്തുണ്ട് ; നമുക്ക് കാത്തിരിക്കാം, ആ വിലയേറിയ വാക്കുകൾക്കായി. അതല്ലെങ്കിൽ മുഹമ്മദ് സലീമിനെ ചുരുങ്ങിയത് പിബിയിൽ നിന്ന് പുറത്താക്കാനെങ്കിലും സിപിഎം തയ്യാറാവണ്ടേ ? പാർട്ടി ഉയർത്തിക്കൊണ്ടുവന്ന ഒരു പ്രശ്നത്തെ ഇങ്ങനെ അട്ടിമറിക്കാൻ ഒരു പിബി സഖാവ് തയ്യാറാവുക എന്നുവെച്ചാൽ……?. എന്താ അല്ലെ ഒരു മോദി എഫക്ട് ………..
Post Your Comments