Kerala

പൊലീസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയിൽ ഉടൻ അഴിച്ചു പണിക്കു സാധ്യത. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനമുള്‍പ്പെടെയുള്ളവ മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നതിനാല്‍ മുഴുവനായ മാറ്റത്തിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ക്രൈംബ്രാഞ്ച് മേധാവിയായി വനിതാഉദ്യോഗസ്ഥയെ കൊണ്ടുവരുന്നതുള്‍പ്പെടെ പൊലീസ് ആസ്ഥാനത്തും റേഞ്ച് ഐ.ജി തലത്തിലുമുള്ള മാറ്റങ്ങളാണ് സർക്കാർ പരിഗണയിൽ ഉള്ളത്. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ റേഞ്ച് ഐ.ജിമാര്‍ക്കും മാറ്റമുണ്ടായേക്കും. ചില ഉദ്യോഗസ്ഥര്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകാനുള്ള നീക്കങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇതു സംബന്ധിച്ച അന്തിമതീരുമാനമായിട്ടില്ല.

ബിവറേജസ് കോര്‍പറേഷന്‍ എം.ഡിയായി ഡെപ്യൂട്ടേഷനില്‍ പോയ ഐ.ജി എച്ച്. വെങ്കിടേഷിനെ ക്രമസമാധാന ചുമതലയിലോ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയിലോ നിയമിക്കാനാണ് സാധ്യത. എന്നാല്‍, ഇദ്ദേഹത്തെ മാറ്റരുതെന്നാണ് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

പൊലീസ് ആസ്ഥാനം ഐ.ജി സുരേഷ് രാജ് പുരോഹിതിനെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമായതായി സൂചന. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനെ ഇവിടേക്ക് പരിഗണിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ കൈക്കൊള്ളുമെന്ന് കരുതുന്നു.

ക്രമസമാധാനരംഗത്ത് മികവ് തെളിയിക്കാത്തവരും പ്രതീക്ഷക്കൊത്തുയരാത്തവരുമായ എസ്.പിമാര്‍ക്കും മാറ്റമുണ്ടായേക്കും. ക്രൈംബ്രാഞ്ചിനെ ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ താല്‍പര്യമെന്നറിയുന്നു. പ്രധാനപ്പെട്ട കേസുകള്‍ പലതും കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിനെ കാര്യക്ഷമമാക്കാന്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്ന കാര്യവും ആലോചനയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button