കേരളം ഇപ്പോള്‍ രൂക്ഷമായ വരൾച്ചയുടെ പിടിയില്‍. മഴയിൽ 61 ശതമാനത്തിന്റെ കുറവുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കാലവർഷത്തിനൊപ്പം തുലാമഴയും കനിയാത്തതാണ് തിരിച്ചടിയായത്. കഴിഞ്ഞ ഒരു മാസത്തിനിടെ ലഭിക്കേണ്ട മഴയിലാണ് കുറവ് രേഖപ്പെടുത്തിയത്.
തെക്കൻ ജില്ലകളിൽ 55 ശതമാനം മഴയും വടക്കൻ ജില്ലകളിൽ 85 ശതമാനം മഴയും തന്നിരുന്ന കാലവർഷം ഇത്തവണ എത്തിയില്ല. അതിനു തുണയാകേണ്ട തുലാപ്പെയ്ത്തും വന്നില്ല. ഇനിയും മഴ വന്നില്ലെങ്കിൽ സംസ്ഥാനം വരണ്ടുണങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യന്‍ സംസ്ഥാനങ്ങളിൽ ഏറ്റവുമധികം ജല ഞെരുക്കം അനുഭവപ്പെടുന്ന സംസ്ഥാനമായി കേരളം ഇപ്പോള്‍ മാറിയിരിക്കുകയാണ്. ഒക്ടോബർ ഒന്നുമുതൽ നവംബർ 2 വരെ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയിൽ 61 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.
ഏറ്റവും കുറവ് മഴ കിട്ടിയത് കോഴിക്കോടും കാസർകോടും വയനാടും തിരുവനന്തപുരത്തുമാണ്. തിരുവനന്തപുരത്തും കോഴിക്കോടും 84 ശതമാനവും കാസർകോട് 81ഉം കണ്ണൂർ 76ഉം വയനാടും തൃശൂരും 68 ശതമാനവും മഴയിൽ കുറവുണ്ടായി.
ഇതോടൊപ്പം അല്‍പ്പം ആശ്വാസമായി കൊല്ലത്തും പത്തനംതിട്ടയും മാത്രമാണ് കുറച്ചെങ്കിലും മഴ കിട്ടിയത്. കാലാവസ്ഥാപരമായ വരൾച്ചയുടെ പിടിയിലായ സംസ്ഥാനത്ത് യുദ്ധകാലാടിസ്ഥാനത്തിൽ കുടിവെളളം സംരക്ഷിക്കാനുളള നടപടികളാണ് ഇനി ആവശ്യം.
Post Your Comments