KeralaNews

സംസ്ഥാന സഹകരണ ബാങ്ക് കാലുമാറി : ജില്ലാബാങ്കുകളില്‍ അസാധുവാക്കിയ നോട്ടുകളുടെ കൂമ്പാരം

തിരുവനന്തപുരം: അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അംഗങ്ങളായ ഉപഭോക്താക്കളില്‍ നിന്നും പ്രാഥമികസംഘങ്ങളില്‍ നിന്നും സ്വീകരിച്ച ജില്ലാ സഹകരണ ബാങ്കുകള്‍ വെട്ടിലായി. ജില്ലാ സഹകരണ ബാങ്കുകള്‍ ശേഖരിച്ച കോടിക്കണക്കിനു രൂപ ഏറ്റെടുക്കാന്‍ സംസ്ഥാന സഹകരണ ബാങ്ക് തയ്യാറാകാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.
ഇടപാടുകാരില്‍ നിന്ന് വെള്ളിയാഴ്ച മുതല്‍ സ്വീകരിച്ച പഴയ നോട്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ കെട്ടിക്കിടക്കുകയാണ്. ഇടപാടുകാരില്‍ നിന്ന് സ്വീകരിക്കുന്ന പഴയ നോട്ടുകള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും അവയ്ക്ക് അക്കൗണ്ടുള്ള ബാങ്കുകളില്‍ നിക്ഷേപിക്കാനാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നത്. ഈ നിര്‍ദേശപ്രകാരമാണ് പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നുള്ള നോട്ടുകള്‍ ജില്ലാ ബാങ്കുകള്‍ സ്വീകരിച്ചത്. ജില്ലാ ബാങ്കുകള്‍ക്ക് അക്കൗണ്ടുള്ളത് സംസ്ഥാന സഹകരണ ബാങ്കിലാണ്. എന്നാല്‍ സംസ്ഥാന സഹകരണ ബാങ്ക് പണം സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കില്‍ മാത്രം 153 കോടി രൂപയാണ് നിക്ഷേപമായി സ്വീകരിച്ചത് കെട്ടിക്കിടക്കുന്നത്. കഴിഞ്ഞദിവസം തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കില്‍ നിന്നു കൊടുത്തയച്ച അഞ്ചുകോടി രൂപ സംസ്ഥാന ബാങ്ക് മടക്കിയയ്ക്കുകയായിരുന്നു. ഇടപാടുകാരില്‍ നിന്നു സ്വീകരിക്കുന്ന പണം മുഴുവന്‍ സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്നത് ജില്ലാ സഹകരണ ബാങ്കുകളെ ബുദ്ധിമുട്ടിക്കുന്നു.
കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലൊഴികെ എല്ലാ ജില്ലകളിലും സംസ്ഥാന ബാങ്കിന്റെ മേഖലാ കേന്ദ്രങ്ങളുണ്ട്. ഇതിനിടെ, അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയ ചൊവ്വാഴ്ച രാത്രിയില്‍ സംസ്ഥാനത്തെ സായാഹ്നശാഖകളുള്ള ചില സഹകരണ ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം നടന്നതുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് പരിശോധന തുടങ്ങി. ചില ജില്ലാ ബാങ്കുകളുടെ സെര്‍വറുകളില്‍നിന്ന് നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ആദായനികുതി അധികൃതര്‍ ശേഖരിച്ചു.

പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ പ്രാഥമികസംഘങ്ങള്‍ക്കുവരെ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത് കള്ളപ്പണനിക്ഷേപത്തിനു വഴിവെച്ചതായി ആദായനികുതി അധികൃതര്‍ സംശയിക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ക്ക് വ്യക്തികള്‍ക്കെന്ന പോലെ ധനകാര്യ സ്ഥാപനങ്ങള്‍ക്കും പാന്‍കാര്‍ഡ് ആവശ്യമാണ്. സ്വന്തമായി പാന്‍കാര്‍ഡുപോലുമില്ലാത്ത പ്രാഥമിക സംഘങ്ങള്‍ പഴയ നോട്ടുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ സംഘങ്ങള്‍ സ്വീകരിച്ച നോട്ടുകള്‍ ജില്ലാ ബാങ്കുകളില്‍ എത്തിച്ചപ്പോഴാണ് പാന്‍കാര്‍ഡില്ലെന്ന വിവരം അറിയുന്നത്. ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആദായനികുതി അധികൃതര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button