ജനീവ: ലോകം ഏറ്റവും ചൂടേറിയ വര്‍ഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ കലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു. 2015 ആയിരുന്നു ഏറ്റവും ചൂടേറിയ വര്‍ഷം എന്ന റെക്കോര്‍ഡ് നേടിയത്. എന്നാൽ ആ റെക്കോർഡ് ഇപ്പോൾ 2016 സ്വന്തമാക്കിയെന്ന് വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ പീറ്റേറി താലസ് വാർത്താകുറിപ്പിൽ പറയുന്നു.
പസഫിക് സമുദ്രത്തിന് മുകളിലെ ഉഷ്ണക്കാറ്റ് ആഗോളതലത്തില്‍ തന്നെ ചൂട് വര്‍ധിപ്പിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഈ വര്‍ഷംആദ്യത്തെ മാസങ്ങളില്‍ ചൂട് കൂടിയത് എല്‍നിനോ എന്നറിയപ്പെടുന്ന പ്രതിഭാസം കാരണമായിരുന്നു എന്നാണ് കരുതിയിരുന്നത്. എന്നാൽ എല്‍നിനോ അടങ്ങിയ ശേഷവും അന്തരീക്ഷത്തിലെ ചൂട് കുറയാതെ നിന്നത് ശാസ്ത്രജ്ഞരെ ആശ്ചര്യപെടുത്തിയിട്ടുണ്ട്. ലോകത്തെ ഭൂരിപക്ഷം സമുദ്രങ്ങള്‍ക്കും കടലുകള്‍ക്കും ചുറ്റും ചൂട് കൂടിയിട്ടുണ്ടെന്നും സമുദ്രത്തിനടയിലെ ആവാസവ്യവസ്ഥയെ ഇത് സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൊറോക്കോയിലെ മെറാക്കഷില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിയില്‍ വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയായിട്ടുണ്ട്.
ആഗോളതാപനം പിടിച്ചു വയ്ക്കുന്നതില്‍ രാജ്യങ്ങള്‍ പരാജയമാണെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ 2015-നേക്കാളും 1.2 ഡിഗ്രീ സെല്‍ഷ്യസ് കൂടുതല്‍ 2016-ല്‍ രേഖപ്പെടുത്തുകയെന്ന് പറയുന്നുണ്ട്. കുവൈത്തിലെ ചില ഭാഗങ്ങളില്‍ ഈ വര്‍ഷം 55 ഡിഗ്രീ സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയ കാര്യവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അതേസമയം ആനുവല്‍ ഗ്ലോബല്‍ കാര്‍ബണ്‍ ബജറ്റ് റിപ്പോര്‍ട്ട് പ്രകാരം ഫോസില്‍ ഇന്ധനം കത്തിക്കുന്നതിലൂടെ ഉണ്ടാവുന്ന അന്തരീക്ഷ മലിനീകരണം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ആഗോളതലത്തിലുള്ള കാലാവസ്ഥ വ്യതിയാനത്തെ തടയാനാവുന്ന രീതിയില്‍ അന്തരീക്ഷ മലിനീകരണം കുറഞ്ഞിട്ടില്ല.
Post Your Comments