Kerala

കള്ളപ്പണം നിക്ഷേപിക്കാന്‍ അതിബുദ്ധി കാട്ടിയവര്‍ ആദായ നികുതി വകുപ്പിന്‍റെ വലയില്‍ കുരുങ്ങും

തിരുവനന്തപുരം : 500 ,1000 നോട്ടുകൾ അസാധുവാക്കിയ ദിവസം സംസ്ഥാനത്തെ വിവിധ സായാഹ്ന ശാഖകളിലായി വൻ തോതിൽ കള്ളപ്പണ നിക്ഷേപം നടന്നതായി സൂചന. ഇതേ തുടർന്ന് ഈ ബാങ്കുകളിലെ അവസാനത്തെ മൂന്ന് പ്രവൃത്തിദിവസങ്ങളിലെ ഇടപാട് പരിശോധിക്കാന്‍ ആദായനികുതിവകുപ്പധികൃതര്‍ തീരുമാനിച്ചു.

സഹകരണ ബാങ്കുകളുടെ സായാഹ്നശാഖകള്‍ വൈകീട്ട് രണ്ടുമുതല്‍ എട്ടുവരെയാണ് പ്രവര്‍ത്തിക്കുക. നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനം വന്ന രാത്രിയില്‍ ചില സഹകരണബാങ്കുകള്‍ ഏറെവൈകിയാണ് അടച്ചത്. ഇരുപതിലധികം ബ്രാഞ്ചുകളില്‍ ഇങ്ങനെ നിക്ഷേപം നടന്നതായാണ് ആദായനികുതിവകുപ്പിന് ലഭിച്ച വിവരം. ഈ ബാങ്കുകൾ എല്ലാം ഇപ്പോൾ നിരീക്ഷണത്തിലാണ്.

അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സഹകരണബാങ്കുകള്‍വഴി സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞദിവസം അനുമതി നല്‍കി. ഇതേ തുടർന്ന് വെള്ളിയാഴ്ച അഞ്ചുകോടി രൂപയുടെ പഴയ നോട്ടുകളാണ് തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് വഴിമാത്രം സ്വീകരിച്ചത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും കൂടി അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി.

എന്നാല്‍ ഈ സൗകര്യം ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് സംസ്ഥാന സഹകരണബാങ്ക് നല്‍കുന്നില്ലെന്ന് പരാതിയുണ്ട്. പണം സ്വീകരിക്കാന്‍ സംസ്ഥാന സഹകരണ ബാങ്ക് തയ്യാറാകുന്നില്ലെന്നാണ് പരാതി. ഇടപാടുകാരില്‍നിന്ന് സ്വീകരിക്കുന്ന പണം മുഴുവന്‍ സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്നത് ജില്ലാ സഹകരണ ബാങ്കുകളെ ബുദ്ധിമുട്ടിക്കുന്നു.

shortlink

Post Your Comments


Back to top button