ന്യൂഡല്‍ഹി: വിമാനങ്ങളും, റോക്കറ്റുകളും ചെറു ഡ്രോണുകളമടക്കമുള്ള പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയം 82,000 കോടിയുടെ കരാറിന് അംഗീകാരം നല്‍കി.അതേസമയം, ജപ്പാനില്‍ നിന്ന് കരയിലും വെള്ളത്തിലും ഉപയോഗിക്കാവുന്ന യുഎസ് 2ഐ വിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്തില്ല. 10,000 കോടി മുടക്കി 12 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ഒപ്പിടാന്‍ തീരുമാനിച്ചിരുന്നതാണ്.
വ്യോമസേനയ്ക്കും കരസേനയ്ക്കുമായി 50.025 കോടി ചെലവിട്ട് 83 തേജസ് മാര്‍ക്ക് 1എ വിമാനങ്ങള്‍ വാങ്ങാനും കൗണ്‍സില്‍ അനുമതി നല്‍കി. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡ് നിര്‍മിക്കുന്ന ലൈറ്റ് കോംബാറ്റ് (എല്‍.സി.എ) ഇനത്തില്‍പെട്ട 15 വിമാനങ്ങളും വാങ്ങും. ഇതിനായി 2911 കോടിയാണ് ചെലവിടുക. റഷ്യയില്‍ നിന്ന് 464 ടി 90 ടാങ്കുകള്‍ 13,448 കോടിക്കും 598 ആളില്ലാത്ത ചെറു ഡ്രോണുകള്‍ (യു.എ.വി) 1,100 കോടി ചെലവിട്ടും വാങ്ങും. ഇതാദ്യമായി തദ്ദേശീയമായി രൂപകല്‍പന ചെയ്ത് നിര്‍മിക്കുന്ന എല്‍.സി.എ, തേജസ് വിമാനങ്ങള്‍ക്കും കൗണ്‍സില്‍ അംഗീകാരം നല്‍കി. വ്യോമസേനയ്ക്ക് 10 കോംപാറ്റ് വിമാനങ്ങള്‍ ലഭിക്കുമ്പോള്‍ കരസേനയ്ക്ക് അഞ്ചെണ്ണമാവും ലഭിക്കുക. പിനാക റോക്കറ്റുകള്‍ക്കായി 14,633 കോടിയും ചെലവിടും. 12 റോക്കറ്റുകളടങ്ങിയ സെറ്റില്‍ ആറ് വീതം ബാറ്ററികളും ലോഞ്ചറുകള്‍, റോക്കറ്റുകള്‍ നിറയ്ക്കാനുള്ള മൂന്ന് വാഹനങ്ങള്‍, രണ്ട് കമാന്‍ഡ് പോസ്റ്റ് വാഹനം (ഒരെണ്ണം പകരം ഉപയോഗിക്കാവുന്നവ), ഫയര്‍ കണ്‍ട്രോള്‍ കംപ്യൂട്ടര്‍, റഡാറും എന്നിവയും ഉണ്ടാവും.
അതേസമയം, പുതിയ കരിമ്പട്ടിക നയത്തിനും കൗണ്‍സില്‍ രൂപം നല്‍കിയിട്ടുണ്ട്. പുതിയ നയത്തിലെ വ്യവസ്ഥകള്‍ ഏതൊക്കെയാണെന്ന് പുറത്ത് വിട്ടിട്ടില്ല. ക്രമക്കേട് കാണിക്കുന്ന കമ്പനികളോട് ഒരു തരത്തിലുള്ള ഉദാരമനസ്‌കതയും കാണിക്കില്ല. അതേസമയം, ആധുനികവത്കരണത്തെ ബാധിക്കാത്ത തരത്തിലായിരിക്കും കമ്പനികളുമായുള്ള ഇടപാട്.
Post Your Comments