കൊച്ചി● സംസ്ഥാനത്ത് ചെറിയ വാഹനങ്ങള്‍ക്കും ഇന്ന് മുതല്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കി. കേന്ദ്ര നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍വാഹന വകുപ്പ് വേഗപ്പൂട്ട് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. 2016 ഏപ്രില്‍ ഒന്നുമുതല്‍ നിയമം നടപ്പാക്കണമെന്നായിരുന്നു കേന്ദ്രനിര്‍ദേശം. എന്നാല്‍, മോട്ടോര്‍ വാഹനവകുപ്പ് നേരത്തെ ഇറക്കിയ നിര്‍ദ്ദേശത്തിന് മേല്‍ കോടതി സ്റ്റേ നിലനിന്നിരുന്നതിനാല്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്റ്റേയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് നിയമം കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഒരുങ്ങുന്നത്.
പുതിയ നിയമം അനുസരിച്ച് പത്ത് സീറ്റിന് മുകളിലുള്ള പാസ്സഞ്ചര്‍ വാഹനങ്ങള്‍ക്കും 3,500 കിലോയില്‍ കൂടുതലുള്ള ചരക്കുവാഹനങ്ങള്‍ക്കും ഇനിമുതല്‍ വേഗപ്പൂട്ട് നിര്‍ബന്ധമാണ്. വേഗപ്പൂട്ട് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് രജിസ്ട്രഷനോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ നല്‍കില്ല. 2015 ഒക്ടോബര്‍ ഒന്നിനുശേഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇത്തരം വാഹനള്‍ക്കും വേഗപ്പൂട്ട് നിര്‍ബന്ധമാണ്.
ബസുകള്‍, സ്‌കൂള്‍ ബസുകള്‍, ടിപ്പറുകള്‍ ഉള്‍പ്പെടെയുള്ള വലിയവാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു.
അതേസമയം, ചെറിയ വാഹനങ്ങള്‍ക്കും വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയതിനെതിരെ വാഹന ഉടമകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Post Your Comments