
കോലഞ്ചേരി: പോലീസിന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന് താനും കുടുംബവും ആത്മഹത്യ ചെയ്യുകയാണെന്ന് പ്രഖ്യാപിച്ച് യുവതി രംഗത്ത്. തൊടുപുഴ സ്വദേശി ജോളി വെറോണിയാണ് ആത്മഹത്യ ചെയ്യുകയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ തന്നെ, എസ്‌ഐ ലൈംഗികച്ചുവയുള്ള വാക്കുകളോടെയാണ് സ്വീകരിച്ചതെന്നും യുവതി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു . തന്നെ കടന്നുപിടിക്കാന്‍ വന്ന മൊബൈല്‍ ഷോപ്പുടമയ്‌ക്കെതിരെ പരാതിയുമായാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയപ്പോള്‍ പണം വേണോ എന്ന് എസ്.ഐ ചോദിച്ചു. പണം മാത്രമല്ല സുഖവും തരാം, ക്വാര്‍ട്ടേഴ്‌സിലേക്ക് പോര് എന്നായിരുന്നു എസ്‌ഐയുടെ പ്രതികരണമെന്നും യുവതി പോസ്റ്റില്‍ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതിന് രോഗിയായ ഭര്‍ത്താവിനെ പൊലീസ് ആക്രമിച്ച് ആശുപത്രിയിലാക്കിയെന്നും യുവതി പറയുന്നു. പിന്നീട് ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചെന്നും, രണ്ട് ദിവസം ഐസിയുവിലായിരുന്നെന്നും യുവതി വെളിപ്പെടുത്തി. പൊലീസില്‍ നിന്ന് ഉണ്ടാകുന്ന പീഡനങ്ങളെ തുടര്‍ന്ന് ആത്മഹത്യ മാത്രമേ തങ്ങള്‍ക്ക് മുന്നില്‍ വഴിയുള്ളൂവെന്ന് ഇരുവരും പറയുന്നു. സിപിഐഎം പ്രവര്‍ത്തകരാണ് ജോളിയും റജിയും. തങ്ങള്‍ ജീവനൊടുക്കുമെന്ന ജോളിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക് നയിച്ചത്.
പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാനിടയായ സംഭവം ഇങ്ങനെ, കഴിഞ്ഞ വ്യാഴാഴ്ച തൊടുപുഴ ടൗണിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മൊബൈലില്‍ ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്നാണ് ജോളി വെറോണിയെന്ന വീട്ടമ്മ, സൈറ മൊബൈല്‍സില്‍ ചാര്‍ജ് ചെയ്യാനായി പോയത്. ഫോണ്‍ കുത്തിവെക്കാന്‍ സഹായിച്ച കടക്കാരന്‍ തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് ജോളി ആരോപിക്കുന്നു. അകത്ത് കയറിവന്നാല്‍ ഫോണ്‍ മാത്രമല്ല, നിന്നേയും ചാര്‍ജ് ചെയ്യാമെന്നാണ് അന്‍പത് വയസോളം പ്രായമുള്ള കടക്കാരന്‍ പറഞ്ഞതെന്നും, തുടര്‍ന്ന് തന്നോട് അശ്ലീലം പറയുകയും കടന്ന് പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നും യുവതി പറഞ്ഞു. ഇത് കണ്ട് കടയിലേക്ക് കയറി വന്ന ഭര്‍ത്താവിനെ ആക്രമിക്കാന്‍ കടക്കാരന്‍ ശ്രമിച്ചു. ബഹളത്തെ തുടര്‍ന്ന് മറ്റു കച്ചവടക്കാര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് സ്റ്റേഷനിലെത്തിച്ചപ്പോള്‍ പ്രതിയോട് എസ്‌ഐ ദീര്‍ഘനേരം സംസാരിച്ചു. പ്രതിയെ കസേരയില്‍ എസ്‌ഐയ്ക്ക് അടുത്തിരുത്തി, തന്നെ വിളിച്ച് നിര്‍ത്തി കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നുവെന്നും ജോളി പറഞ്ഞു. പണം വേണമായിരുന്നോ എന്നാണ് ആദ്യം എസ്‌ഐ ചോദിച്ചത്. പിന്നെ പണം മാത്രമല്ല, സുഖവും തരാം, ക്വാര്‍ട്ടേഴ്‌സിലേക്ക് പോര് എന്ന് എസ്.ഐ പ്രതിയുടെ മുന്നില്‍ വെച്ച് പറഞ്ഞുവെന്നും ജോളി പറയുന്നു. ഇതുകേട്ട് പരാതിക്കാരിയുടെ ഭര്‍ത്താവായ റജിമോന്‍ സ്‌റ്റേഷനകത്തേക്ക് വന്നു. ഭാര്യയോട് അസഭ്യം പറയരുതെന്ന് എസ്‌ഐയോട് ആവശ്യപ്പെട്ടപ്പോള്‍, പറഞ്ഞാല്‍ എന്തുചെയ്യുമെന്ന് എസ്‌ഐ ചോദിക്കുകയായിരുന്നുവെന്നും ഇതിനെത്തുടര്‍ന്ന് എസ്‌ഐയും യൂണിഫോമിലും അല്ലാതെയുമുള്ള എട്ടോളം പൊലീസുകാരും ചേര്‍ന്ന് റജിമോനെ ക്രൂരമായി മര്‍ദിച്ചുവെന്നും ഇരുവരും പറയുന്നു. തുടര്‍ന്ന് അവശനായ റജിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും ഗുരുതരമായതിനെ തുടര്‍ന്ന് എസ്‌ഐ തന്നെ ഏര്‍പ്പാട് ചെയ്ത ആംബുലന്‍സില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നും ജോളി പറഞ്ഞു. പാവപ്പെട്ടവരായ തങ്ങള്‍ക്ക് ഡിസ്ചാര്‍ജിനുള്ള പണം പോലും സ്വന്തമായില്ലെന്നും ജോളി പറയുന്നു. സഹായത്തിനായി എസ്‌ഐയെ വിളിച്ചപ്പോള്‍, എന്ത് ചെയ്താലും കുഴപ്പമില്ലെന്നായിരുന്നു എസ്‌ഐയുടെ പ്രതികരണം. പരാതിയുമായി പോയാല്‍ ഭര്‍ത്താവിനെ പുറം ലോകം കാണിക്കില്ലെന്നും, തന്റെ ജീവിതം പിന്നെ അയാളാകും തീരുമാനിക്കുന്നതെന്നും എസ്‌ഐ പറഞ്ഞെന്നും യുവതി പറയുന്നു. ആര്‍ക്ക് പരാതി കൊടുത്താലും, പിണറായി വിജയന്‍ ഇടപെട്ടാലും തനിക്കൊരു പ്രശ്‌നവുമില്ലെന്നും എസ്‌ഐ വെല്ലുവിളി മുഴക്കിയെന്നും ജോളി പറഞ്ഞു.
Post Your Comments