ന്യൂഡല്‍ഹി: ഒരാഴ്ചയായി തുടരുന്ന കനത്ത പുകമഞ്ഞും അന്തരീക്ഷ മലിനീകരണവും നേരിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ക്കു തുടക്കമിട്ടു. കൃത്രിമ മഴയിലൂടെ പുകമഞ്ഞു നീക്കാനുള്ള സാധ്യത സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് നഗരത്തിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ചവരെ അവധി പ്രഖ്യാപിച്ചു. കാഴ്ച തടസ്സം നീക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നഗര റോഡുകളില്‍ വെള്ളം തളിച്ചു തുടങ്ങി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചു ദിവസം വിലക്കേര്‍പ്പെടുത്തി. ആശുപത്രികള്‍, മൊബൈല്‍ ടവറുകള്‍ എന്നിവയ്ക്കു വേണ്ടിയല്ലാതെ ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും അഞ്ചു ദിവസത്തേക്കു വിലക്കി.
ബദര്‍പുര്‍ ഊര്‍ജ പ്ലാന്റ് പത്തു ദിവസത്തേക്ക് അടച്ചു. നഗരത്തില്‍ സേവനമനുഷ്ഠിക്കുന്ന ഏഴായിരത്തോളം സിഐഎസ്എഫ് അംഗങ്ങള്‍ക്ക് പ്രത്യേക മുഖാവരണം ലഭ്യമാക്കി. ഡല്‍ഹിയില്‍ സമീപദിവസങ്ങളില്‍ ശ്വാസകോശ രോഗങ്ങള്‍ മൂലം ചികില്‍സ തേടുന്നവരുടെ എണ്ണം കൂടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കുട്ടികളും ഗര്‍ഭിണികളും ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ കഴിയുന്നത്ര സമയം വീടിനകത്തു കഴിയണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്.
Post Your Comments