NewsInternational

സുഹായ് എയര്‍ഷോയില്‍ തങ്ങളുടെ പുതിയ സൃഷ്ടി അവതരിപ്പിച്ച് ലോകത്തെ ഞെട്ടിച്ച് ചൈന

ലോകത്തെ ഞെട്ടിപ്പിച്ചു കൊണ്ട്‌ ചൈനയുടെ രഹസ്യ യുദ്ധവിമാനം ഔദ്യോഗികമായി പറന്നു. കഴിഞ്ഞ 20 വർഷമായി പ്രതിരോധ മേഖലയിലെ സാങ്കേതിക വിദഗ്ധരെല്ലാം ചർച്ച ചെയ്തിരുന്നതും പ്രതീക്ഷിച്ചിരുന്നതുമായ ജെ-20 എന്ന അഞ്ചാം തലമുറ പോർവിമാനമാനാമാണ് സുഹായ് എയർഷോയിലൂടെ ലോകത്തിനു മുന്നിൽ അവതിരിപ്പിച്ചത്.

അത്യാധുനിക ടെക്നോളജിയുടെ സഹായത്തോടെ നിർമിച്ച വിമാനത്തിന്റെ ഫീച്ചറുകൾ ഇപ്പോഴും രഹസ്യമാണ്. വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്ന ടെക്നോളജി സാങ്കേതിക വിദഗ്ധർക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയുമെന്നതിനാൽ പൊതുപ്രദര്‍ശനം ഒഴിവാക്കിയിരിക്കുവാണ്. ഇതിനാൽ പൊതുജനങ്ങൾക്കോ മാധ്യമങ്ങൾക്കോ ജെ–20 നേരിട്ടു സന്ദര്‍ശിക്കാൻ അവസരം നൽകിയിട്ടില്ല.
1990 ലാണ് ജെ–20യുടെ നിർമാണം തുടങ്ങുന്നത്. അമേരിക്കയുടെ ലോക്ക്ഹീഡ് മാർട്ടിൻ എഫ്–22 പോർവിമാനത്തോടു ഏറെ സാമ്യമുള്ളതാണ് ചൈനയുടെ ജെ–20 അഞ്ചാം തലമുറ യുദ്ധവിമാനം .

റഡാറുകളുടെ കണ്ണിൽപ്പെടാതെ പറക്കാൻ കഴിയുന്ന ജെ–20 ചൈനയുമായി അതിർത്തി പങ്കിടുന്ന ഇന്ത്യക്ക് വൻ ഭീക്ഷണിയാണ് ഉയർത്തുന്നത്. ഇന്ത്യ–ചൈന അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ നിരീക്ഷണത്തിനായി ജെ–20 ഉപയോഗിച്ചേക്കുമെന്നാണ് കരുതുന്നത്. അതിർത്തികടന്നു ഇന്ത്യയുടെ പരിധിയിലൂടെ പറന്നാൽ പോലും ജെ–20 റഡാറിൽ കാണാനാകില്ല. ജെ–20 വിമാനം നേരത്തെ തന്നെ ഇന്ത്യന്‍ അതിർത്തിയിൽ കണ്ടതായി വാർത്തകൾ പുറത്തു വന്നിരുന്നു.

ഇന്ത്യൻ അതിർത്തി പ്രദേശമായ അരുണാചൽ പ്രദേശിനോട് ചേർന്നുള്ള ടിബറ്റിലെ ദാവോ ചെങ്ങിലാണ് ജെ–20 യുദ്ധവിമാനം ഇറങ്ങിയത്. രഹസ്യമായി ഇറങ്ങിയ വിമാനം മറച്ചുവെച്ച നിലയിലുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളമാണ് ഇത്. 1400 അടി ഉയരത്തിലാണ് ദവോചെങ് യാര്‍ഡ്ലിങ് സ്ഥിതിചെയ്യുന്നത്. അതിർത്തി മേഖലകളിൽ ഇന്ത്യ സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈല്‍ സ്ഥാപിക്കുന്നതിനെതിരെയാണ് ഇത്തരമൊരു നീക്കം ചൈന നടത്തിയത്.

ചൈനീസ് അതിർത്തിയിലെ സുരക്ഷ ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ വ്യോമതാവളം തുടങ്ങുകയും അത്യാധുനിക പോർവിമാനം സുഖോയ് പറന്നിറങ്ങുകയും ചെയ്തു. ഇന്ത്യ സൂപ്പര്‍സോണിക് മിസൈല്‍ ബ്രഹ്മോസ് വിന്യസിച്ചത് ഭീഷണിയാണെന്നും ഇത് ചൈനയെ ലക്ഷ്യമിട്ടുള്ളതാണെന്നും ചൈനീസ് മാധ്യമങ്ങൾ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ഈ നീക്കങ്ങളെ പ്രതിരോധിക്കാൻ ജെ–20 അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണ പറക്കൽ നടത്തുമെന്നാണ് കരുതുന്നത്.

ചൈനയുടെ ആയുധ ഇടപാടുകാരായ പാക്കിസ്ഥാന് ജെ–20യുടെ മറ്റൊരു വാരിയന്റ് ഭാവിയിൽ നിർമിച്ചു നൽകിയേക്കും. പാക്കിസ്ഥാൻ നേരത്തെ തന്നെ അഞ്ചാം തലമുറ യുദ്ധവിമാനം നിർമിക്കാൻ നീക്കം നടത്തുന്നുണ്ട്. ചൈനയുടെ സഹായം ലഭിച്ചാൽ പാക്കിസ്ഥാനും വൈകാതെ അഞ്ചാം തലമുറ പോർവിമാനം നിര്‍മിക്കാനാണ് സാദ്ധ്യത.

ഏറ്റവും കുറഞ്ഞ ചെലവിൽ നിർമ്മിച്ച ജെ–20യിൽ ശത്രുക്കളെ കണ്ണുവെട്ടിച്ച് മുന്നോട്ടു നീങ്ങാനായി ചാരനിറമാണ് ഉപയോഗിച്ചിരിക്കുന്നത്. അതേ സമയം ജെ -20 യിൽ ഉപയോഗിക്കുന്ന ആയുധങ്ങളെപ്പറ്റിയുള്ള വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ലാ. രണ്ടു എൻജിനുകളുള്ള ജെ–20 യുടെ വേഗം മണിക്കൂറിൽ 2,100 കിലോമീറ്ററാണ്. ദീർഘദൂര എയർ ടു എയർ മിസൈൽ ആക്രമണത്തിനു പുതിയ ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ചൈനയുടെ ജെ–20 അമേരിക്കയുടെ എഫ്–22, എഫ്–35 വിമാനങ്ങളോട് ഏറെ സാദൃശ്യമുണ്ടെന്ന്‍ നിരീക്ഷകർ ആരോപിക്കുന്നു .

shortlink

Post Your Comments


Back to top button