കൊല്ലം : കറന്‍സി നിരോധനം മറികടന്നു കള്ളപ്പണം വെളുപ്പിക്കാന്‍ മാഫിയകള്‍ സംഘടിതമായി ശ്രമം നടത്തുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബാങ്കുകളില്‍ നിന്നു നിരോധിച്ച നോട്ട് മാറ്റി വാങ്ങുന്നതു മുതല്‍ കെഎസ്‌ആര്‍ടിസിയിലെ ദൈനംദിന കലക്ഷന്‍ മറിക്കുന്നതുവരെ ഒട്ടേറെ തന്ത്രങ്ങളാണു കള്ളപ്പണക്കാര്‍ പയറ്റുന്നത്. കമ്മിഷന്‍ നല്‍കിയാണ് കള്ളപ്പണക്കാര്‍ ക്യൂവില്‍ ആള്‍ക്കാരെ നിറയ്ക്കുന്നത്.സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പിടിച്ചുപറിക്കാരും കൂലിത്തല്ലുകാരുമൊക്കെ അസാധുവായ നോട്ടുകള്‍ മാറിയെടുക്കാന്‍ ബാങ്കുകള്‍ക്കു മുന്നിലെ ക്യൂവില്‍ നില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പെട്രോള്‍ പമ്പുകളില്‍ നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കും. ഈ സൗകര്യവും കള്ളപ്പണക്കാര്‍ വിനിയോഗിക്കുന്നു. 500, 100 രൂപയുടെ നോട്ടു നിരോധനത്തിനുശേഷം പല പമ്പുകളിലെയും ‘കണക്കുകള്‍’ മുന്‍പത്തേതിനേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ പമ്പുകളുടെ വിവരം ആദായനികുതി വകുപ്പും ശേഖരിക്കുന്നു.കെഎസ്‌ആര്‍ടിസി ഡിപ്പോകള്‍ കേന്ദ്രീകരിച്ചു സന്ധ്യയ്ക്കുശേഷം കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നതായും ഇന്റലിജന്‍സിനു വിവരം ലഭിച്ചിട്ടുണ്ട്. അതാതു ദിവസത്തെ കലക്ഷനിലാണ് ഇൗ രീതിയില്‍ നോട്ടുകള്‍ മാറ്റിയെടുക്കുന്നവരുടെ കണ്ണ്.
നോട്ടുകള്‍ നിരോധിച്ച ഈമാസം എട്ടിനു രാത്രി മുതല്‍ ജ്വല്ലറികളില്‍നിന്നു വന്‍തോതില്‍ സ്വര്‍ണം വിറ്റുപോയിരുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്. വന്‍കിട നോട്ടുമറിക്കലിനെക്കുറിച്ച് ഇന്റലിജന്‍സിനു ലഭിച്ച വിവരങ്ങള്‍ ആദായനികുതി വകുപ്പ് അനൗദ്യോഗികമായി ശേഖരിക്കുന്നുണ്ട്.പൊതുവെ ഭൂമി റജിസ്ട്രേഷന്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഇത്തരം തട്ടിപ്പുകള്‍ക്കുവേണ്ടി കച്ചവടം നടക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍.
Post Your Comments