NewsIndia

രാജ്യത്തിനകത്ത് പുതിയ കറന്‍സികള്‍ എത്തിക്കുന്നതിനുള്ള ദൗത്യം വ്യോമസേനയുടെ ഈ കരുത്തന്‍മാര്‍ക്ക്..

ന്യൂഡല്‍ഹി : രാജ്യം മുഴുവന്‍ നോട്ട് വിവാദം അലയടിച്ചുകൊണ്ടിരിക്കെ കേന്ദ്രസര്‍ക്കാരിനെതിരെ ഭിന്നാഭിപ്രായങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. റിസര്‍വ് ബാങ്ക് പുതിയതായി അടിച്ചിറക്കിയ 500 ന്റേയും, 1000 ത്തിന്റേയും, 100 ന്റേയും നോട്ടുകള്‍ രാജ്യത്തെമ്പാടും ചുരുങ്ങിയ സമയംകൊണ്ട് എത്തിക്കുക എന്നത് തീര്‍ത്തും ശ്രമകരമായ ഒരു ദൗത്യമായിരുന്നു. ഈ ദൗത്യം വിജയകരമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സഹായം തേടിയിരിക്കുകയാണ്.
ഇതിനായി ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ മി-17 ഹെലികോപ്റ്ററും സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനവുമാണ് ആര്‍ബിഐയില്‍ നിന്നും വിവിധ സെന്ററുകളിലേക്കും ആര്‍ബിഐയുടെ സോണല്‍ ഓഫീസുകളിലേക്കും നോട്ടുകള്‍ എത്തിക്കുക.
നോട്ടുകള്‍ എത്തിക്കുന്നതിന് മി-17 ഹെലികോപ്റ്റര്‍ തിരഞ്ഞെടുത്തതെന്നുവെച്ചാല്‍ എക്കാലത്തും ഇന്ത്യന്‍ സേനയുടെ വിശ്വസ്തനായ ഹെലികോപ്റ്ററാണ് റഷ്യന്‍ നിര്‍മിത മി17. കാര്‍ഗില്‍ യുദ്ധത്തിലും, നിയന്ത്രണരേഖ കടന്നു പാക്ക് അധീന കശ്മീരില്‍ (പിഒകെ) ഭീകരരുടെ ഇടത്താവളങ്ങളില്‍ ആക്രമണം നടത്താന്‍ കമാന്‍ഡോകളെ ഏറെ സഹായിച്ചതും മി–17 ഹെലികോപ്റ്ററുകളായിരുന്നു. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ പറന്ന് ഏകദേശം 1065 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ഹെലികോപ്റ്ററിന് കഴിയും.

ആയുധക്കടത്ത്, എസ്‌കോര്‍ട്ട്, പട്രോളിങ്, തിരച്ചിലും രക്ഷപ്പെടുത്തലും, തീയണക്കല്‍ എന്നീ ദൗത്യങ്ങള്‍ക്കും മി-–17നെയാണ് ഉപയോഗിച്ച് വരുന്നത്. മ്യാന്‍മറില്‍ കടന്നു ഭീകരരെ വധിക്കാന്‍ സേനയെ സഹായിച്ചതും മി-–17 ഹെലികോപ്റ്ററുകളായിരുന്നു. മി–17 ആദ്യമായി പുറത്തിറങ്ങുന്നത് 1975 ലാണ്. റഷ്യക്ക് പുറമെ അറുപതോളം രാജ്യങ്ങള്‍ ഈ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നു. ഏകദേശം 12,000 മി-–17 കോപ്റ്ററുകള്‍ ഇതിനകം പുറത്തിറങ്ങി കഴിഞ്ഞു. 18 മീറ്റര്‍ നീളമുള്ള മി–17 ന്റെ ചിറകിന്റെ നീളം 21 മീറ്ററാണ്. ടര്‍ബോഷാഫ്റ്റ് എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങ്ങിന്റെ ഹെവിലിഫ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റാണ് സി-17. 2010 ലാണ് ഈ വിമാനം ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഭാഗമാകുന്നത്. സൈനിക ആവശ്യത്തിനുള്ള ചരക്കുകള്‍ കടത്താനും രക്ഷാപ്രവര്‍ത്തനത്തിനുമാണ് ഈ വിമാനം പ്രധാനമായും ഉപയോഗിക്കുന്നത്. ഏതു ദുര്‍ഘട സാഹചര്യത്തിലും പ്രവര്‍ത്തിക്കാനുള്ള മികവാണ് സി-17നെ ലോകരാജ്യ സൈനിക ശക്തികളുടെ പ്രിയ വിമാനമാക്കി മാറ്റുന്നത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഹിമാലയന്‍ ബെയ്‌സില്‍ സി-17 നെ ഉപയോഗിക്കുന്നുണ്ട്. 128,100 കിലോഗ്രാം ഭാരവുള്ള ഈ വിമാനത്തിന് 26,350 കിലോഗ്രാം ഭാരം വഹിച്ചു വരെ പറന്നുയരാനാവും. മണിക്കൂറില്‍ 829 കിലോമീറ്ററാണ് വേഗത. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം രാജ്യത്തിനകത്തും പുറത്തും ട്രാന്‍സ്‌പോര്‍ട് ചെയ്യാന്‍ ഉപയോഗിക്കുന്നത് സി-17 എന്ന ഈ വിമാനമാണ്. ഇക്കാരണങ്ങളാലാണ് ഏറ്റവും സുരക്ഷാക്രമീകരണങ്ങളുള്ള വ്യോമസേനയുടെ ഈ കരുത്തന്‍മാരെ രാജ്യത്തിനകത്ത് പുതിയ കറന്‍സികള്‍ കൊണ്ടു പോകുന്നതിന് തിരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button