തിരുവനന്തപുരം: ടോം ജോസിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ്ളാറ്റുകളില്‍ വിജിലന്‍സ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് നടത്തിയത്. റെയ്ഡില്‍ കണ്ടെടുത്ത രേഖകള്‍ വിജിലന്‍സ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വിജിലന്‍സ് എറണാകുളം സ്‌പെഷല്‍സെല്‍ എസ് പി വി എന്‍ ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് രേഖകള്‍ പരിശോധിക്കുന്നത്. അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് തോമസ് ജോസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സാധ്യതയുണ്ട്.
വിജിലൻസിനു ടോം ജോസും, സുഹൃത്ത് അനിത ജോസും തമ്മിലുള്ള നിരവധി സാമ്പത്തിക ഇടപാടുകളുടെ നിര്‍ണായക രേഖകള്‍ ലഭിച്ചു. അനിത ജോസുമായി നിരന്തരസാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതിൽ പലതും ദുരൂഹമാണെന്നാണ് വിജിലന്‍സ് നല്‍കുന്ന സൂചന. കൊച്ചിയിലെ ഫ്‌ളാറ്റിന്റെ ഉടമസ്ഥാവകാശത്തിലും അനിതയ്ക്ക് പങ്കാളിത്തം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
അനിത ജോസാണ് മഹാരാഷ്ട്രയിലെ ഭൂമി ഇടപാടില്‍ സാമ്പത്തികസഹായം നല്‍കിയതെന്ന് ടോം ജോസ് നേരത്തെ സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. അനിത അമേരിക്കയില്‍ സ്ഥിരതാമസക്കാരിയാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ടോം ജോസിന്റെ അമേരിക്കന്‍ യാത്രകളും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.
തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ റെയ്‌ഡുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റെയ്‌ഡിലെ കണ്ടെത്തലുകള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തിങ്കളാഴ്ച ചീഫ് സെക്രട്ടറിക്കും സര്‍ക്കാരിനും നല്‍കും. ഇതേത്തുടര്‍ന്നാകും ഇക്കാര്യത്തില്‍ ടോം ജോസിനെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക.
Post Your Comments