കോഴിക്കോട്: ചേവായൂര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മയ്ക്കും മക്കള്‍ക്കും ക്രൂരമര്‍ദ്ദനം. ചില്ലറയില്ലാത്തതിന്റെ പേരില്‍ ബസില്‍നിന്ന് ഇറക്കിവിട്ടത് പരാതിപ്പെടാന്‍ ചെന്ന സ്ത്രീയെയും രണ്ടു മക്കളെയും നാട്ടുകാരനെയുമാണ് ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദനത്തിനിരയാക്കിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേവായൂര്‍ പറക്കുളം വലിയപറമ്പിൽ പരേതനായ മോഹനന്റെ ഭാര്യ പുഷ്പ (52), മക്കളായ പ്രിന്റു (28), മനുപ്രസാദ് (25), പ്രിന്റുവിന്റെ സുഹൃത്ത് അല്‍ഫാസ് (28) എന്നിവര്‍ക്കാണ് പോലീസുകാരില്‍നിന്ന് ദുരനുഭവമുണ്ടായത്.
ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ കോഴിക്കോട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് പരിസരത്താണ് സംഭവം. പാറോപ്പടിയിലെ സ്വകാര്യ കേറ്ററിങ് സെന്ററില്‍ ജോലിചെയ്യുന്ന പുഷ്പ ജോലി കഴിഞ്ഞ് ബസില്‍ മടങ്ങുന്നതിനിടെ ചില്ലറയില്ലാത്തതിന്റെ പേരില്‍ ബസ് കണ്ടക്ടര്‍ അപമാനിക്കുകയും തുടര്‍ന്ന് വഴിയിലിറക്കിവിടുകയായിരുന്നു.
തുടർന്ന് പരാതി നല്‍കാനെത്തിയ ഇവരെ സ്വകാര്യ ബസ്സുകാരുടെ പക്ഷം ചേര്‍ന്ന് എസ്‌ഐ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലിസ് മര്‍ദ്ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പോലിസ് സ്റ്റേഷനിലെത്തിയ മകന് മനുപ്രസാദ്, ബന്ധു പ്രിന്റു, മകന്റെ സുഹൃത്ത് അഫ്ലഹ് എന്നിവരെയും പോലിസ് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. പോലിസ് സ്റ്റേഷന്‍ കോമ്പൗണ്ട് മുതല്‍ സ്റ്റേഷന്‍ വരെ പുഷ്പയേയും മക്കളെയും തല്ലുകയും വലിച്ചിഴച്ചതായും നാട്ടുകാരും പറയുന്നു.
മര്‍ദ്ദനത്തില്‍ പുഷ്പ ബോധരഹിതയായതിനെ തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പരാതിക്കാര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരെ മര്‍ദ്ദിച്ചതായാണ് എസ്‌ഐയുടെ ആരോപണം. പോലീസിന്റെ ക്രൂരതയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ ചേവായൂര്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
Post Your Comments