തൃശൂര്‍: ഉത്സവങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തിനെതിരെ പ്രതികരണവുമായി സംസ്ഥാനതലത്തില്‍ ഉത്സവ സംഘാടകസമിതികളെ ഏകോപിപ്പിച്ച് സംഘടന രൂപീകരിക്കും. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പൂരമടക്കമുള്ള ഉത്സവങ്ങളില്‍ ആനകള്‍ക്കും, വെടിക്കെട്ടിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ തൃശ്ശൂര്‍ ചേലക്കരയില്‍ ചേർന്ന യോഗത്തില്‍ തീരുമാനമായി. അതേസമയം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യോഗം ചേരും.
തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ ഉത്സവസംഘാടക സമിതികളെ ഏകോപിപ്പിച്ച് ചേലക്കരയിലായിരുന്നു യോഗം ചേര്‍ന്നത്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചാല്‍ ഉത്സവങ്ങള്‍ ചടങ്ങായി മാറുമോ എന്ന ആശങ്കയില്‍ പ്രതീകാത്മക ദീപാവലിയാഘോഷിച്ചായിരുന്നു പ്രതിഷേധയോഗം. ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും നിയന്ത്രിച്ചാല്‍ ഉത്സവങ്ങളില്ലെന്ന് യോഗം ഉദ്ഘാടനം ചെയ്ത് നടന്‍ ജയരാജ് വാര്യര്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ മണ്ടന്‍ തീരുമാനങ്ങളാണ് ഇതെന്നും ആരോപണമുണ്ട്.
സംസ്ഥാനതലത്തില്‍ ഉത്സവസംഘാടക സമിതികളുടെ യോഗം സംഘടിപ്പിച്ച് സംഘടന രൂപീകരിക്കാന്‍ യോഗത്തില്‍ ധാരണയായി. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരു ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് അയക്കും. അതേസമയം നവംബര്‍ 1ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ഉത്സവ നടത്തിപ്പിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുന്നുണ്ട്.
Post Your Comments