തിരുവനന്തപുരം : നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തില്‍ കുടുങ്ങി സംസ്ഥാനത്ത് ജനങ്ങളും ബാങ്കുകളും വലഞ്ഞു.
പലരും 2000 രൂപ വാങ്ങാന്‍ തയാറാകാത്തതു കാരണം ഇടപാടുകാരും ബാങ്ക് അധികൃതരും തമ്മില്‍ വാക്കേറ്റവും തുടങ്ങി. പല എടിഎമ്മുകളിലും വേഗം പണം തീരുകയും ചെയ്തു. പിന്‍വലിക്കല്‍ പ്രഖ്യാപനത്തിനു മുന്‍പ് എത്തിയ 100 രൂപയുടെയും 50 രൂപയുടെയും നോട്ടുകള്‍ ഇനി ബാക്കിയില്ലെന്നാണു പണം ആവശ്യപ്പെട്ട ബാങ്കുകള്‍ക്ക് ഇന്നലെ റിസര്‍വ് ബാങ്കില്‍ നിന്നു ലഭിച്ച മറുപടി.
ഉപയോഗയോഗ്യമല്ലെന്നു കണ്ടു മാസങ്ങള്‍ക്കു മുന്‍പു പിന്‍വലിച്ചു സൂക്ഷിച്ച 100, 50 നോട്ടുകള്‍ ഗത്യന്തരമില്ലാതെ ആര്‍ബിഐ പുറത്തെടുത്തു വിതരണം ചെയ്തു. ഇവ സാങ്കേതിക തടസ്സം കാരണം എടിഎമ്മില്‍ നിറയ്ക്കാനാകില്ല.
10 രൂപയുടെ നാണയങ്ങളും ആര്‍ബിഐ ലഭ്യമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച നൂറിന്റെയും അന്‍പതിന്റെയും പുതിയ നോട്ടുകള്‍ എത്തുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ. ഇന്ന് രാവിലെ 10 മുതല്‍ നാലു വരെയാണു ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.
കെഎസ്ഇബി ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതിനിരക്കു മാത്രം പഴയ നോട്ടുകളില്‍ സ്വീകരിക്കും. നല്‍കുന്ന നോട്ടുകളുടെ സീരിയല്‍ നമ്പര്‍, കണ്‍സ്യൂമര്‍ നമ്പര്‍ എന്നിവ കൂടി രേഖപ്പെടുത്തി നല്‍കണം.
റെയില്‍വേ പഴയ നോട്ട് ഇപ്പോഴും സ്വീകരിക്കുന്നുണ്ട്.
Post Your Comments