ഇസ്‌ലാമബാദ് : ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തിന്റെ ഭാഗമായി പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസ് ഇന്ത്യാ സന്ദര്‍ശനം നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സമ്മര്‍ദ്ദത്തില്‍ അയവ് വരുത്താന്‍ ഇന്ത്യാ സന്ദര്‍ശനം പ്രയോജനപ്പെടുത്തുമെന്ന് സര്‍ത്താജ് അസീസ് അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘർഷാവസ്ഥ പരിഹരിക്കാന്‍ ഇത് നല്ലൊരു അവസരമാണെന്ന് വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസ് പിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാൽ ഇത് വരെയും ഔദ്യോഗികമായ കൂടിക്കാഴ്ചകള്‍ക്കായി ഇരു രാജ്യങ്ങളും നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് സര്‍ത്താജ് അസീസ് വ്യക്ത്തമാക്കി.
സെപ്തംബര്‍ മാസം നടന്ന ഉറി ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാകും ഉന്നത പാക് ഉദ്യോഗസ്ഥന്‍ ഇന്ത്യ സന്ദര്‍ശിക്കുക. ഉറി ഭീകരാക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടിരുന്നത്. ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും ആഴ്ചകളോളം പരസ്പര ആരോപണങ്ങളിൽ ഏര്‍പ്പെട്ടിരുന്നു.
ഡിസംബര്‍ ആദ്യ വാരത്തില്‍ അമൃത്സറില്‍ വെച്ചാണ് ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനം പദ്ധതിയിട്ടിരിക്കുന്നത്. സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങളിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സുരക്ഷയും, സമാധാനാന്തരീക്ഷം ഉറപ്പ് വരുത്താനുള്ള നടപടികളുമായിരിക്കും സമ്മേളനത്തിലെ ചർച്ചാ വിഷയം.
Post Your Comments