കൊച്ചി: 500ന്റെയും 1000ന്റെയും നോട്ട് അസാധുവാക്കിയത് സാധാരണക്കാരെ അക്ഷരാര്‍ത്ഥത്തില്‍ വലച്ചു. നോട്ട് മാറാന്‍ ബാങ്കുകളിലും മറ്റും നീണ്ട ക്യൂ ആണ് കാണാന്‍ കഴിഞ്ഞത്. ഇതിനിടയില്‍ വ്യത്യസ്തമായൊരു കാഴ്ചയാണ് എറണാകുളത്തെ റെയില്‍വെ സ്‌റ്റേഷനില്‍ കണ്ടത്. ഇതാണ് ശരിയായ മലയാളി എന്നു പറഞ്ഞു പോകും. നോട്ട് മാറാന്‍ ഒരു യുവാവ് കണ്ട വഴി ആരെയും അതിശയിപ്പിക്കും.
റെയില്‍വെ സ്റ്റേഷനിലെത്തിയ ഇയാള്‍ ഡല്‍ഹിക്ക് സെക്കന്‍ഡ് ക്ലാസ് എസിയില്‍ ആറ് ടിക്കറ്റ് എടുത്തു. നവംബര്‍ 28ന് പോയി ഡിസംബര്‍ 15ന് തിരിച്ചു വരാനുള്ള ടിക്കറ്റാണ് എടുത്തത്. 40,800 രൂപയുടെ ടിക്കറ്റുകളാണ് എടുത്തത്. ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്.
ടിക്കറ്റ് എടുത്ത് കുറച്ച് സമയത്തിനുള്ളില്‍ ഇയാള്‍ മറ്റൊരു കൗണ്ടറില്‍ നിന്നും ഇതേ രീതിയില്‍ മുംബൈയ്ക്കും ടിക്കറ്റ് എടുത്തു. നവംബര്‍ 20ന് പോകാനും ഡിസംബര്‍ അഞ്ചിന് തിരികെ വരാനുമുള്ള രീതിയില്‍ ആയിരുന്നു ഇത്തവണ ടിക്കറ്റ് എടുത്തത്. 31800 രൂപയുടെ ടിക്കറ്റുകളായിരുന്നു ഇത്. എന്നാല്‍ ആദ്യമെടുത്ത ടിക്കറ്റില്‍ ഡിസംബര്‍ 15ന് ഡല്‍ഹിയിലുണ്ടാവുമെന്ന രീതിയായിരുന്നു. ഒരേ ആളുകളുടെ വിവരങ്ങള്‍ കൊടുത്ത് മുംബൈയ്ക്കും ഡല്‍ഹിക്കും പോവുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് അധികൃതര്‍ക്ക് വാസ്തവത്തില്‍ സംഭവം മനസിലായത്. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ പിന്നീട് ക്യാന്‍സല്‍ ചെയ്ത് കള്ളപ്പണം വെളുപ്പിക്കാനാണോ എന്ന് സംശയം തോന്നിയതോടെ അധികൃതര്‍ പരിശോധിച്ചു.
71600 രൂപയ്ക്കാണ് ഇയാള്‍ ടിക്കറ്റ് എടുത്തത്. ഈ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്താല്‍ 70,000 രൂപയാണ് തിരികെ ലഭിക്കുക അതായത് ക്യാന്‍സല്‍ ചെയ്താല്‍ എഴുപതിനായിരം രൂപയുടെ പുതിയ നോട്ടുകള്‍ തിരികെ ലഭിക്കും. എങ്ങനെയുണ്ട് മലയാളിയുടെ ബുദ്ധി..?ബാങ്കുകളിലൊന്നും ക്യൂ നിന്ന് ബുദ്ധിമുട്ടാതെയുള്ള ഇയാളുടെ തന്ത്രം അതിശയിപ്പിക്കുന്നതു തന്നെ.
എന്നാല്‍, അധികൃതര്‍ സംഭവം അറിഞ്ഞതോടെ ഇയാളോട് കാര്യം തിരക്കി. ഉടനെ ഇയാള്‍ സ്ഥലം വിടുകയായിരുന്നു. പിന്നീട് സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്കാണ് ഇയാള്‍ പോയത്. എന്നാല്‍, ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ സ്‌റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു. അതുകൊണ്ട് അയാള്‍ക്ക് പിന്നീട് ടിക്കറ്റ് എടുക്കാന്‍ കഴിഞ്ഞില്ല. അതേസമയം ഇയാള്‍ക്കെതിരെ നിയമനടപടികള്‍ക്കൊന്നും വകുപ്പില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
Post Your Comments