തിരുവനന്തപുരം: റിസർവ് ബാങ്ക് പ്രാഥമിക സഹകരണ ബാങ്കുകളും ക്രെഡിറ്റ് സൊസൈറ്റികളും വാണിജ്യ ബാങ്കുകളിലെയും അക്കൗണ്ടുകളിലേക്ക് ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി പണം മാറ്റുന്ന റിയൽടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ.ടി.ജി.എസ്) സംവിധാനം മരവിപ്പിച്ചു. ഇതോടെ സഹകരണ സംഘങ്ങൾക്ക് പണംമാറാനുള്ള എല്ലാവഴികളും അടഞ്ഞു. സംഘങ്ങളിലെ നിക്ഷേപത്തിന്റെയും പണമിടപാടുകളുടെയും കണക്കുകൾ പരിശോധിച്ചശേഷമേ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറിന് അനുമതിനൽകൂ.
ജില്ലാ ബാങ്ക് ജനറൽ മാനേജർമാരെ 9 മുതൽ 14 വരെയുള്ള പണമിടപാടിന്റെ വിവരങ്ങളും നീക്കിയിരിപ്പുള്ള പണത്തിന്റെ കണക്കും ഉടൻ അറിയിക്കണമെന്ന് സഹകരണ സൊസൈറ്റി രജിസ്ട്രാർ എസ്. ലളിതാംബിക പ്രാഥമിക ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ജില്ലാ ബാങ്കിൽ ഉൾപ്പെടെ ആയിരം, അഞ്ഞൂറ് രൂപയുടെ നോട്ടുകൾ നിക്ഷേപമായോ വായ്പാ തിരിച്ചടവായോ സ്വീകരിക്കുന്നത് റിസർവ് ബാങ്ക് വിലക്കിയിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ശാഖകൾക്കും അർബൻ ബാങ്കിന്റെ 61 ശാഖകൾക്കും മാത്രമായി നോട്ടുമാറ്റിയെടുക്കാനുള്ള അനുമതി പരിമിതപ്പെടുത്തി. അതുപോലെ ജില്ലാ ബാങ്കുകളിൽ ദൈനംദിന ഇടപാടുകൾക്ക് ശേഷം ബാക്കിവരുന്ന പണത്തിന്റെ വിവരങ്ങൾ റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. റിസർവ് ബാങ്കിൽ നിന്നു ലഭിച്ച രണ്ടരക്കോടി പ്രവർത്തനസ്തംഭനമൊഴിവാക്കാൻ ജില്ലാ ബാങ്കുകൾക്ക് വിതരണം ചെയ്തതായി സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് കുര്യൻ ജോയി പറഞ്ഞു.
ഏറ്റവും കൂടുതൽ അസാധു നോട്ടുകൾ അവശേഷിക്കുന്നത് മലപ്പുറം ജില്ലാ ബാങ്കിലാണ്. 500 കോടിയോളം നോട്ടുകളാണ് 54 ശാഖകളിലായി ഉള്ളത്. നോട്ടുകൾ അസാധുവാക്കിയശേഷം വായ്പാ തിരിച്ചടവായി മാത്രം 340 കോടിയിലേറെ രൂപയാണ് ശാഖകളിലെത്തിയത്. 162 കോടി രൂപയാണ് കോഴിക്കോട് ജില്ലാ ബാങ്കിൽ മാറിയെടുക്കാനുള്ളത്. 200 കോടിയോളം രൂപ തിരുവനന്തപുരം ജില്ലാബാങ്കിന് മാറിയെടുക്കാനുണ്ട്. ചില ശാഖകളിൽ പണം തീർന്നെങ്കിലും ദൈനംദിന ചെലവിന് പുതിയ നോട്ടുകളെത്തിച്ചു. ബാങ്ക് ഒഫ് ബറോഡയിൽ മാറിയെടുക്കാൻ നൽകിയ 15 കോടി തിരിച്ചെത്തിയില്ല.
വയനാട്ടിൽ 27 പ്രാഥമിക സംഘങ്ങളിൽ 30 കോടിയിലേറെ മാറാനുണ്ട്. എസ്.ബി.ഐയിൽനിന്ന് 25 കോടി ലഭിച്ചതാണ് ജില്ലാബാങ്കിന് ആശ്വാസമായത്. എറണാകുളം ജില്ലാ ബാങ്കിന്റെ 64 ശാഖകളിൽ മാത്രം 138 കോടിയുണ്ട്. സംഘങ്ങളിൽ നിന്ന് ശേഖരിച്ച 200 കോടി ശേഷിക്കുന്നു. കൊല്ലത്ത് ഐ.ഡി.ബി.ഐയിലൂടെ മാറാൻ 100 കോടി അയച്ചിരിക്കുകയാണ്. രണ്ടരക്കോടിയുടെ പുതിയ നോട്ട് ശാഖകളിലെത്തിച്ചു. സഹകരണമേഖലയിലെ പ്രതിസന്ധി ബോധ്യപെടുത്താൻ എം.പിമാരുടെ പ്രതിനിധിസംഘം ഇന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലിയെ കാണും.
Post Your Comments