NewsIndia

റദ്ദാക്കിയ നോട്ടുകള്‍ ഇടപാടുകാരില്‍നിന്ന് എങ്ങിനെ തിരിച്ചെടുക്കുമെന്ന് വ്യക്തമാക്കി രാജ്യത്തെ ബാങ്കുകള്‍

ന്യൂഡല്‍ഹി: 1000, 500 രൂപ നോട്ടുകള്‍ അസാധുവായതോടെ ബാങ്കുകള്‍ തിരിച്ചെടുക്കേണ്ട കറന്‍സികള്‍ 13.6 ലക്ഷം കോടി രൂപയുടേതെന്ന കണക്കുകള്‍. ആകെ കറന്‍സികളുടെ 80 ശതമാനമെങ്കിലും തിരിച്ചെടുക്കാനാണ് ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. 17 ലക്ഷം കോടി രൂപയുടെ 1000, 500 രൂപ നോട്ടുകളാണ് രാജ്യത്താകമാനമുള്ളത്.
അസാധുവാക്കിയ നോട്ടുകള്‍ തിരിച്ചെടുക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള കഠിന ശ്രമത്തിലാണ് എസ്.ബി.ഐ അടക്കമുള്ള ഇന്ത്യന്‍ ബാങ്കുകള്‍.

കൃത്യമായ പാതയിലേക്ക് കാര്യങ്ങള്‍ എത്തുന്നതു വരെ ബാങ്കുകളിലെ ഇടപാടുകളില്‍ കാലതാമസവും തടസ്സവും നേരിട്ടേക്കാമെന്ന മുന്നറിയിപ്പും ബാങ്കുകള്‍ നല്‍കുന്നുണ്ട്.

രാജ്യത്താകമാനമുള്ള ക്യാഷ് ഡെപ്പോസിറ്റിങ് മെഷീനുകള്‍ വഴി ഇടപാടുകള്‍ ക്രോഡീകരിക്കാനുള്ള ശ്രമമമാണ് എസ്.ബി.ഐ നടത്തിവരുന്നത്. വന്‍ തോതില്‍ ഒഴുകിയെത്തുന്ന അസാധുവായ നോട്ടുകള്‍ എണ്ണാന്‍ വലിയ നോട്ടെണ്ണല്‍ മെഷീനുകള്‍ ബാങ്ക് ശാഖകളില്‍ സ്ഥാപിക്കാനും വിവിധ ബാങ്കുകള്‍ ശ്രമം നടത്തുന്നുണ്ട്.

എടിഎമ്മുകളില്‍ നിന്ന് ആളുകള്‍ കൂടുതലായി പണം പിന്‍വലിക്കുമെന്നതിനാല്‍ നിരന്തരം പണം നിറയ്‌ക്കേണ്ടി വരുമെന്ന വെല്ലുവിളിയും ബാങ്കുകളെ അലട്ടുന്നുണ്ട്. വന്‍തോതില്‍ പണം കൊണ്ടുപോകാനുള്ള സുരക്ഷാ സംവിധാനങ്ങളുള്ള പതിനായിരത്തോളം വാഹനങ്ങള്‍ മാത്രമാണ് രാജ്യത്തെ ആകെ വരുന്ന 2.15 ലക്ഷം എടിഎം കൗണ്ടറുകളിലേക്ക് പണമെത്തിക്കാനായി ഉള്ളത്.

2000 രൂപയുടെ നോട്ടുകള്‍ എത്തുന്നതു വരെ 100 രൂപയുടെ നോട്ടുകളാവും എടിഎമ്മുകളില്‍ നിറയ്‌ക്കേണ്ടി വരിക എന്നതും പ്രശ്‌നമാണ്. എന്നാല്‍ ഇതിനകം തന്നെ 2000 രൂപ കറന്‍സികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട് എന്നത് ബാങ്കുകള്‍ക്ക് ഒരു പരിധിവരെ ആശ്വാസം പകരുന്നുണ്ട്.
ഒരു ദിവസം എടിഎം വഴി പിന്‍വലിക്കാവുന്ന പരമാവധി തുക 30000 മുതല്‍ 35000 വരെയാക്കി ചുരുക്കാന്‍ ആലോചിക്കുന്നതായി ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകളുടെ പ്രതിനിധികള്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button