മലപ്പുറം: തട്ടികൊണ്ടുപോകല്‍ സംഘത്തില്‍ നിന്നും ഒരു വിദ്യാര്‍ത്ഥി രക്ഷപ്പെട്ടതോടെ മലപ്പുറത്ത് വ്യാപകമായ കുട്ടികടത്ത് നടന്നതായി സംശയം. കഴിഞ്ഞ ഒരാഴ്ചക്കിടെ നാലു കുട്ടികളെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പൊലീസില്‍ പരാതി ലഭിച്ചത്.
കല്‍പകഞ്ചേരി, തിരൂര്‍, താനൂര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷന്‍ പരിധികളിലായാണ് കഴിഞ്ഞ ദിവസങ്ങളില്‍ തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടന്നത്.
കഴിഞ്ഞദിവസം രാവിലെ സ്‌കൂളിലേക്കു പോകാന്‍ ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെയാണ് ഓമ്‌നി വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സൂചനകള്‍ പ്രകാരം പൊലീസ് പ്രതികള്‍ക്കായി വലവിരിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.
താനാളൂര്‍ ചുങ്കം സ്വദേശിയും വളവന്നൂര്‍ ബാഫഖി യതീംഖാന ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ പതിനഞ്ചുകാരനെയാണ് നീല ഓമ്‌നി വാനിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ആളൊഴിഞ്ഞ ഉള്‍ റോഡില്‍ വച്ചായിരുന്നു സംഭവം. ബസ് കയറാന്‍ നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് മുന്നില്‍ വാന്‍ നിര്‍ത്തി സംഘം ഒരു മൊബൈല്‍ പുറത്തേക്കിട്ട ശേഷം വിദ്യാര്‍ത്ഥിയോട് അതെടുത്തുകൊടുക്കാന്‍ പറയുകയും മൊബൈലുമായി അടുത്തെത്തിയ കുട്ടിയെ വാനിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു.
സംഘത്തിന്റെ പിടിയില്‍ അകപ്പെട്ട വിദ്യാര്‍ത്ഥിക്ക് രക്ഷപ്പെടാന്‍ പറ്റിയിരുന്നില്ല. ഈ സമയം എതിര്‍ദിശയില്‍ നിന്നും അതുവഴി വന്ന ഓട്ടോറിക്ഷയെ കണ്ടപ്പോള്‍ സംഘം ശ്രമം ഉപേക്ഷിക്കുകയും കുട്ടിയെ ശക്തിയോടെ പുറത്തേക്ക് തള്ളിയിടുകയും ചെയ്തു. റോഡരികില്‍ വീണ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.
നടുവിനും കാലിനും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മിഷന്‍ ആശുപത്രിയില്‍ നിന്നും തുടര്‍ ചികിത്സ നടത്തി. വാന്‍ നീല നിറത്തിലുള്ളതാണെന്നും കെഎല്‍ 11 111 എന്ന നമ്പറാണെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. താടി വച്ച രണ്ടു പേരാണ് വാനിലുണ്ടായിരുന്നത്. ഇവര്‍ തമിഴ് കലര്‍ന്ന മലയാളമാണ് സംസാരിച്ചിരുന്നതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവം നടന്നയുടനെ പൊലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് നീല ഓമ്‌നി വാനിനായി പൊലീസ് വലവിരിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ താനൂര്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയും ഓമ്‌നി വാനിലെത്തിയ സംഘം രണ്ട് സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചിരുന്നു. സമീപ പ്രദേശമായ തുവ്വക്കാട്, കന്മനം ഭാഗങ്ങളിലായിരുന്നു ഈ സംഭവങ്ങള്‍. സ്‌കൂളിലേക്കു പോകുകയായിരുന്ന കന്മനം എ.എം.യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും ഇതേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെയുമാണ് ഓമ്‌നി വാനിലെത്തിയ സംഘം അന്ന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.
ഇരു വിദ്യാര്‍ത്ഥികളും തുവ്വക്കാട് ഭാഗത്ത്‌നിന്നുള്ളവരാണ്. രാവിലെയും ഉച്ചയ്ക്കുമായിട്ടായിരുന്നു ഇരു സംഭവങ്ങളും നടന്നത്. രാവിലെ സ്‌കൂളിലേക്കു പോകുന്നതിനിടെ ആളൊഴിഞ്ഞ റോഡില്‍ വാഹനം നിറുത്തി നാലംക്ലാസുകാരിയായ വിദ്യാര്‍ത്ഥിയോട് വാഹനത്തില്‍ നിന്നിറങ്ങിയ രണ്ടു പേര്‍ പാടത്തേക്കുള്ള വഴി ചോദിച്ചു. ഇറങ്ങിയ രണ്ടു പേര്‍ അല്‍പം മുന്നോട്ടേക്കു നടന്നു.
പെണ്‍കുട്ടി മറുപടി പറയാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയെ വാഹനത്തിലേക്കു വലിച്ചിട്ടു. ഈ സമയം ഇയാള്‍ക്ക് ഫോണ്‍ വന്നിരുന്നതായും സാര്‍ എന്ന് അഭിസംബോധനം ചെയ്താണ് സംസാരിച്ചതെന്നും കുട്ടി പറഞ്ഞു. ഫോണില്‍ സംസാരിക്കുന്നതിനിടെ കാറിലുണ്ടായിരുന്നയാള്‍ കുട്ടിയുടെ കൈ വിട്ടിരുന്നു. ഉടന്‍ കുതറിയോടിയ കുട്ടി ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. വാഹനത്തിനു പുറത്തുണ്ടായിരുന്ന രണ്ടു പേര്‍ കുട്ടിയെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും കുട്ടി തൊട്ടടുത്തുള്ള അങ്ങാടിയിലെത്തിയതോടെ സംഘം ശ്രമം ഉപേക്ഷിച്ചു.
വഴിചോദിച്ചായിരുന്നു അഞ്ചാം ക്ലാസുകാരനെയും സംഘം വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചത്. സ്‌കൂളിലെത്തിയ കുട്ടികള്‍ അദ്ധ്യാപകരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് അദ്ധ്യാപകര്‍ കുട്ടികളുടെ രക്ഷിതാക്കളെയും കല്‍പകഞ്ചേരി പൊലീസിലും വിവരം അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് ഇരു കുട്ടികളുടെയും വീടുകളിലെത്തി പൊലീസ് മൊഴിയെടുത്തു. തന്നെ വാനിലേക്കു വലിച്ചിട്ട സമയം മുന്‍സീറ്റിലിരുന്ന ആളുടെ മടിയില്‍ ഒരു കുട്ടി ഉണ്ടായിരുന്നതായും ഈ കുട്ടിയുടെ വായ അമര്‍ത്തിപ്പിടിച്ചിരുന്നതായും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി പൊലീസിനോടു പറഞ്ഞു. വാഹനത്തിലുള്ളവരെ കണ്ടാല്‍ അറിയുമെന്നും കുട്ടി പറഞ്ഞു. അതേസമയം ഇതുവരെ എവിടെയും മിസ്സിങ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഈ സംഭവത്തിന്റെ രണ്ട് ദിവസം മുമ്പ് തിരുന്നാവായ എടക്കുളം ചങ്ങംപള്ളി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. കുട്ടികളുടെ മൊഴികള്‍ വലിയ കാര്യമാക്കാന്‍ പൊലീസും ബന്ധപ്പെട്ടവരും ശ്രമിച്ചിരുന്നില്ല. എന്നാല്‍ ഇന്നും സംഭവം ആവര്‍ത്തിച്ചതോടെ വിഷയം പൊലീസ് ഗൗരവമായാണ് എടുത്തിട്ടുള്ളത്.
ഈ വിദ്യാര്‍ത്ഥി കൃത്യമായ വിവരങ്ങള്‍ പൊലീസില്‍ പറഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംഘത്തിനായി പരിശോധന ഊര്‍ജിതമാക്കിയതായും മറ്റു സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Post Your Comments