അകോദര (ഗുജറാത്ത്): രാജ്യത്ത് നോട്ട് നിരോധനം വന്നതോടെ ജനങ്ങൾ ബാങ്കുകളുടെയും, ഏ.റ്റി.എമ്മുകളുടെയും മുമ്പിൽ ക്യൂ നിൽക്കുമ്പോൾ ഗുജറാത്തിലെ ഒരു കൊച്ചു ഗ്രാമം ഏവരെയും അതിശയപ്പെടുത്തുന്നു. കാരണം ഇവിടെ നോട്ടുമില്ല നോട്ടു ക്ഷാമവുമില്ല. അതു കൊണ്ട് ഇവിടെ എല്ലാം ശാന്തവും സമാധാനപരവുമാണ്.
വെറുമൊരു ഒരു ഫോണ്‍ മെസ്സേജിലൂടെയാണ് സബര്‍കന്ത ജില്ലയിലെ അകോദര ഗ്രാമത്തിലെ ജനങ്ങള്‍ തങ്ങളുടെ പണമിടപാടുകള്‍ യാതൊരു പ്രയാസവും കൂടാതെ നടത്തുന്നത്. പണം സ്വീകരിക്കേണ്ട ആൾ തന്റെ അക്കൗണ്ട് വിവരങ്ങളും നല്‍കേണ്ട തുകയും മെസ്സേജ് ആയി നല്‍കിയാല്‍ എത്ര ചെറിയ തുകയായാലും ബാങ്ക് ജീവനക്കാര്‍ ഉടൻ ഇടപാട് നടത്തും. ഇതിനായി ബാങ്കില്‍ പോവുകയോ ക്യൂ നില്‍ക്കുകയോ വേണ്ട.
അഹമ്മദാബാദില്‍നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലെയാണ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ ഗ്രാമമായ അകോദര. കഴിഞ്ഞ വര്‍ഷം സര്‍ക്കാരുമായി ചേര്‍ന്ന് ഇവിടത്തെ ഒരു സ്വകാര്യ ബാങ്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് എപ്പോൾ വൻ വിജയമായിരിക്കുന്നത്. വ്യക്തികള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളും ഇപ്രകാരം ആയതോടെ കടയില്‍ പോയി സാധനം വാങ്ങുമ്പോള്‍ പണത്തിനു പകരം, കടക്കാരന്റെ അക്കൗണ്ട് വിവരങ്ങളും തുകയും അടങ്ങുന്ന ഒരു മെസ്സേജ് ബാങ്കിലേയ്ക്ക് അയക്കുന്നു. സാധനം വാങ്ങുന്ന ആളുടെ അക്കൗണ്ടില്‍നിന്ന് തുക കടക്കാരന്റെ അക്കൗണ്ടിലേയ്ക്ക് ബാങ്ക് നിക്ഷേപിച്ചുകൊള്ളും.
1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം തങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് ഗ്രാമവാസിയായ പങ്കില്‍ പട്ടേല്‍ പറയുന്നത്. പുതിയ നോട്ടിനായി രാജ്യത്തെ ആളുകള്‍ നേട്ടോട്ടമോടുന്നത് ഇവിടത്തുകാര്‍ക്ക് കേട്ടുകേള്‍വി മാത്രമാണ്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നതിന് തങ്ങൾക്കും കടക്കാരന് കടയിലേയ്ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനും നോട്ടുകള്‍ ആവശ്യമില്ല. ഗ്രാമത്തില്‍ ഒരു എടിഎം മെഷീന്‍ മാത്രമാണുള്ളത്. അവിടെ നീളമേറിയ ക്യൂ കാണാനുമില്ല എന്ന് പട്ടേൽ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി 24 മണിക്കൂറും ഗ്രാമത്തില്‍ വൈ-ഫൈ ലഭ്യമാണ്. പതിനയ്യായിരത്തോളം വരുന്ന ഗ്രാമവാസികള്‍ക്ക് ബാങ്ക് അക്കൗണ്ടും ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനവും ലഭ്യമാണ്.
ഗ്രാമവാസികള്‍ക്കെല്ലാം മൊബൈല്‍ ഫോണുകളുണ്ട് എങ്കിലും എല്ലാവര്‍ക്കും സ്മാര്‍ട്ട്ഫോ ണുകളില്ലാത്തതിനാൽ എസ്എംഎസ് വഴിയുള്ള പണമിടപാട് സംവിധാനമാണ് കൂടുതലായും ആവിഷ്‌കരിച്ചത്. അകോദരയില്‍ വിജയകരമായി മുന്നോട്ടുപോകുന്ന ഈ സംവിധാനം എവിടെയും നടപ്പിലാക്കാമെന്നു ബാങ്ക് അധികൃതര്‍ പറയുന്നു.
Post Your Comments