NewsIndia

സിമി ഭീകരരുടെ കൊലപാതകം; വ്യാജ ഏറ്റുമുട്ടലെന്ന് ആരോപിച്ച്‌ കോൺഗ്രസും ആം ആദ്മിയും

 

ഭോപ്പാൽ :സിമി ഭീകരരുടെ കൊലപാതകത്തിൽ സംശയം പ്രകടിപ്പിച്ച് ആം ആദ്മിയും കോൺഗ്രസ്സും.ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗാര്‍ഡിനെ കൊലപ്പെടുത്തി തടവ് ചാടിയ സിമി പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചതിനാലാണ് അവരെ വെടിവെക്കേണ്ടി വന്നതെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗിന്റെ വെളിപ്പെടുത്തലിനെതിരെ ആയിരുന്നു ഇവരുടെ പ്രസ്താവനകൾ.

‘അവര്‍ ജയില്‍ ചാടിയതാണോ അതോമുന്‍കുട്ടി തയാറാക്കിയ പദ്ധതിപ്രകാരം അവരെ പോകാന്‍ അനുവദിച്ചതാണോ’ എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് ട്വീറ്റ് ചെയ്തു. ഇതേക്കുറിച്ച്‌ അന്വേഷിക്കണമെന്നും ദിഗ്വിജയ് സിങ് ആവശ്യപ്പെട്ടു.ജയില്‍ ചാടിയ എല്ലാവരും ഒരേസ്ഥലത്ത് വച്ച്‌ കൊല്ലപ്പെട്ടത് എങ്ങനെയാണെന്ന് ആം ആദ്മി പാര്‍ട്ടി എംഎ‍ല്‍എ അല്‍ക്ക ലാംബ ചോദിച്ചു. ജയില്‍പുള്ളികള്‍ രക്ഷപെട്ടത് എങ്ങനെയാണ് എന്നതിനെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥും ആവശ്യപ്പെട്ടു.

രക്ഷപെട്ട സിമി തടവുകാരുടെ കയ്യില്‍ ആയുധമുണ്ടായിരുന്നെന്നും അതുകൊണ്ട് തന്നെ മണിക്കൂറുകള്‍ക്കകം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നെന്നായിരുന്നു മധ്യപ്രദേശ് പൊലീസ് വ്യക്തമാക്കിയിരുന്നത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതിരുന്ന അവസരത്തിലാണ് വെടിവച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു.സുരക്ഷാ ഗാര്‍ഡിനെ കഴുത്തറുത്തുകൊണ്ടായിരുന്നു എട്ടു പേര്‍ രക്ഷപ്പെട്ടത്.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വിചാരണ തടവുകാരായ എട്ട് പ്രതികള്‍ ജയില്‍ ചാടിയത്. ഭോപ്പാലിന്റെ അതിര്‍ത്തി ഗ്രാമമായ എയിന്‍ത്കെടിയില്‍ വച്ചാണ് പൊലീസും ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലില്‍ ഇവരെ കൊല്ലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button