Kerala

പച്ചക്കറിച്ചന്തകള്‍ വിഷച്ചന്തകളാകുന്നു : കറിവേപ്പിലയ്ക്കും മല്ലിയിലയ്ക്കും പച്ചമുളകിനുമൊപ്പം വാങ്ങുന്നത് മരണത്തേയും

കൊച്ചി ● മലയാളിയുടെ തീൻ മേശയിലെന്നും രുചിയും മണവും പങ്കുവെക്കുന്നതിൽ പ്രധാനി കറിവേപ്പില തന്നെ. ധാന്യങ്ങൾക്കെന്ന പോലെ പച്ചക്കറിക്ക് വേണ്ടിയും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തിയ മലയാളി ഹരിതസുന്ദരമായ കേരളത്തിൽ ഒരു കറിവേപ്പിൻ തൈ പോലും നടാൻ മറന്നിരിക്കുന്നു. എങ്കിലും മലയാളിയുടെ രുചിക്കൂട്ടിൽ കറിവേപ്പിലയ്ക്കും പച്ചമുളകിനും പൊതിനയിലയ്ക്കുമൊന്നും ഒരു കുറവുമില്ല.ഇവയ്ക്കു പുറമെ മല്ലിയിലയും ക്യാപ്സിക്കവുമൊക്കെ മലയാളിക്ക് ഒഴിച്ചുകൂടാനാവാത്തതായി മാറിയിരിക്കുന്നു. ഇവയൊക്കെയും മലയാളിക്ക് നല്‍കുന്നതാകട്ടെ അയൽ സംസ്ഥാനക്കാരും. അന്യ സംസ്ഥാനത്തു നിന്നെത്തുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും മാരകമായ വിഷാംശങ്ങൾ അടങ്ങിയിരി ക്കുന്നതായി പലതവണ പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട് . കേരളത്തിന്റെ വീട്ടുമുറ്റങ്ങളിലും തൊടികളിലും അലങ്കാര സസ്യങ്ങളും പൂച്ചെടികളും മാത്രമാകുമ്പോൾ പച്ചക്കറികൾക്കായി വീണ്ടും അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു . ചൊവ്വാഴ്ച്ച പുറത്തു വന്ന ഏറ്റവും പുതിയ പരിശോധന ഫലം അനുസരിച്ച് അന്യസംസ്ഥാന പച്ചക്കറികളിൽ നിരോധിക്കപ്പെട്ട പല കീടനാശിനികളുടെയും അംശം അടങ്ങിയിട്ടുണ്ട് .ജൂലൈ മുതൽ സെപ്റ്റംബർ വരെ ശേഖരിച്ച പച്ചക്കറി സാമ്പിളുകളിൽ നടത്തിയ പരിശോധനയുടെ ഫലമാണ് സർക്കാർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

കൃഷിവകുപ്പും കാർഷിക സർവ്വകലാശാലയും സംയുക്തമായി ചേർന്നാണ് പഠനം നടത്തിയിരിക്കുന്നത് . നിരോധിച്ചതും ഉഗ്രവിഷ വിഭാഗത്തിൽ പ്പെടുന്നതുമായ പ്രൊഫെനഫോസ് ,ട്രയെസോഫോസ് എന്നീ കീടനാശിനികളാണ് പച്ചക്കറികളിൽ നിന്ന് കണ്ടെത്തിയത് .കറിവേപ്പിലയുടെ ആറു സാമ്പിളുകളിലാണ് പ്രൊഫെനഫോസ് കണ്ടെത്തിയത് .മല്ലിയിലയുടെ രണ്ടു സാമ്പിളുകളിലും പ്രൊഫെനഫോസ് അടങ്ങിയിരുന്നു.ഇതിനു പുറമെ ബീൻസ്, പച്ചമുളക് ,കോവയ്ക്ക , പുതിനയില,മാമ്പഴം എന്നിവയിലും പ്രൊഫെനഫോസിന്റെ അംശം കണ്ടെത്തി. ക്യാപ്സിക്കത്തിൽ ഡൈ മെത്തോയേറ്റും സെലറി,പാലക് ചീര എന്നിവയിൽ ഫെന്വാലേറ്റും അടങ്ങിയിട്ടുള്ളതായി പരിശോധനയിൽ കണ്ടെത്തി . പച്ചമുളകിലും ട്രയെസോഫോസ് അടങ്ങിയിട്ടുണ്ട് .കറിവേപ്പിലയിൽ ഉഗ്രവിഷ വിഭാഗത്തിൽപ്പെടുന്നവ കൂടാതെ നിയന്ത്രിത വിഭാഗത്തിലുള്ള ക്ളോർ പൈറിഫോസ് , സൈപെർമെത്രിൻ എന്നിവയും അടങ്ങിയിട്ടുള്ളതായി പരിശോധനാ ഫലം പറയുന്നു .പച്ചക്കറികളിൽ ഉപയോഗിച്ചിരിക്കുന്ന ഇത്തരം വസ്തുക്കളിൽ പലതും ക്യാൻസർ ,ബ്രെയിൻ ട്യൂമർ പോലെയുള്ള മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നവയാണ്. പല ജില്ലകളിലെയും പച്ചക്കറി കടകൾ,സൂപ്പർ ഹൈപ്പർ മാർക്കെറ്റുകൾ ,ചന്തകൾ , തിരുവനന്തപുരം ,ആലപ്പുഴ നഗരങ്ങളിലെ എക്കോ ഷോപ്പുകൾ എന്നിവയിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. എന്നാൽ എക്കോ ഷോപ്പുകളിൽ നിന്നും ശേഖരിച്ച പച്ചക്കറികളിൽ ഒന്നിൽ പോലും വിഷാംശം കണ്ടെത്താൻ കഴിഞ്ഞില്ല. എന്തായാലും വിഭവ സമൃദ്ധമായി വിഷം കഴിക്കുന്ന അവസ്ഥയാണ് മലയാളികൾക്ക് ഇപ്പോൾ .

shortlink

Related Articles

Post Your Comments

Related Articles


Back to top button