NewsIndia

സിമി പ്രവര്‍ത്തകരുടെ വധം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

ഭോപ്പാല്‍: ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം പ്രഖ്യാപിച്ചത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ്. അന്വേഷണ കമ്മീഷനായി റിട്ട. ജഡ്ജി എസ് കെ പാണ്ഡെയെ നിയമിച്ചു. വിവാദമായി തീര്‍ന്ന ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് നേരത്തെ കോണ്‍ഗ്രസും സിപിഐഎമ്മും ആവശ്യപ്പെട്ടിരുന്നു. സംഭവം സംബന്ധിച്ച് ദുരൂഹതകള്‍ ഏറുന്നതിനിടെയാണ് മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കഴിഞ്ഞ മാസം 31 നാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവു ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി തടവുചാടിയ പ്രതികളെ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. പക്ഷെ ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന രീതിയിലുള്ള തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

തടവു ചാടിയ എട്ടു സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന സംഭവം മുന്‍കൂട്ടി നിശ്ചയിച്ചതാണെന്ന തരത്തിലാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടലില്‍ ഉണ്ടായിരുന്ന പൊലീസുകാരുടെ വയര്‍ലെസ് സന്ദേശങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് പുതിയ നിഗമനം. തടവുചാടിയവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കേണ്ട. എല്ലാവരെയും വെടിവെച്ച് കൊന്ന് കളഞ്ഞേക്കൂ എന്നാണ് വയര്‍ലസ് സന്ദേശത്തിലുള്ളത്.

ഏറ്റുമുട്ടലില്‍ ഉണ്ടായിരുന്ന പൊലീസുകാരും കണ്‍ട്രോള്‍ റൂമും തമ്മിലുള്ള സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു മിനുറ്റും, ഒമ്പത് മിനുറ്റും ദൈര്‍ഘ്യമുള്ള രണ്ട് സന്ദേശങ്ങളാണ് പുറത്തു വന്നത്. തടവു ചാടിയവര്‍ മലമുകളില്‍ നില്‍ക്കുന്നുണ്ടെന്ന് പൊലീസ് സന്ദേശം നല്‍കി. ഉടന്‍ തന്നെ അതിനു മറുപടി ആയി ‘തടവുചാടിയവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കേണ്ട’ എന്ന് വന്നു. എല്ലാവരെയും കൊന്നു കളഞ്ഞേക്ക് എന്നായിരുന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മറുപടി സന്ദേശം. അവര്‍ വെടിവെച്ചാല്‍ തിരിച്ചും വെടി വെയ്ക്കണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

അഞ്ച് സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു എന്നായിരുന്നു അടുത്ത സന്ദേശം. അനുമോദനങ്ങള്‍, ഒരു പ്രശ്‌നവുമില്ല, ഞങ്ങള്‍ സ്ഥലത്തെത്തിക്കൊണ്ടിരിക്കുന്നു എന്നായിരുന്നു ഇതിന് വന്ന മറുപടി. എട്ടു പേരും കൊല്ലപ്പെട്ടു, കളി അവസാനിച്ചു എന്ന സന്ദേശവും ഉടന്‍ തന്നെ വന്നു. തുടര്‍ന്നുള്ള കൈയടിയും ഓഡിയോ ക്ലിപ്പില്‍ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button