കൊച്ചി: വീടിന് ആവശ്യത്തിനു സൗകര്യങ്ങള്‍ ഇല്ല, തുണിയുണക്കാന്‍ സ്ഥലമില്ല, ഒരു മുറിയില്‍ പൊലീസുകാരും അതിനാല്‍ വീടിനു സൗകര്യം വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യവുമായി പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥി ജിഷയുടെ അമ്മ രാജേശ്വരി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നൽകി.കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കളക്ടറെ നേരില്‍ കണ്ടാണ് ജിഷയുടെ മാതാവ് രാജേശ്വരി ഈ വിഷയത്തില്‍ ആവലാതി ബോധിപ്പിച്ചത്.സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്കിയ രണ്ടു മുറിയും അടുക്കളയും ഹാളുമുള്ള കെട്ടിടത്തില്‍ നിലവിലെ സാഹചര്യത്തില്‍ തങ്ങളുടെ ജിവിതം ദുസഹമാണെന്നാണ് രാജേശ്വരിയുടെ വാദം.
ജിഷ കൊലപാതകത്തിന് ശേഷം ജിഷയുടെ അമ്മ രാജേശ്വരിക്കും ചേച്ചി ദീപക്കും സര്‍ക്കാര്‍ ചിലവില്‍ വീട് നിര്‍മിച്ചു നല്‍കിയിരുന്നു. കൂടാതെ നിരവധി ആനുകൂല്യങ്ങളും ജിഷയുടെ കുടുംബത്തിനു ലഭിച്ചിരുന്നു.കളക്ടറുടെയും രാജേശ്വരിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടില്‍ വന്നിട്ടുള്ള പണം ഉപയോഗപ്പെടുത്തി വീടിന് മുകളിലേക്ക് ഒരു നില കൂടി പണിയണമെന്നാണ് ഇവര്‍ കളക്ടറുടെ മുന്നില്‍ ഉന്നയിച്ച ആവശ്യം.എന്നാല്‍ ഈ ആവശ്യം കളക്ടര്‍ അംഗീകരിച്ചില്ല.അടിയന്തര ധനസഹായമായിക്കിട്ടിയ ഒരു ലക്ഷം രൂപ നിലവിലെ താമസസ്ഥലത്ത് കുഴല്‍കിണര്‍ താഴ്ത്താന്‍ തികഞ്ഞില്ലെന്നും ഒരുലക്ഷത്തിമുപ്പതിനായിരം രൂപയോളം ചെലവിലാണ് വീട്ടാവശ്യത്തിനായി ഇവിടെ കുഴല്‍ കിണര്‍ താഴ്ത്തിയതെന്നും രാജേശ്വരി ഒരു മാധ്യമത്തിനോട് വ്യക്തമാക്കി.
അകനാട് മൂലേപ്പാടത്ത് ആറുസെന്റില്‍ 620 ചതുരശ്രയടി വരുന്ന കോണ്‍ക്രീറ്റ് കെട്ടിടമാണ് സര്‍ക്കാര്‍ രാജേശ്വരിക്ക് നിര്‍മ്മിച്ച് നല്‍കിയത്. 42 ദിവസം കൊണ്ട് 11 ലക്ഷം രൂപയോളം ചിലവഴിച്ചാണ് നിര്‍മ്മിതി കേന്ദ്രം വീടുനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മൂന്നുവശം ചുറ്റുമതിലും തീര്‍ത്തിട്ടുണ്ട്. രാജേശ്വരിയുടെ സൗകര്യാര്‍ത്ഥം അലക്കുകല്ലും അരകല്ലുമുള്‍പ്പെടെയുള്ള നിലവിലെ ജീവിതസാഹചര്യത്തിന് അനുയോജ്യമായ ഒട്ടുമിക്ക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് നിര്‍മ്മിതി കേന്ദ്രം അധികൃതര്‍ വ്യക്തമാക്കിയിരുന്നു.സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ ക്ഷേമസമിതി അനുവദിച്ച 8.25 ലക്ഷം രൂപയുടെ ധനസഹായം കഴിഞ്ഞ ദിവസം രാജേശ്വരിക്ക് ലഭിച്ചു.
ഇത് ഏതു ബാങ്ക് അക്കൗണ്ടില്‍ എല്പ്പിച്ചുവെന്നും പാസ്സായോ എന്നറിയില്ലെന്നും ഇതുള്‍പ്പെടെ അക്കൗണ്ടില്‍ എത്രതുകയുണ്ടെന്ന് തനിക്കറിയില്ലെന്നും ഇവർ പറയുന്നു.പാര്ട്ടിക്കാര് പിരിച്ചുനല്‍കി ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള തുകയുടെ പലിശയും സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ പെന്‍ഷനുമാണ് നിലവിലെ വരുമാനമെന്നും ഇത് തന്റെയും മകളുടെയും ആശുപത്രി ചെലവിനും മറ്റാവശ്യങ്ങള്‍ക്കുമായി ചെലവിടുകയാണെന്നും അവർ പറയുന്നു.സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൊലീസ് സംരക്ഷണം പുതിയ താമസസ്ഥലത്തും തുടരുന്നുണ്ട്. ഈ പൊലീസുകാരും വീട്ടില്‍ തന്നെയാണ് താമസം.
Post Your Comments