അഞ്ജു പ്രഭീഷ്
സോഷ്യല്‍ മീഡിയയില്‍ മനോരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണോ ? താരരാജാക്കന്മാരുടെ പേരിലെ തമ്മില്‍ത്തല്ലും പോര്‍വിളിയും കഴിഞ്ഞപ്പോള്‍ അതാവരുന്നു ഫെമിനിസത്തിന്റെ പേരിലെ കാട്ടി കൂട്ടലുകളും പരസ്യമായ വിഴുപ്പലക്കലുകളും ഫേക്കന്മാരുടെ തെറി വിളികളും …ഇതിനിടയ്ക്ക് ലൈവ് ഷോകളിലൂടെയും ചിലര്‍ ലൈക്കും കമന്റും വാരിക്കൂട്ടുകയും ചെയ്തു ..ഇന്ന് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് സ്വയം ഫോക്കസ് ചെയ്യാന്‍ ഒരൊറ്റ പോസ്റ്റ് മാത്രം മതി ..അതിലൂടെ ഫോളോവേര്‍സ് നമ്മെ തേടിയെത്തുന്നു.ഒരൊറ്റ പോസ്റ്റിലൂടെ പ്രശസ്തരായവരാണ് സോഷ്യല്‍മീഡിയയിലെ മഹാരഥന്മാരില്‍ ഏറെ പേരും…ചിലര്‍ അര്‍ത്ഥവത്തായ പോസ്റ്റുകളിലൂടെ പ്രശസ്തിയുടെ പടവുകള്‍ ഒന്നൊന്നായി കയറി പോകുമ്പോള്‍ മറ്റു ചിലരാകട്ടെ നെറികെട്ട പോസ്റ്റുകളിലൂടെ കുപ്രസിദ്ധിക്കായി വലവിരിക്കുന്നു..മറ്റുള്ളവരുടെ മാനാഭിമാനങ്ങള്‍ക്ക് തുലോം വിലകല്‍പ്പിക്കാതെ എന്തും പോസ്റ്റ് ചെയ്തു നാലാളുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടി തരംതാണ പണിക്കു പോകുന്ന മാനസിക രോഗികള്‍ സോഷ്യല്‍ മീഡിയയില്‍ അനുദിനം പെരുകുകയാണ് ..സ്വന്തം സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് പോലും അനാവശ്യമായി ഇടപെടലുകള്‍ നടത്തുന്ന ഇത്തരം നെറികെട്ട ജന്മങ്ങളെ എന്ത് പേരിട്ടാണ് നമ്മള്‍ വിളിക്കേണ്ടത് ?
പറഞ്ഞു വന്നത് ഇന്നലെ സമൂഹ മാധ്യമങ്ങളിലൂടെ വൈറല്‍ ആയ ഒരു പെണ്‍കുട്ടിയുടെ വിവാഹ ചിത്രത്തെക്കുറിച്ചാണ് ..”പ്രബുദ്ധ”മലയാളിയുടെ അപക്വ മായ മാനസികവ്യാപാരം വിളിച്ചോതുന്ന എണ്ണമറ്റ ഉദാഹരണങ്ങളില്‍ ഒന്നായിരുന്നു ഇന്നലെ മുതല്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഒരു പാവം പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ .. ഒരു ചലച്ചിത്രതാരത്തിന്റെ മകള്‍ എന്ന ലേബല്‍ കൂടി കിട്ടിയപ്പോള്‍ ആ ചിത്രങ്ങള്‍ വൈറല്‍ ആവാന്‍ പിന്നെ ഒട്ടും അമാന്തിച്ചില്ല . എവിടെയോയുള്ള മാനസിക വൈകൃതത്തിന്റെ അവസാനത്തെ അവസ്ഥാന്തരങ്ങളില്‍ കൂടി കടന്നു പോകുന്ന ഏതോ ഒരു പിതൃശൂന്യന്റെ പ്രശസ്തനാവാനുള്ള കുതന്ത്രം മാത്രമായിരുന്നു ആ പോസ്റ്റ് ..അല്ലെങ്കിലും ചിലര്‍ അങ്ങനെയാണ്.ഉള്ളിലെ അപകര്‍ഷതാബോധം മറയ്ക്കാന്‍ വേണ്ടി മറ്റുള്ളവരുടെ ജീവിതങ്ങളിലേക്ക് എത്തിനോക്കും ..മഞ്ഞപിത്തം ബാധിച്ച കണ്ണുകളിലൂടെ കാണുന്നത് മൊത്തം മഞ്ഞയായിരിക്കും ..സ്വന്തം ഭാര്യയുടെ അവിഹിതം കാണാന്‍ കണ്ണില്ലാത്തവന്‍ ഒളിഞ്ഞു നോക്കുന്നത് അപ്പുറത്തെ വീട്ടിലെ കിടപ്പുമുറിയിലേക്കായിരിക്കും ..സ്വന്തം പേര് നാലാള്‍ അറിയാന്‍ വേണ്ടി ഏതറ്റം വരെയും താഴും..ഈ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച ആ ‘മാന്യന്‍” ലാക്കാക്കിയത് കുപ്രസിദ്ധിയിലൂടെയെങ്കിലും സ്വന്തം വാളില്‍ നാലാള്‍ കയറികൂടണം എന്ന് തന്നെയായിരുന്നു..ഇത്തരക്കാരോട് നമുക്ക് ചെയ്യാവുന്നത് ഒരൊറ്റ കാര്യം മാത്രമേ ഉള്ളൂ -“അവഗണന മാത്രം ‘.ഏതു ലക്‌ഷ്യം കണ്ടു കൊണ്ടാണോ അവന്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം വച്ച് കളിച്ചത് ,അവളെ അപഹാസ്യത്തിന്റെ പടുകുഴിയില്‍ തള്ളിയിട്ടത്,അതേ നാണയത്തില്‍ അവനു മറുപടി കൊടുക്കേണ്ടത് അവന്റെ വാളില്‍ കയറി തെറി വിളിച്ചതുകൊണ്ടോ ആ പോസ്റ്റിനു കമന്റുകള്‍ നല്കിയോ അല്ല ,മറിച്ച് മാസ് റിപ്പോര്‍ട്ടിംഗ് നടത്തി ആ പ്രൊഫൈല്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചുക്കൊണ്ടാണ് .അല്ലെങ്കില്‍ നെഗറ്റീവ് പബ്ലിസിറ്റിക്കായി കാട്ടിക്കൂട്ടുന്ന ഇത്തരം ലീലാവിലാസങ്ങള്‍ ഇവറ്റകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും..പൊങ്കാല പ്രതീക്ഷിക്കുന്ന ഇത്തരം ഞരമ്പുകള്‍ക്ക് കൊടുക്കേണ്ട ഉചിതമായ മറുപടി അവഗണന മാത്രമാണ് .അല്ലെങ്കില്‍ത്തന്നെ പൊങ്കാല നല്‍കാന്‍ മാത്രം ഇവനൊക്കെ ആരാണ് ???
ഇനി ബഹുമാന്യനായ ശ്രീ ഹരിശ്രീ അശോകനോട് ഒരു വാക്ക്..നിങ്ങളിലെ കലാകാരനെ അങ്ങേയറ്റം സ്നേഹിക്കുന്നുണ്ട് ഓരോ മലയാളിയും .അതിന്റെ ഏറ്റവും വലിയ തെളിവാണ് ട്രോളുകളിലെ ഒഴിവാക്കാനാവാത്ത “രമണന്‍’ എന്ന നിത്യഹരിത കഥാപാത്രം .അങ്ങയുടെ മകളുടെ വിവാഹചിത്രമെന്ന രീതിയില്‍ ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടപ്പോള്‍ അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി കൊണ്ട് അങ്ങൊരു പോസ്റ്റും കുടുംബ ചിത്രവും ഇട്ടു..പക്ഷേ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കലാകാരന്‍ എന്ന നിലയില്‍ ഈ കൊള്ളരുതായ്മയ്ക്കെതിരെ ഒരു വാക്ക് കൂടി നിങ്ങള്‍ എഴുതിയിരുന്നെങ്കില്‍ നിങ്ങളിലെ കലാകാരനെ കുറേകൂടി ആരാധിച്ചേനെ ഞങ്ങള്‍ സാധാരണക്കാര്‍ ..സാംസ്കാരിക നായകര്‍ക്കും കലാകാരന്മാര്‍ക്കും സമൂഹത്തില്‍ വളരെ വലിയൊരു അളവില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ കെല്‍പ്പുണ്ട്..നിങ്ങളുടെ പ്രതികരണം സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്ക് കാതലായ സംഭാവനകള്‍ നല്കാറുണ്ട് എപ്പോഴും..അതുകൊണ്ടാണല്ലോ അക്ഷരങ്ങളിലൂടെ വലിയൊരു വിപ്ലവം നടത്താന്‍ ശ്രീ വയലാറിനും ഭാസ്കരന്‍ മാഷിനും ഓ എന്‍ വി കുറുപ്പിനും സുഗതകുമാരിക്കും ഒക്കെ കഴിഞ്ഞത് …ഇവിടെ അശോകന്‍ എന്ന ജനകീയ കലാകാരന്‍ എന്താണ് ചെയ്തത് ?ആ ചിത്രങ്ങള്‍ സ്വന്തം മകളുടെതല്ലയെന്നു വരുത്തിതീര്‍ക്കാന്‍ തത്രപ്പാട് കാട്ടിയ ആദ്ദേഹം ഒരര്‍ത്ഥത്തില്‍ ആ പെണ്‍കുട്ടിയോട് നീതികേട് അല്ലേ കാട്ടിയത് ?സ്വന്തം കുടുംബ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ആ ചിത്രങ്ങളും തനിക്കുമായി യാതൊരു ബന്ധവുമില്ലെന്നു പറയാതെ പറഞ്ഞു അദ്ദേഹം അങ്ങനെയെങ്കില്‍ പ്രചരിക്കപ്പെട്ട ചിത്രത്തിലെ താങ്കളുടെയും ഭാര്യയുടെയും സാനിധ്യത്തെ കുറിച്ച് പറയാന്‍ അങ്ങ് ബാധ്യസ്ഥനായിരുന്നില്ലേ ??അങ്ങയുടെ മകളെ പോലെ തന്നെ ആ പെണ്‍കുട്ടിയും ആരുടെയോ ഒരു മകളല്ലേ ??വൈറല്‍ ആയ ഈ ചിത്രങ്ങളിലെ അപഹാസ്യം കണ്ടു വേദനിക്കുന്ന ഒരച്ഛനും അമ്മയും അവള്‍ക്കും കാണില്ലേ ??നിങ്ങളുടെ മകളെ പോലെ തന്നെ അവള്‍ക്കും ഉണ്ടാകില്ലേ മാനാഭിമാനങ്ങള്‍? നിങ്ങളുടെ ഒരു പ്രതികരണം മാത്രം മതിയാകുമായിരുന്നു കാണാമറയത്തുള്ള ആ പെണ്‍കുട്ടിക്ക് അഭിമാനത്തിനൊപ്പം തന്റേടത്തോടെ ഈ അവഹേളനങ്ങളെ അതിജീവിക്കുവാന്‍ ….താങ്കള്‍ അത് ചെയ്തില്ല ..ഒരുപക്ഷേ അങ്ങേയ്ക്ക് അതിനു അതിന്റേതായ ന്യായീകരണങ്ങള്‍ ഉണ്ടാവാം…ആ ന്യായീകരണങ്ങള്‍ അങ്ങയുടെ വശത്ത് നിന്നും നോക്കുമ്പോള്‍ ശരിയുമായിരിക്കാം ..പക്ഷേ ഹരിശ്രീ അശോകനെന്ന ഞങ്ങളുടെ “രമണനെ”അത്രയേറെ സ്നേഹിച്ചുപോയ എന്നെപോലുള്ള ആരാധകരില്‍ ചിലരെങ്കിലും അങ്ങയില്‍ നിന്നും ശക്തമായ ഒരു താക്കീത് പ്രതീക്ഷിച്ചിരുന്നു …
കാണാമറയത്ത് എവിടെയോ ഉള്ള സുന്ദരിയായ പെണ്‍കുട്ടി ,നിന്റെ ചിത്രങ്ങള്‍ ഞാനും കണ്ടിരുന്നു .ഓരോ ചിത്രത്തിലും തെളിവായി നിറഞ്ഞുനില്‍ക്കുന്നത് നിന്റെ മനോഹരമായ പുഞ്ചിരിയാണ് ..ഇത്രയേറെ തെളിമയോടെ ചിരിക്കാന്‍ നല്ല ഹൃദയമുള്ളവര്‍ക്കേ കഴിയൂ ..നിനക്കൊപ്പം അഭിമാനത്തോടെ തലയുര്‍ത്തി ചിരിച്ചുനില്‍ക്കുന്ന നിന്റെ പുരുഷന്റെ ഓരോ ഭാവങ്ങളും വിളിച്ചു പറയുന്നുണ്ട് നിന്നെ പോലോരുവളെ കിട്ടിയ അദ്ദേഹം എത്രയോ ഭാഗ്യവാന്‍ ആണെന്ന് ..അപഹാസ്യത്തിന്റെ പുഴുക്കുത്തുകള്‍ വന്നുവീഴുന്നത് നിന്റെ മേലെയല്ല .മറിച്ച് നിന്റെ സന്തോഷത്തെ കേവലം ലൈക്കിനും കമന്റിനും അതുവഴി കിട്ടുന്ന മൂന്നാംകിട ചീപ്പ് പബ്ലിസിറ്റിക്കുമായി വിനിയോഗിച്ച ആ നെറികെട്ട ജന്തുവിന് മേലെയാണ് .ഒരുപക്ഷേ അവനൊന്നും നല്ലൊരു വിവാഹജീവിതം ലഭിച്ചുകാണില്ലായിരിക്കാം..അതുമല്ലെങ്കില്‍ ഉള്ളിലെ അടക്കിപിടിച്ച അപകര്‍ഷതാബോധം നുരപൊട്ടി കുത്തിയൊലിച്ചതാവാം.അതുമല്ലെങ്കില്‍ സ്വന്തം കുടുംബത്തിലെ നെറികെട്ട അവസ്ഥകളോടുള്ള പ്രതിഷേധമാവാം .. പ്രിയ സോദരി -ഇവിടെ നിനക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല..നിന്റെ സ്ത്രീത്വത്തെ അപമാനിക്കാന്‍ തുനിഞ്ഞ അവനെ വെറുതെ വിടരുത് ..മനനഷ്ടത്തിനുള്ള കേസ് അവനെതിരെ ഫയല്‍ ചെയ്യണം .ഇനിയൊരു പെണ്ണിനു നേരെയും അവന്റെ സ്ത്രീവിരുദ്ധത കുരുപൊട്ടി ഒലിക്കരുത്..ഒരുപക്ഷെ നീയും അറിഞ്ഞു കാണും ഈയടുത്ത ദിവസങ്ങളില്‍ മഹാരാഷ്ട്രയിലെ പ്രേമലതയെന്ന സ്ത്രീയുടെ ശാരീരികവൈകല്യത്തെ മനസ്സിലാക്കാതെ അവരുടെ പണം എണ്ണുന്ന ജോലിയെ കളിയാക്കി ചെയ്ത ഒരുവന്റെ പോസ്റ്റ്..ആ പോസ്റ്റ് ഇട്ട പടുജന്മത്തിനു അവരിലെ മാനസികക്ഷമതയെ കുറിച്ചും ഇച്ഛാശക്തിയെ ക്കുറിച്ചും അറിവില്ലാതെ പോയി .ഇന്ന് പ്രേമലതയുടെ ജീവിതം എത്രയോപേര്‍ക്ക് പ്രചോദനമാണ് അതുപോലെതന്നെയാണ് നീയും …നിന്റെ പുഞ്ചിരിയില്‍ ഉതിര്‍ന്നുനില്‍ക്കുന്ന ആത്മവിശ്വാസം ഓരോ പെണ്‍കുട്ടിക്കും വലിയൊരു പാഠമാണ് …നീ ഇനിയും ഇതേ പോലെ ചിരിക്കുക ..ഇതേ പോലെ ചിത്രങ്ങള്‍ക്ക് മിഴിവേകുക …നിന്റെ സൗന്ദര്യം ആസ്വദിക്കേണ്ടതും കാണേണ്ടതും നിന്നെ സ്നേഹിക്കുന്നവരാണ്..നിന്റെ പ്രിയപ്പെട്ടവനാണ് .നിന്റെ കുറവുകള്‍ സഹിക്കേണ്ടതും അവരാണ് .അല്ലാതെ കണ്ട പുറമ്പോക്കിലെ മാനസിക രോഗികള്‍ അല്ല ..അത്തരം മാനസിക ഊളകള്‍ക്കുള്ള മറുപടി കാലം കരുതി വയ്ക്കും …ഒരൊറ്റ തുള്ളി ആസിഡ് കൊണ്ട് തീരാവുന്നതേയുള്ളൂ ഇവനൊക്കെ അഹങ്കാരത്തോടെ മിനുക്കി വച്ചിരിക്കുന്ന വെളുപ്പിന്റെ ആ അഴുക്കുപാത്രം …
Post Your Comments