Kerala

നമ്മുടെ കുട്ടികളുടെ പഠനം അന്തര്‍ദേശീയ നിലവാരത്തിലെത്തിക്കാനുള്ള കര്‍മ്മപദ്ധതി തയാര്‍

തിരുവനന്തപുരം : കേരളത്തിലെ സ്കൂളുകളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 45,000 ക്ലാസ്‌മുറികൾ ഹൈടെക്കാക്കുന്നു. ഇതിന്റെ സമീപനരേഖയും വിശദാംശങ്ങളും ഐ.ടി.@സ്കൂൾ പ്രസിദ്ധീകരിച്ചു. 2017 -2018 അദ്ധ്യയന വർഷത്തിനുള്ളിൽ പദ്ധതി പൂർത്തികരിക്കാനാണ് ലക്‌ഷ്യം.

ഭൗതിക, അക്കാദമിക്‌ ഡിജിറ്റൽ സംവിധാനങ്ങളാണ് സർക്കാർ കൊണ്ട് വരിക. ഐ.സി.ടി. ഉപകരണങ്ങൾ പ്രവർത്തിപ്പിച്ച് ക്ലാസെടുക്കാനും ഐ.ടി. അധിഷ്ഠിതമായി ഉള്ളടക്കം രൂപവത്കരിക്കാനും അധ്യാപകർക്ക് പരിശീലനം നൽകും. ഡിജിറ്റൽ ഇന്റര്‍ആക്റ്റീവ് പാഠപുസ്തകം, എല്ലാ വിഷയങ്ങളുടെയും പഠനത്തിന് സഹായകരമാംവിധം ഡിജിറ്റൽ ഉള്ളടക്കശേഖരം, മുഴുസമയ പോർട്ടൽ, മൂല്യനിർണയ സംവിധാനം എന്നിവയും നടപ്പിലാക്കും.

കമ്പ്യൂട്ടർ, മൾട്ടിമീഡിയ പ്രോജക്ടർ, ശബ്ദസംവിധാനം, ഇൻർനെറ്റ് കണക്ഷൻ എന്നിവ എല്ലാ ക്ലാസ്‌മുറികളിലും സജ്ജീകരിക്കും. ആദ്യഘട്ടത്തിൽ 15 ഡിവിഷനുകൾക്ക് ഒരു കമ്പ്യൂട്ടർലാബ് എന്ന രീതിയിൽ ആയിരിക്കും ഉപകരണങ്ങൾ നൽകുക. കുട്ടികൾക്ക് 3:1 എന്ന അനുപാതത്തിൽ ലാബിൽ കമ്പ്യൂട്ടർ ലഭ്യമാകും. ലാബിൽ പൊതുസർവർ കണക്ടിവിറ്റി, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്, ഓൺലൈൻ യു.പി.എസ്, എൽ.സി.ഡി. പ്രോജക്ടർ, ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേക സോഫ്റ്റ്‌വെയർ എന്നിവ സജ്ജമാക്കും.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എല്ലാ സ്കൂളിലെയും ഓഫ്‌ലൈൻ സർവറുകളിൽ ഉള്ളടക്കശേഖരം സ്ഥാപിച്ച് ലൈബ്രറിയും ലാബുമായി ബന്ധിപ്പിക്കും.

സ്കൂളുകളിൽ ഏർപ്പെടുത്തേണ്ട കാര്യങ്ങൾ കൃത്യമായി അറിയാൻ ഓൺലൈൻ സർവേ നവംബർ 15-ന് തുടങ്ങും. ഡിസംബർ 15-നകം തന്നെ സ്കൂളുകൾ വിവരങ്ങൾ നൽകണം എന്ന്‍ ഐ.ടി. അറ്റ് സ്കൂൾ ഡയറക്ടർ കെ. അൻവർ സാദത്ത് പറഞ്ഞു. ഇതിന് വേണ്ട സജ്ജീകരണങ്ങൾ ഏർപ്പെടുത്താനുള്ള അടിസ്ഥാനസൗകര്യം സ്കൂളുകൾതന്നെ ഒരുക്കണം. ഇതിനായി പൂർവവിദ്യാർഥികളുടെ മുതൽ എം.പി. ഫണ്ടുവരെ വിനിയോഗിക്കാം എന്നും ഡയറക്ടർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button