തിരുവനന്തപുരം: പ്രതി സക്കീര്‍ ഹുസൈന് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നത് സിപിഎമ്മാണെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യമില്ലാ കുറ്റംചുമത്തി കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും കളമശേരി ഏരിയാ സെക്രട്ടറി വി.എ.സക്കീര്‍ ഹുസൈനെ സിപിഎം സംരക്ഷിക്കുകയാണ്.
ഇതില്‍ കാടിയേരി ബാലകൃഷ്ണന്റേയും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിന്റേയും പങ്ക് അന്വേഷിക്കണം. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ എന്താണ് നടക്കുന്നതെന്ന് കൂടി ചിന്തിക്കണം. 13 ക്രിമിനല്‍ കേസുകളിലെ പ്രതിയായ സക്കീര്‍ ഹുസൈനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് ഒരാഴ്ചകഴിഞ്ഞിട്ടും പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.
സിപിഎം സക്കീര്‍ ഹുസൈനെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും വി മുരളീധരന്‍ ആരോപിക്കുന്നു. സ്വന്തം സര്‍ക്കാര്‍ ജാമ്യമില്ലാ വകുപ്പു ചുമത്തി സക്കീര്‍ ഹുസൈനെതിരെ കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും ഇയാളെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കണമെന്നു തീരുമാനിക്കാന്‍പോലും സിപിഎം എറണാകുളം ജില്ലാ കമ്മറ്റിക്കു കഴിഞ്ഞിട്ടില്ല.
ഈ വിഷയം ജില്ലാ കമ്മറ്റി ചര്‍ച്ച ചെയ്തപ്പോള്‍ സക്കീര്‍ ഹുസൈനെ ഇപ്പോള്‍ പുറത്താക്കേണ്ട എന്ന തീരുമാനത്തിലാണു ജില്ലാ നേതൃത്വം എത്തിച്ചേര്‍ന്നത്. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയത് ഉള്‍പ്പെടെ ഒട്ടേറെ ഗുരുതരമായ കേസുകള്‍ ഉണ്ടായിരുന്നിട്ടും ഇയാളെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കാന്‍ സിപിഎമ്മിനു കഴിയാത്തത് ഇയാള്‍ക്ക് സിപിഎമ്മിന്റെ സംസ്ഥാന നേതാക്കള്‍ക്കുമേല്‍ വലിയ സ്വാധീനമുണ്ട് എന്നതിനു തെളിവാണെന്നും അദ്ദേഹം പറയുന്നു.
Post Your Comments