തിരുവനന്തപുരം● കഴിഞ്ഞ ഓഗസ്റ്റ് 3 ന് തിരുവനന്തപുരത്ത് നിന്ന് പോയ എമിറേറ്റ്സ് ഇ.കെ 521 വിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ച് കത്തിയമര്‍ന്നത്തിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. അന്ന് ആ ബോയിംഗ് 777-300 വിമാനത്തിലുണ്ടായിരുന്ന 300 ഓളം വരുന്ന യാത്രക്കാരും തലനാരിഴയ്ക്കാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഏതാണ്ട് അതിന് സമാനമായ സംഭവമാണ് കഴിഞ്ഞ ശനിയാഴ്ച അരങ്ങേറിയത്.
കഴിഞ്ഞ 29 ന് വൈകുന്നേരം 5.45 ന് തിരുവനന്തപുരം നിന്ന് അന്താരാഷ്ട്ര ടെര്‍മിനലില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് സാങ്കേതിക തകാരാറിനെ തുടര്‍ന്ന് ഭീതി വിതച്ചത്. ജീവനക്കാരടക്കം 179 പേരാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് (ഐ.എക്സ് -539) ബോയിംഗ് 737-800 വിമാനത്തില്‍ ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് നിന്ന് പറന്നുയര്‍ന്ന വിമാനം 200 നോട്ടിക്കല്‍ മൈല്‍ പിന്നിട്ട് കൊച്ചിയ്ക്ക് സമീപം കടലിന് മുകളിലൂടെ പറക്കുമ്പോഴാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുന്നത്. ഓട്ടോപൈലറ്റ് സംവിധാനത്തിനായിരുന്നു തകരാര്‍ കണ്ടെത്തിയത്. തകരാർ കണ്ടെത്തിയ സമയത്ത് നാലുമണിക്കൂറോളം യാത്ര അവശേഷിക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരത്തെ എൻജിനിയറിംഗ് വിഭാഗം വിമാനത്തിന്റെ സാങ്കേതിക പരിശോധനയിൽ വീഴ്‌ചവരുത്തിയതായാണ് ഇതിന് കാരണമായതെന്നാണ് സംശയം.
തകരാര്‍ മനസിലാക്കിയ പൈലറ്റ് തിരുവനന്തപുരം എയര്‍ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് മടങ്ങി വരാന്‍ അനുമതി തേടുകയായിരുന്നു. തുടര്‍ന്ന് വിമാനം തിരുവനന്തപുരത്തേക്ക് തിരികെ പറന്നു. എന്നാല്‍ വിമാനത്തില്‍ ദുബായ് വരെ പറക്കാനുള്ള ഇന്ധനം ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് ഇറക്കുന്നത് വന്‍ ദുരന്തത്തിന് വഴിവയ്ക്കുമെന്നതിനാല്‍ തിരുവനന്തപുരത്ത് കടലിന് മുകളില്‍ വട്ടമിട്ട് പറക്കാനായിരുന്നു പൈലറ്റിന് ലഭിച്ച നിര്‍ദ്ദേശം. ഇതിനായി കടലിനു മുകളിൽ 70മുതൽ 80വരെ നോട്ടിക്കൽ മൈൽ ദൂരത്ത് വിമാനത്തിന് പറക്കാനായി പ്രത്യേക വ്യോമപാതയും സജ്ജമാക്കി. തിരക്കുകുറഞ്ഞ വ്യോമമേഖലയിലൂടെ 1മണിക്കൂറും 53 മിനിട്ടും വട്ടമിട്ട് പറന്ന് ഇന്ധനം ഏതാണ്ട് കത്തിച്ചു കളഞ്ഞശേഷമാണ് വിമാനത്തിന് ലാൻഡിംഗിന് അനുമതി നൽകിയത്. ഈ സമയം എയർട്രാഫിക് കൺട്രോൾ തിരുവനന്തപുരത്തിനു മുകളിലൂടെയുള്ള വ്യോമ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ സമയമത്രയും ആശങ്കയുടെ മുള്‍മുനയിലായിരുന്നു യാത്രക്കാര്‍. എട്ടുമണിയോടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി.
വിമാനത്തിന്റെ ഓട്ടോപൈലറ്റ് സംവിധാനത്തിലെ എലിവേറ്റർ പൊസിഷൻ സെൻസറിനാണ് തകരാറുണ്ടായതെന്ന് പിന്നീട് പരിശോധനയിൽ കണ്ടെത്തി. വിമാനത്തിനെ ഉയര്‍ത്താനും താഴ്ത്താനും സഹായിക്കുന്ന ഈ സെന്‍സറിന്റെ തകരാര്‍ ലാന്‍ഡിംഗിനേയും ബാധിക്കുമായിരുന്നു. വിമാനം പുറപ്പെടും മുന്‍പ് ഇക്കാര്യങ്ങള്‍ പരിശോധിച്ച് തകരാറില്ലെന്ന് ഉറപ്പുവരുത്തിയിരിക്കണം.ഇതിന് അരമണിക്കൂറിലേറെ സമയംവേണം. അന്താരാഷ്ട്ര ചട്ടപ്രകാരം സോഫ്റ്റ്‌വെയര്‍ അടക്കമുള്ളവ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണം. തുടര്‍ന്ന് ഗ്രൗണ്ട് എന്‍ജിനീയര്‍മാര്‍ ഗ്രീന്‍ സിഗ്നല്‍ നല്‍കിയാല്‍ മാത്രമേ വിമാനം റണ്‍വേയിലേക്ക് നീങ്ങാവൂ എന്നാണ് ചട്ടം. ഇതില്‍ വീഴ്ചയുണ്ടായതായാണ് സംശയം.
തിരുവനന്തപുരത്ത് എയര്‍ ഇന്ത്യയ്ക്ക് സ്വന്തമായി ഹാംഗറും എന്‍ജിനീയറിംഗ് യൂണിറ്റുമുണ്ട്. മറ്റു ചില സ്വകാര്യ വിമാനക്കമ്പനികള്‍ക്കും എയര്‍ ഇന്ത്യ എൻജിനിയറിംഗ് സേവനം നൽകുന്നുണ്ട്. എന്നിട്ടും സുരക്ഷാവീഴ്ചയുണ്ടായത് അതീവഗൗരവതരമാണ്.
പറക്കേണ്ട പാതയും ഉയരവും വേഗതയും നല്‍കിയാല്‍ വിമാനം ഓട്ടോമാറ്റിക് ആയി പറക്കുന്ന സംവിധാനമാണ് ഓട്ടോപൈലറ്റ്. വിമാനം നിശ്ചിത ഉയരത്തിലെത്തിക്കഴിഞ്ഞാല്‍ പൈലറ്റ് വിമാനം ഓട്ടോപൈലറ്റ് മോഡിലാക്കുകയാണ് സാധാരണയായി ചെയ്യുക. പിന്നീട് ഇറങ്ങാന്‍ മാത്രമേ പൈലറ്റിന്റെ സേവനം ആവശ്യമായി വരികയുള്ളൂ. സെന്‍സര്‍ സംവിധാനം തകരാറിലായതിനെത്തുടര്‍ന്ന് മാനുവലായാണ് പൈലറ്റ് വിമാനം നിയന്ത്രിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. എമര്‍ജന്‍സി ലാന്‍ഡിംഗ് പ്രഖ്യാപിക്കാത്തത് കൊണ്ടാണ് കേന്ദ്രവ്യോമയാന സുരക്ഷാ വിഭാഗം അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് വിമാനത്താവള ഡയറക്ടർ ജോർജ്ജ്.ജി.തരകൻ പറഞ്ഞു.
സെന്‍സര്‍ തകരാറിലായാല്‍ ഉയര്‍ച്ച താഴ്ചകളില്‍ വിമാനത്തിന് സിഗ്നല്‍ ലഭിക്കാതെ വരും. ദുബായില്‍ കത്തിയമര്‍ന്ന എമിറേറ്റ്സ് വിമാനം റൺവേയുടെ 150അടി ഉയരത്തിലായിരിക്കെ, നാലായിരംഅടി ഉയരത്തിൽനിന്ന് ഇറങ്ങുന്ന വിധത്തിലായിരുന്നു. സോഫ്‌റ്റ്‌വെയർ തകരാറാണ് ഇതിനിടയാക്കിയതെന്നായിരുന്നു പ്രാഥമികനിഗമനം. 50 അടി ഉയരത്തിലെത്തിയപ്പോഴാണ് എമിറേറ്റ്സ് വിമാനം മുകളിലേക്കുയർത്താൻ ശ്രമിച്ചതെന്ന് മറ്റൊരു പൈലറ്റ് മൊഴിനൽകിയിരുന്നു. അപകടത്തില്‍പ്പെട്ട വിമാനം ഏഷ്യയിലും ആഫ്രിക്കയിലുമായി തുടര്‍ച്ചയായി 60 മണിക്കൂര്‍ പറന്നശേഷമാണ് തിരുവനന്തപുരത്ത് വന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Post Your Comments