ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ സപ്തതി വിശേഷങ്ങളുമായി കെ.വി.എസ്.ഹരിദാസ്
ബിജെപി നേതാവ് ഏറ്റുമാനൂർ രാധാകൃഷ്ണന് സപ്തതി. അത് അറിഞ്ഞിരുന്നില്ല. അറിയിച്ചിരുന്നുമില്ല. അന്ന് രാത്രി വൈകി ബിജെപി നേതാവ് പിപി മുകുന്ദനാണ് ഇക്കാര്യമറിയിച്ചത്. പിറ്റേന്നാണ് ഫോണിൽ വിളിച്ചു രാധാകൃഷ്ണനെ ‘വിഷ് ‘ ചെയ്തത്. ഏറ്റുമാനൂർ രാധാകൃഷ്ണന് എഴുപതുവയസായി എന്നത് ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല. എന്നാൽ ആ പരിചയത്തിനും സൗഹൃദത്തിനും ഏതാനും ദശാബ്ദങ്ങളുടെ പഴക്കമുണ്ടല്ലോ എന്നത് മറക്കാനും കഴിയുന്നില്ല.
കുറെ വര്ഷങ്ങളുടെ ഓർമ്മകൾ മനസ്സിലോടിയെത്തുന്നു. ജനസംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായാണ് വികെ രാധാകൃഷ്ണൻ എന്ന ഏറ്റുമാനൂരുകാരൻ എറണാകുളം നഗരത്തിലെത്തുന്നത് . അതിനുമുൻപ് കുറച്ചുകാലം ആർ എസ് എസിന്റെ വിസ്താരകായിരുന്നു. ജനസംഘം സംസ്ഥാനകമ്മിറ്റി ഓഫീസ് സെക്രെട്ടറിയായി അദ്ദേഹം നിയമിക്കപ്പെട്ടു. പി പരമേശ്വർജിയുടെ കാലമാണത്. പരമേശ്വർജിയുടെ തണലിൽ, തലോടലോടെ വളർന്ന കാര്യകർത്താവാണ് രാധാകൃഷ്ണൻ എന്നർഥം. അടിയന്തരാവസ്ഥക്കാലത്തു എറണാകുളം കേന്ദ്രമായി നടന്ന ഒളി പ്രവർത്തനങ്ങളിൽ രാധാകൃഷ്ണനും സജീവം. അവസാനം പോലീസ് വലവീശിയപ്പോൾ, താമസസ്ഥലങ്ങൾ ഒന്നൊന്നായി തിരച്ചിലായപ്പോൾ, തട്ടകമൊന്നുമാറി. ജനസംഘ് പ്രവർത്തകരുമായി ആശയവിനിമയം നടത്താനും മറ്റുമായി അന്ന് ഓടിനടന്നിരുന്നത് കെ രാമൻ പിള്ളസാറായിരുന്നു. അദ്ദേഹത്തിൻറെ സഹായിയായി രാധാകൃഷ്ണൻ കുറെകാര്യങ്ങൾ ചെയ്തിരുന്നു. അങ്ങനെയാണ് രാധാകൃഷ്ണൻ പാലക്കാട്ട് എത്തുന്നത്. അടിയന്തരാവസ്ഥ കഴിയുന്നതുവരെ അവിടെത്തന്നെയായിരുന്നു ആസ്ഥാനം.
1977 ലെ ലോക സഭ തിരഞ്ഞെടുപ്പുകഴിഞ് ജനത പാർട്ടി അധികാരത്തിലെത്തിയപ്പോൾ യുവമോർച്ച ദേശീയതലത്തിൽ രൂപംകൊണ്ടു. ഡോ. സുബ്രമണ്യൻ സ്വാമിയായിരുന്നു അന്ന് അധ്യക്ഷൻ ; ഇന്ന് കേന്ദ്ര മന്ത്രിയായിട്ടുള്ള കൽരാജ് മിശ്ര ജനറൽ സെക്രട്ടറിയും. യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനായി നിയുക്തനായത് പൂർണ്ണ സമയ പ്രവർത്തകനായ രാധാകൃഷ്ണൻ ആണ്. അന്നാണ് വികെ രാധാകൃഷ്ണൻ ഏറ്റുമാനൂർ രാധാകൃഷ്ണനായി മാറുന്നത് . പരമേശ്വർജിയാണ് ഏറ്റുമാനൂർ രാധാകൃഷ്ണണൻ എന്ന് നാമകരണം ചെയ്തത്. അക്കാലത്തു വിദ്യാർത്ഥിരംഗത്തു പ്രവർത്തിച്ചിരുന്നയാളാണ് ഞാൻ. ഒട്ടനവധി വേദികളിൽ ഒന്നിച്ചുകാണാനും പ്രവർത്തിക്കാനും അന്നുമുതൽ കഴിഞ്ഞിട്ടുണ്ട്. പിന്നീട് കേരളത്തിലെ യുവജന പ്രസ്ഥാനങ്ങൾ ലയിപ്പിക്കാനും ഒരു യുവജന സംഘടനാ മതിയെന്ന് തീരുമാനിക്കാനും ജനത പാർട്ടി നേതൃത്വം തയ്യാറായി. വിദ്യാർഥി ജനതയുടെ പ്രസിഡണ്ട് ആയി പാലക്കാട്ടെ ജോൺ ജോണും, യുവജനത പ്രസിഡന്റായി ഏറ്റുമാനൂർ രാധാകൃഷ്ണനും നിയമിതരായി. അതൊരു സംഘര്ഷനിബിഢമായ കാലഘട്ടമായിരുന്നു. പരസ്പരം ഗ്രൂപ്പ് വഴക്കുകൾ, ആക്ഷേപങ്ങൾ . തമ്മിലടിക്കാൻവേണ്ടിയാണോ യോഗങ്ങൾ വിളിക്കുന്നത് എന്നുപോലും തോന്നുന്ന കാലഘട്ടം. അതൊക്കെ താണ്ടാൻ രാധാകൃഷ്ണന് നന്നേ പ്രയാസമായെങ്കിലും, അതൊക്കെ നടന്നു എന്ന് പറയുന്നതാവും ശരി. കാരണം അതൊന്നും മുൻകാലങ്ങളിൽ അനുഭവപ്പെടാത്തവരാണ് ജനസംഘക്കാർ. പിൽക്കാലത്തു ആർ എസ് എസിന്റെ സംസ്ഥാന -ക്ഷേത്രീയ നേതൃത്വത്തിലെത്തിയ എ ആർ മോഹനൻ, ജന്മഭൂമി ജനറൽ മാനേജരായിരുന്ന കെ പ്രേംനാഥ്, ജന്മഭൂമിയുടെ റസിഡന്റ് എഡിറ്റർ കെ കുഞ്ഞിക്കണ്ണൻ, പുത്തൂർമഠം ചന്ദ്രൻ, പൂന്തുറ സോമൻ, ധനലക്ഷ്മി ബാങ്കിൽ ഓഫിസറായിരുന്ന എസ് പത്മനാഭൻ, ഇന്ന് ബിഎംഎസിലുള്ള പാലക്കാട്ടെ എസ് . ദ്വാരരാജ്, ചേർത്തലയിലെ ജി എൻ നായർ, കോട്ടയത്തെ ജി വിജയനാഥ്, കോഴിക്കോട്ടെ സിഎം കൃഷ്ണനുണ്ണി …………… അങിനെ കുറെയേറെ പേരുകൾ ഓർമ്മയിൽ വരുന്നു. അവരെല്ലാം അന്ന് സംസ്ഥാന തലത്തിൽ യുവമോർച്ചയിലും യുവജനതയിലും രാധാകൃഷ്ണനോടൊപ്പം ഉണ്ടായിരുന്നവരാണ്. അക്കാലത്തു യുവനേതാവായിരുന്നുവെങ്കിലും സികെ പത്മനാഭൻ ജനത പാർട്ടിയിലാണ് പ്രവർത്തിച്ചിരുന്നത്. സികെയെപ്പോലെ കണ്ണൂരിലെ എ ദാമോദരനും പി രാഘവനും അന്നുമുണ്ട് ; ജനതാപാർട്ടിയിലായിരുന്നു എന്നുമാത്രം. ഇന്നിപ്പോൾ ‘നാഗാർജുന’യുടെ തലവനായ വിജി ദേവദാസ് നമ്പൂതിരിപ്പാട് എന്ന പിറവം ദേവദാസ് അന്ന് വിദ്യാർഥി ജനതയിലെ നേതാവാണ്. എറണാകുളത്തെ സജീവ സാന്നിധ്യമായിരുന്നു ദേവദാസ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലായിരുന്നു ഞാനെങ്കിലും ഇടക്കാലത്ത് യുവജനതയുടെ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയായി ഞാൻ നിയോഗിക്കപ്പെട്ടിരുന്നു. 1979 കാലഘട്ടത്തിലാണത്. ഏറ്റുമാനൂർ രാധാകൃഷ്ണനാണ് അതിനായി എന്നെ അന്ന് നിയോഗിച്ചത്.
ജനത പാർട്ടിയുടെ അവസാനവും അല്ലെങ്കിൽ പിളർപ്പും മറ്റും കഴിഞ്ഞശേഷം ബിജെപി രൂപീകൃതമായപ്പോൾ ഏറ്റുമാനൂർ യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനായി വീണ്ടും നിയമിതനായി. ബിജെപിയുടെ തുടക്കകാലത്തെ പ്രവർത്തനത്തിൽ അതൊരു വലിയ ഘടകമായിരുന്നു. നിയോജകമണ്ഡലം വരെയെങ്കിലും കമ്മിറ്റികളുണ്ടാക്കാൻ അന്നായി. കുറെയേറെ പ്രക്ഷോഭങ്ങൾ, സമ്മേളനങ്ങൾ. സംഘടന തലത്തിൽ വളരെ മുന്പന്തിയിലൊന്നും ആയിരുന്നില്ലെങ്കിലും പ്രവർത്തനശൈലികൾ കൊണ്ട് ദേശീയതലത്തിൽ പലതുകൊണ്ടും കേരളത്തിലെ യുവമോർച്ച ഘടകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ആദ്യം കൽരാജ് മിശ്രയായിരുന്നു ദേശീയ അധ്യക്ഷൻ; പിന്നീട യുപിയിൽ നിന്നുതന്നെയുള്ള ലോകസഭംഗമായിരുന്ന സത്യദേവ് സിങ് അധ്യക്ഷനായി. സത്യദേവ് സിങ് അനവധി തവണ വിവിധ പരിപാടികൾക്കായി കേരളത്തിലെത്തിയിരുന്നു. ആ കാലഘട്ടത്തിലാണ് രാധാകൃഷ്ണൻ യുവമോർച്ച ദേശീയ ഉപാധ്യക്ഷനായി നിയമിതനാവുന്നത് . ദക്ഷിണേന്ത്യയിൽ നിന്നുള്ള ബിജെപിയുടെ യുവജന നേതാവായി രാധാകൃഷ്ണൻ മാറുന്നതാണ് അതിലൂടെ കണ്ടത്. ആന്ധ്രയിലെ ഇന്ദ്രസേന റെഡ്ഢിയും കർണാടകയിലെ വി ധനഞ്ജയ കുമാറും മറ്റും അന്നുണ്ട്. വെങ്കയ്യ നായിഡുവും മറ്റും പിൽക്കാലത്താണ് ബിജെപി നേതൃനിരയിലെത്തുന്നത്. എന്നാലും ദേശീയ നേതൃനിരയിൽ രാധാകൃഷ്ണനായിരുന്നു ദക്ഷിണേന്ത്യയുടെ പ്രതിനിധി. രാധാകൃഷ്ണൻ ദേശീയ തലത്തിലെത്തിയപ്പോൾ പകരക്കാരനായി കേരളത്തിലെ അധ്യക്ഷനായത് സിഎം കൃഷ്ണനുണ്ണിയാണ്. പിഎസ് ശ്രീധരൻ പിള്ളയും മറ്റും ബിജെപിയിൽ ഭാരവാഹിയായി എത്തുന്നത് ഇക്കാലത്താണ്. ആ സമയത്ത് ഞാൻ വിദ്യാർഥി മോർച്ച സംസ്ഥാന അധ്യക്ഷനാണ്. അതേസമയം തന്നെ യുവമോർച്ചയുടെ ദേശീയ നിർവാഹക സമിതിയിൽ അന്ന് ഞാൻ അംഗമാണ്.
കെ കുഞ്ഞിക്കണ്ണനാണ് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി. അദ്ദേഹം അന്ന് കണ്ണൂരിൽ ജന്മഭൂമി ലേഖകനാണ്.
ബിജെപിയുടെ ആദ്യ കാലഘട്ടം വല്ലാത്ത ഒരു അനുഭവം തന്നെയായിരുന്നു . ഞങ്ങളിൽ പലരും അന്ന് മുഴുവൻ സമയ പ്രവർത്തകരാണ്. പണത്തിനു വലിയ പ്രയാസം. ഭക്ഷണം കഴിക്കാൻ പോലും വിഷമം അനുഭവിക്കുന്ന അവസ്ഥ എന്ന് പറഞ്ഞാൽ കൂടുതലെന്തെങ്കിലും ഉരിയാടാണ്ടല്ലോ. എറണാകുളത്ത് ബിജെപി ഓഫിസിലാണ് താമസം. കയ്യിൽ പൈസയില്ലാത്തപ്പോഴും രാവിലെ കാപ്പിയും ബ്രേക്ക് ഫാസ്റ്റും തരുമായിരുന്ന ടിഡി റോഡിലെ സന്നിധി കെഫിലെ സഹോദരന്മാരെ മറക്കുകവയ്യ. അക്കാലത്ത് കെജി മാരാർജി പറയുമായിരുന്നു: ” പോയി കാപ്പി കുടിക്കും; ഊണിനു ടിഡി റോഡിലെ ചന്ദ്രുസ് കെഫിൽ പോകും. പൈസയുണ്ടെങ്കിൽ കൊടുക്കും; ഇല്ലെങ്കിൽ ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോരും. അവർക്കുമറിയാം …. പൈസയില്ലാഞ്ഞിട്ടാണ് തരാത്തതെന്ന് ; ഉണ്ടെങ്കിൽ കൃത്യമായി കൊടുക്കുമെന്നും അറിയാം. അതുകൊണ്ടു ചോദിക്കില്ല……..”. ഇതുതന്നെയാണ് സത്യാവസ്ഥ; കൂടുതൽ ഞാനെന്തിന്‌പറയണം. നെടുമ്പാശ്ശേരി രവിയും അന്ന് മുഴുവൻ സമയ പ്രവർത്തകനായി എറണാകുളത്തുണ്ട്. അന്ന് ബിജെപി ജില്ലാ ഓർഗനൈസിംഗ് സെക്രെട്ടറിയായിരുന്നു രവി.
അക്കാലത്തു എറണാകുളം എംജി റോഡിലെ ദ്രൗപതി ബിൽഡിങ് ആണ് കേന്ദ്രം. ജനസംഘത്തിന്റെ സംസ്ഥാനകമ്മിറ്റി ഓഫിസ് പ്രവർത്തിച്ചിരുന്നത് കേശവ ഷേണായിയുടെ ആ കെട്ടിടത്തിലാണ്. അടിയന്തരാവസ്ഥക്കാലത്ത് താഴത്തെ നില ഒഴിഞ്ഞു, മുകളിലായി ഓഫിസ്. അവിടെയുള്ള താമസം സ്മരണീയമാണ്. കുറെ പുൽപ്പായകൾ. അതിലാണ് പാർട്ടിയോഗങ്ങൾ. രാത്രി കിടക്കാനും അതുതന്നെ. നിരന്നുപിടിച്ചു കുറേയേറെപ്പേർ. രാത്രിവൈകിയെത്തിയാൽ കിടക്കാൻ പായുണ്ടാവില്ല. ‘ജന്മഭൂമി’യിൽ അന്ന് ജോലിചെയ്തിരുന്നവർ, പുത്തൂർമഠം ചന്ദ്രൻ, എ മാധവൻ തുടങ്ങിയവരും താമസമവിടെയാണ് . അവർ രാത്രിയെത്താൻ വൈകും; അപ്പോൾ പലദിവസങ്ങളിലും കിടക്കുന്നതിന് അന്നത്തെ പത്രം തന്നെ നിലത്തു വിരിക്കേണ്ടിവന്നിട്ടുണ്ട്. രാത്രിയിൽ ഒരു വലിയ സഭതന്നെയാണ് അവിടെ. താമസക്കാരായ ഞങ്ങളൊക്കെയുണ്ട്. രാത്രിയാകുമ്പോൾ കട പൂട്ടിയശേഷം ‘ജയലക്ഷ്മി’യിലെ ഗോവിന്ദനും ജ്യേഷ്ഠൻ നാരായണനുമെത്തും. അതെ ജയലക്ഷ്മി സിൽക്‌സിലെ നാരായണ കമ്മത്തും, എൻ ഗോവിന്ദനും. അവരുടെ കട അന്ന് ക്ലോത് ബസാർ റോഡിലാണ്. താമസം കെ എസ് ആർ ടിസി ബസ് സ്റ്റാൻഡിനു സമീപവും. രാഷ്ട്രീയ ചർച്ചകളിൽ രണ്ടുപേരും സജീവം. നാരായണൻ അന്ന് , ഇന്നും, തെറ്റുകളോട് തീരെ യോജിക്കാനാവാത്ത വ്യക്തിത്വമാണ്; ഗോവിന്ദനാവട്ടെ വിമർശിക്കുമ്പോഴും എന്നും ഒരു ‘പോസിറ്റീവ് ‘ നിലപാട് എടുക്കുന്നയാളും. ഗോവിന്ദൻ എന്റെ സഹപാഠിയാണ്. എത്രയോ ദിവസം അവിടെയുമിവിടെയും നടന്നു വിശന്നുവരുമ്പോൾ ക്ലോത്ബസാർ റോഡിലെ ഭാരത് കെഫിൽ വിളിച്ചുകൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്നിരിക്കുന്നു. എനിക്ക് മാത്രമല്ല, ആ സഹായം പറ്റാത്തവർ അന്നേ കുറവാണ് . ഗോവിന്ദനും നാരായണനും മറ്റും ഓഫീസിൽനിന്ന് പിരിയണമെങ്കിൽ സെക്കൻഡ് ഷോ സിനിമ കഴിയണം. അപ്പോഴേക്ക് ടൗണിലെ തീയറ്ററുകളുടെ പടിക്കൽ “മാതൃഭൂമി’യുടെ ആദ്യ എഡിഷൻ വിൽപ്പനക്കെത്തിയിരിക്കും. അതും വായിച്ചിട്ട് മാത്രമേ രണ്ടു സഹോദരന്മാരും പിരിയൂ; ഞങ്ങളുടെ ഉറക്കമാരംഭിക്കുന്നതും അപ്പോഴാണ്.
അന്നൊക്കെ ബിജെപി ഓഫീസിലെ നായകൻ ഏറ്റുമാനൂർ ആയിരുന്നു. രാധാകൃഷ്ണന്റെ അന്നത്തെ പ്രധാന കമ്പം സിനിമയാണ്. എല്ലാ സിനിമയും കാണും. ഒന്പതുമണി കഴിഞ്ഞാൽ പിന്നെ അദ്ദേഹത്തെ തീയറ്ററിലാണ് കാണുക എന്നതാണ് അന്ന് പൊതുവെ പറയാറുള്ളത്. ഓ രാജഗോപാലും കെജി മാരാർജിയും കെ രാമൻ പിള്ളസാറുമെല്ലാം അത് പറയുന്നത് കേട്ടിട്ടുണ്ട്. ഒരുദിവസം രാത്രി ഓഫിസിൽ രാധാകൃഷ്ണനെ കണ്ടപ്പോൾ ഇന്നെന്താ സിനിമക്ക് പോയില്ലേ എന്ന് ചോദിക്കുന്ന ഓ രാജഗോപാലിനെ ( രാജേട്ടൻ) കണ്ടിട്ടുണ്ട്….. ” എന്തുചെയ്യാനാ…………. സിനിമ ഒന്ന് മാറേണ്ട; പുതിയത് ഒന്നുമില്ല..”. ഇതായിരുന്നു ഏറ്റുമാനൂരിന്റെ മറുപടി. അതായത് എറണാകുളത്തെ എല്ലാ തീയേറ്ററുകളിലെയും സിനിമകൾ മുഴുവൻ കണ്ടിരിക്കുന്നു;പുതിയതൊന്നും വന്നിട്ടുമില്ല . ബുദ്ധിമുട്ടുകൾ അനവധിയുണ്ടായിരുന്നുവെങ്കിലും അതൊന്നും അന്നൊക്കെ സംഘടനാ പ്രവർത്തനത്തിൽ ഒരു പ്രശ്നമേയായിരുന്നില്ല. ആ സംഘടനാ പ്രവർത്തനം അത്രയ്ക്ക് ആസ്വദിച്ചിരുന്നു. അത്ര നല്ല സൗഹൃദം, എല്ലാം പരസ്പരം പങ്കുവെക്കുന്ന ശൈലി. ഇന്ന് പലതും കാണുമ്പൊൾ സങ്കടം തോന്നാറുണ്ട്. അന്നത്തെ കഥകൾ ഞങ്ങൾ പഴമക്കാർ ഇപ്പോഴും, വല്ലപ്പോഴുമാണെങ്കിലും, ഒന്നിക്കുമ്പോൾ പങ്കുവെക്കാറുമുണ്ട്.
അക്കാലത്ത് ഒരു യുവനിര തന്നെ ബിജെപിയിലുണ്ടായിരുന്നു. സികെ പത്മനാഭൻ ആണ് അതിന്റെ നേതാവ് എന്ന് പറയാമെന്ന് തോന്നുന്നു. ഏറ്റുമാനൂർ, വിഎൻ ഉണ്ണി, സിഎം കൃഷ്ണനുണ്ണി, പിന്നെ ഞാൻ ….. ……………. അക്കാലത്തു മൊബൈൽ ഫോണും മറ്റുമില്ലല്ലോ. അന്നൊക്കെ പാർട്ടി സംസ്ഥാനകമ്മിറ്റി യോഗങ്ങൾക്കു കാണുമ്പോഴാണ് ഒത്തുചേരുന്നതും ചർച്ചകൾ, ആശയവിനിമയം, നടത്തുന്നതും. ഒന്നിച്ചു രാത്രി മുഴുവൻ ഇരുന്നു സംസാരിക്കാറുള്ളത് ഓർക്കുന്നു. പരസ്പരം വിഷമങ്ങൾ പങ്കുവെക്കാനുള്ള അവസരവുമായിരുന്നു അത്. പാർട്ടിയുടെ പരിപാടികൾ തുടങ്ങിയവ സംബന്ധിച്ച് സമൂലമായ ചർച്ചകൾ അന്ന് നടത്തിയിരുന്നു. അവിടെ ഉയർന്നുവന്നിരുന്ന അഭിപ്രായങ്ങൾ പാർട്ടിവേദികളിൽ ഉന്നയിക്കുകയുമുണ്ടായിട്ടുണ്ട്. അതൊന്നും അന്ന് നേതൃനിരയിൽ ഉണ്ടായിരുന്നവരെ പലപ്പോഴും സന്തോഷിപ്പിച്ചിരുന്നില്ല എന്നതും പറയാതെ വയ്യ. കാര്യങ്ങൾ തുറന്നുപറയുന്നത് പലർക്കും ഇഷ്ടമാവാറില്ലല്ലോ. അതിലേക്കൊക്കെ ഇപ്പോൾ കടക്കുന്നില്ല, വിഷയം അതൊന്നുമല്ലല്ലോ. എന്നാൽ അന്നുനടന്നിരുന്ന ആ അഭിപ്രായ രൂപീകരണം യുവമോർച്ചയുടെയും വിദ്യാർഥി മോർച്ചയുടെയും പ്രവർത്തനത്തിലും പരിപാടികളിലുമൊക്കെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഏറെ സഹായകരമായിട്ടുണ്ട്.
ഏറ്റുമാനൂർ രാധാകൃഷ്ണൻ ഒരർഥത്തിൽ പ്രസ്ഥാനത്തിനായി നിയോഗിതമായ ജീവിതത്തിന് ഉടമയാണ്. ഏറ്റുമാനൂർ ടൗണിലെ അദ്ദേഹത്തിൻറെ പഴയ വീട്ടിൽ എത്രയോ തവണ പോയിരിക്കുന്നു. എത്രയോ തവണ ആ ‘അമ്മ വിളമ്പിത്തന്ന കഞ്ഞിയും കപ്പയുമൊക്കെ കഴിച്ചിരിക്കുന്നു. അദ്ദേഹം എന്റെ വസതിയിലും എത്രയോ തവണ എത്തിയിരിക്കുന്നു. ഏതാണ്ട് അമ്പതു വർഷത്തിലേറെക്കാലം ഒരു പ്രസ്ഥാനത്തിനായി നീക്കിവെച്ച വ്യക്തിത്വം. വിവാഹജീവിതമൊന്നും അവരെല്ലാം ഒരുകാലത്തും ആഗ്രഹിച്ചിരുന്നില്ല; പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഇടക്കാലത്ത് , വളരെ വൈകി എന്ന് പറയാമെന്നു തോന്നുന്നു, വിവാഹിതനായി. സികെ പത്മനാഭനാണ് ആദ്യം വിവാഹം കഴിച്ചത്; പിന്നാലെ രാധാകൃഷ്ണനും.
Post Your Comments